*_സായാഹ്ന വാർത്തകൾ_*```2023 | ജൂലൈ 12 | ബുധൻ |

◾മൂവാറ്റുപുഴയില്‍ പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയതു ഭീകര പ്രവര്‍ത്തനമാണെന്നും കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരാണെന്നും എന്‍ഐഎ കോടതി. സജില്‍, പോപ്പുലര്‍ഫ്രണ്ട് നേതാവ് എം കെ നാസര്‍, നജീബ്, നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയൂബ് എന്നിവരാണു കുറ്റക്കാര്‍. ഷഫീക്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നീ അഞ്ചു പ്രതികളെ വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ നാളെ പ്രസ്താവിക്കും. ഇവരുടെ ജാമ്യം റദ്ദാക്കി കാക്കനാട് ജയിലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു. ഒന്നാം പ്രതി അശമന്നൂര്‍ സവാദ് ഇപ്പോഴും ഒളിവിലാണ്.

◾തന്നെ ആക്രമിച്ചവരും വിചാരണ നേരിട്ടവരും വെറും ആയുധങ്ങള്‍ മാത്രമാണെന്നും കൈവെട്ടാന്‍ തീരുമാനമെടുത്തവര്‍ കാണാമറയത്താണെന്നും കൈവെട്ടിന് ഇരയായ പ്രൊഫ. ടി ജെ ജോസഫ്. പ്രതികള്‍ ശിക്ഷിക്കപ്പെട്ടാല്‍ ഇരയ്ക്കു നീതി കിട്ടിയെന്ന വിശ്വാസം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ഏക സിവില്‍ കോഡ്, ലീഗ് ബന്ധം തുടങ്ങിയവയില്‍ കൂടിയാലോചന ഇല്ലാത്തതില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക് അതൃപ്തി. സിപിഎം ഒറ്റയ്ക്കു തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുന്നോട്ടു പോകുകയാണെന്നു സിപിഐ നേതാക്കള്‍ക്കിയിലും അഭിപ്രായമുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കാന്‍ കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് അവസാനമായി എല്‍ഡിഎഫ് യോഗം ചേര്‍ന്നത്.

◾സിപിഎം സംഘടിപ്പിക്കുന്ന ഏക സിവില്‍ കോഡിനെതിരായ സെമിനാറിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതില്‍ സിപിഐയ്ക്ക് എതിര്‍പ്പുണ്ടെന്നു ചിലര്‍ നുണപ്രചാരണം നടത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുന്നണിയില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. സിപിഐ നേതാക്കളും സെമിനാറില്‍ പങ്കെടുക്കും. മറ്റൊരു മുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന മുസ്ലിം ലീഗ് പങ്കെടുക്കാത്തതു സ്വാഭാവികമാണെന്നും ഗോവിന്ദന്‍.  

◾സിപിഎം ശനിയാഴ്ച കോഴിക്കോട്ടു നടത്തുന്ന ഏക സിവില്‍ കോഡ് സെമിനാറില്‍ സിപിഐയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കില്ല. ഇ.കെ. വിജയന്‍ എംഎല്‍എയാണു സിപിഐ പ്രതിനിധിയായി പങ്കെടുക്കുക. മുതിര്‍ന്ന നേതാക്കളെല്ലാം സി.പി.ഐയുടെ ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്കു പോകും.  

◾കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. നീലേശ്വരം ക്യാമ്പസില്‍ അസോസിയേറ്റ് പ്രഫസറായാണു നിയമനം. പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. 

◾വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റു കേസിലെ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ സമര്‍പ്പിച്ച വ്യാജരേഖ അഗളി പൊലീസ് കണ്ടെടുത്തു. ഗൂഗിളിന്റെ സഹായത്തോടെ പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് വ്യാജരേഖയുടെ പ്രിന്റ് കണ്ടെടുത്തത്. കഫേ ഉടമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

◾എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പിനു സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ശശിധരന്‍ കമ്മീഷനു രണ്ടു മാസത്തേക്കു ഹൈക്കോടതി സ്റ്റേ. സര്‍ക്കാരിനോടു കോടതി വിശദീകരണം തേടി. ആര്‍ വിനോദ്കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

◾ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയ്ക്ക് സംവരണത്തിന് ആര്‍ഹതയില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. രാജയുടെ പൂര്‍വീകര്‍ 1950 ന് ശേഷമാണ് കേരളത്തിലേക്ക് എത്തിയത്. 1976 വരെ രാജയുടെ മാതാപിതാക്കള്‍ക്ക് കേരളത്തില്‍ സ്വന്തമായി സ്ഥലമോ മേല്‍വിലാസമോ ഇല്ലായിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ സംവരണ അനൂകൂല്യത്തിന് അര്‍ഹനല്ലെന്നാണ് കുമാറിന്റെ വാദം.

◾ഏക സിവില്‍ കോഡ് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും വര്‍ഗ്ഗീയ ധ്രുവീകരണവും സൃഷ്ടിക്കുമെന്നു മുസ്ലിം ലീഗ് നിയമ കമ്മീഷനു കത്തു നല്‍കി. ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുമെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ലീഗ് കുറ്റപ്പെടുത്തി.

◾സിപിഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ്. കോടതിയില്‍ കെട്ടിവച്ച ജാമ്യത്തുക വെട്ടിച്ചെന്നാണു തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പരാതി. ഒരു സമരത്തില്‍ അറസ്റ്റിലായ പാര്‍ട്ടി പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാന്‍ പിരിച്ചെടുത്ത എട്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണു പരാതി. കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിനാല്‍ തിരികേ ലഭിച്ച ജാമ്യത്തുക പാര്‍ട്ടിക്ക് നല്‍കാതെ വെട്ടിച്ചെന്നാണ് മുന്‍ ഏരിയാ കമ്മിറ്റി അംഗത്തിന്റെ പരാതി.

◾തെരുവുനായ വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, സംസ്ഥാന ബാലാവകാശ കമ്മീഷന്‍ എന്നിവരുടെ ഹര്‍ജികള്‍ സുപ്രീം കോടതി അടുത്ത മാസം പതിനാറിലേക്കു മാറ്റി. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്നും തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നും കണ്ണൂര്‍ജില്ലാ പഞ്ചായത്തിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുമ്പോള്‍ മൃഗസ്നേഹികളുടെയും അഭിഭാഷകരുടെയും വലിയ നിരയുണ്ടായിരുന്നു.

◾മംഗലാപുരത്തുനിന്ന് രാമേശ്വരത്തേക്കു പുതിയ ട്രെയിന്‍ ആനുവദിക്കണമെന്നും തിരുവനന്തപുരത്തുനിന്ന് മധുരയിലേക്കുള്ള അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടണമെന്നും സെക്കന്തരാബാദില്‍ ചേര്‍ന്ന റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി റെയില്‍വേ ബോര്‍ഡിനോടു ശുപാര്‍ശ ചെയ്തു. യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്കു നീട്ടാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

◾പാലക്കാട് മംഗലം ഡാമിനടുത്ത് കരിങ്കയത്ത് സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു. ഓട്ടോയുടെ ഡ്രൈവര്‍ വക്കാല സ്വദേശിനി വിജിഷ (35) ആണ് മരിച്ചത്.

◾ഡെങ്കിപ്പനി ബാധിച്ച് ചേര്‍ത്തലയില്‍ എട്ടു വയസുകാരി മരിച്ചു. മരുത്തോര്‍വട്ടം ശ്രീവരാഗത്തില്‍ ലാപ്പള്ളിമഠം മനോജ്, രാഗിണി ദമ്പതിമാരുടെ മകള്‍ സാരംഗിയാണു മരിച്ചത്.

◾മുക്കുപണ്ടം പണയംവച്ച് ഏഴു ലക്ഷം രൂപ തട്ടിയ രണ്ടു പേര്‍ തിരുവനന്തപുരം വിഴിഞ്ഞത്ത് അറസ്റ്റിലായി. തിരുവല്ലം ആലുകാട് സാദിക് (28) അമ്പലത്തറ കുമരി ചന്തയ്ക്ക് സമീപം യാസീന്‍ (27 ) എന്നിവരാണ് അറസ്റ്റിലായത്. വെങ്ങാനൂരിലെ സൂര്യ ഫിനാന്‍സ് എന്ന സ്ഥാപനത്തിലാണ് പണയംവച്ച് പണം കൈക്കലാക്കിയത്.

◾കോഴിക്കോട് നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കുനേരെ കൈയേറ്റം. ഡോ. ഭരത് കൃഷ്ണക്കുനേരെ അതിക്രമം നടത്തിയ പ്രതികളെ പോലീസ് തെരയുന്നു. വയനാട് സ്വദേശികളാണെന്നാണ് സംശയം.

◾ഇടപ്പള്ളി മരോട്ടിച്ചാല്‍ താല്‍ റെസ്റ്റോറന്റില്‍ പരസ്യമായി മദ്യപിച്ചതു ചോദ്യം ചെയ്തതിനു ഹോട്ടലില്‍ അക്രമം നടത്തിയ വിദ്യാര്‍ത്ഥികളില്‍ മൂന്നു പേരെ പോലീസ് പിടികൂടി. ഹോട്ടല്‍ ജീവനക്കാരെ അക്രമിക്കുകയും ഹോട്ടലിലെ ഭക്ഷണത്തില്‍ മണ്ണു വാരിയിടുകയും ചെയ്തു. കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായില്‍, മുഹമ്മദ് എന്നിവരാണു പിടിയിലായത്.

◾കോയമ്പത്തൂരില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. കൊല്ലം നീണ്ടകര സ്വദേശിനി ആന്‍ഫി എന്ന പത്തൊമ്പതുകാരി മരിച്ചതില്‍ കൂടെ താമസിക്കുന്ന മലയാളി വിദ്യാര്‍ത്ഥിനികള്‍ക്കു പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

◾ജി 20 ഉച്ചകോടി അടക്കമുള്ളവയുടെ രഹസ്യ വിവരങ്ങള്‍ പാകിസ്ഥാനിലേതെന്നു സംശയിക്കുന്ന നമ്പറിലേക്കു കൈമാറിയ ധനകാര്യ വകുപ്പിലെ കരാര്‍ ജീവനക്കാരന്‍ പിടിയില്‍. ഗാസിയാബാദിലെ ഭീം നഗര്‍ സ്വദേശി നവീന്‍ പാല്‍ എന്ന 27 കാരനാണ് അറസ്റ്റിലായത്.

◾ഇന്ത്യന്‍ സായുധ സേനകളുടെ ആദ്യത്തെ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് (ഐ.ടി.സി) പ്രഖ്യാപനം അടുത്ത മാസം നടന്നേക്കും. സേനാ വിഭാഗങ്ങള്‍ക്കിടയിലെ ഏകോപനത്തിന് ഇതു സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ആദ്യ ഇന്റഗ്രേറ്റഡ് തീയറ്റര്‍ കമാന്‍ഡ് സംബന്ധിച്ച പ്രഖ്യാപനം 77-ാം സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 ന് ഉണ്ടാകുമെന്നാണു സൂചന. ആദ്യ ഘട്ടത്തില്‍ ജയ്പൂര്‍ ആസ്ഥാനമായുള്ള സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിനെയാണ് ആദ്യ തീയറ്റര്‍ കമാന്‍ഡായി പ്രഖ്യാപിക്കുക.  

◾ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിറകേ, ഒദ്യോഗിക വസതി ഒഴിഞ്ഞ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് താമസിച്ചിരുന്ന നിസാമുദീന്‍ ഈസ്റ്റിലെ ബി രണ്ട് വസതിയിലേക്കു മാറും. ജന്‍പഥിലെ സോണിയാഗാന്ധിയുടെ വസതിയിലാണു രാഹുല്‍ താമസിക്കുന്നത്. ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് മറ്റൊരു വീട്ടിലേക്കു മാറിയാണ് വീട് രാഹുലിനായി വിട്ടുകൊടുത്തത്.

◾തമിഴ് നടന്‍ വിജയ്ക്ക് പിഴ. വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയ വിജയിന്റെ കാര്‍ രണ്ടിലധികം സ്ഥലത്ത് സിഗ്നല്‍ ലംഘിച്ചതിനാണ് 500 രൂപ പിഴ ചുമത്തിയത്.

◾പൊട്ടുതൊട്ട് സ്‌കൂളിലെത്തിയതിന് അധ്യാപിക ശിക്ഷിച്ചതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ സെന്റ് സേവ്യേഴ്സ് സ്‌കൂളിലെ ഉഷാകുമാരി എന്ന പതിനാറുകാരിയാണ് ജീവനൊടുക്കിയത്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

◾ഡല്‍ഹിയില്‍ റോഡരില്‍ വെട്ടിമുറിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം. ഈസ്റ്റ് ഡല്‍ഹിയില്‍ ഗീത കോളനി ഫ്ളൈ ഓവറിനു സമീപമാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്.

◾ടെന്നീസ് ഇതിഹാസം നൊവാക്ക് ജോക്കോവിച്ച് 2023 വിംബിള്‍ഡണിന്റെ സെമി ഫൈനലിലെത്തി. ക്വാര്‍ട്ടറില്‍ ലോക ഏഴാം നമ്പര്‍ താരമായ ആന്ദ്രെ റുബലേവിനെ തകര്‍ത്താണ് സെര്‍ബിയയുടെ ജോക്കോവിച്ച് സെമിയിലെത്തിയത്. സെമിയില്‍ ഇറ്റലിയുടെ ലോക എട്ടാം നമ്പര്‍ താരം യാന്നിക്ക് സിന്നറാണ് ജോക്കോവിച്ചിന്റെ എതിരാളി.

◾പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ഇനി ശതകോടീശ്വര പട്ടികയില്‍ ഉണ്ടാകില്ലെന്ന് ഫോബ്‌സ് റിപ്പോര്‍ട്ട്. 100 കോടി ഡോളര്‍ (ഏകദേശം 8,000 കോടി രൂപ) ആസ്തിയുള്ളവരെയാണ് ശതകോടീശ്വരന്‍മാരായി കണക്കാക്കുക. 2022 ഒക്ടോബറില്‍ ഫോബ്‌സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയില്‍ 28,800 കോടി രൂപയുടെ ആസ്തിയുമായി 54-ാം സ്ഥാനത്തായിരുന്നു ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും. അധികം താമസിയാതെ പട്ടികയില്‍ 35-ാം സ്ഥാനത്തുള്ള പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയെ മറികടന്ന് ബൈജൂസ് മുന്നേറുമെന്നായിരുന്നു അന്ന് പ്രവചനങ്ങള്‍. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ബൈജൂസില്‍ ഇപ്പോള്‍ ബൈജു രവീന്ദ്രന് 18 ശതമാനം ഓഹരികളാണുള്ളത്. നിലവിലെ മൂല്യം വച്ച് കണക്കാക്കിയാല്‍ ഇത് 100 കോടി ഡോളറില്‍ താഴെയാണ്. കഴിഞ്ഞ വര്‍ഷം എടുത്തിട്ടുള്ള വായ്പകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ബൈജു രവീന്ദ്രന്റെ ആകെ ആസ്തി 47.5 കോടി ഡോളറായി(ഏകദേശം 4,000 കോടി രൂപ) കുറയും. ഇതോടെ കോടീശ്വര പദവി നഷ്ടമാകും. 2020 ല്‍ ആദ്യമായി ഫോബ്‌സ് ലോകശതകോടീശ്വര പട്ടികയില്‍ സ്ഥാനം പിടിക്കുമ്പോള്‍ 180 കോടി ഡോളര്‍ (14,000 കോടി രൂപ) ആസ്തിയുണ്ടായിരുന്നതാണ്. അന്ന് ബൈജൂസിന്റെ മൂല്യം 1,000 കോടി ഡോളറായിരുന്നു (82,000 കോടി രൂപ). ഏറ്റവുമൊടുവില്‍ നെതര്‍ലന്‍ഡ്സ് ആസ്ഥാനമായ പ്രോസസ് ബൈജൂസിലെ 9.6% ഓഹരികളുടെ മൂല്യം 49.3 കോടി ഡോളര്‍ ആയി താഴ്ത്തിയതോടെയാണ് ബൈജൂസിന്റെ മൂല്യം 510 കോടി ഡോളറായി(ഏകദേശം 42,000 കോടി രൂപ) കുറഞ്ഞത്. 77 ശതമാനത്തിന്റെ ഇടിവാണ് മൂല്യത്തിലുണ്ടായത്. അതിവേഗത്തിലുള്ള വളര്‍ച്ചയാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു.

◾വെബ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. സാധാരണയായി വാട്സ്ആപ്പ് വെബ് വേര്‍ഷനില്‍ ലോഗിന്‍ ചെയ്യാനായി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാറാണ് പതിവ്. എന്നാല്‍, വളരെ എളുപ്പത്തില്‍ മൊബൈല്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് പരീക്ഷിക്കുന്നത്. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയാത്ത അവസരത്തില്‍ ഉപയോഗപ്രദമാകുന്ന തരത്തിലാണ് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനുള്ള ഫീച്ചര്‍ വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ലിങ്ക്ഡ് ഡിവൈസ് മെനുവില്‍ നിന്നും ഈ ഫീച്ചര്‍ തിരഞ്ഞെടുത്ത ശേഷം, മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വെബ് അക്കൗണ്ടുമായി ലിങ്ക് ചെയ്യാവുന്നതാണ്. ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം. ലാപ്ടോപ്പ്/ഡെസ്‌ക്ടോപ്പ് എന്നിവയില്‍ വാട്സ്ആപ്പ് വെബ് തുറക്കുക. ക്യുആര്‍ കോഡിന് താഴെ കാണുന്ന ലിങ്ക് വിത്ത് ഫോണ്‍ നമ്പര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തുക. തൊട്ടുമുകളിലെ ത്രീ ഡോട്ട്സ് ഐക്കണില്‍ ടാപ്പ് ചെയ്തശേഷം ലിങ്ക്ഡ് ഡിവൈസ് ക്ലിക്ക് ചെയ്യുക. ലിങ്ക്ഡ് ഡിവൈസ് ടാപ്പ് ചെയ്തശേഷം ലിങ്ക് വിത്ത് ഫോണ്‍ നമ്പര്‍ തിരഞ്ഞെടുക്കുക. ബ്രൗസര്‍ സ്‌ക്രീനില്‍ കാണുന്ന 8 അക്കമുള്ള കോഡ് നല്‍കി ഓപ്പണ്‍ ചെയ്യാവുന്നതാണ്.

◾കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'പദ്മിനി'യിലെ രണ്ടാമത്തെ ഗാനമായ 'ആല്‍മര കാക്ക' റിലീസ് ചെയ്തു. മനു മന്‍ജിത്തിന്റെ വരികളുടെ സംഗീത സംവിധാനം ജേക്ക്സ് ബിജോയിയാണ്. അഖില്‍ ജെ ചന്ദ് ആലപിച്ച ഗാനം 'സരിഗമ മലയാളം' എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യഗാനം 'ലവ് യു മുത്തേ...' ഓണ്‍ലൈനില്‍ പ്രേക്ഷക പ്രീതി നേടിയിരുന്നു. സെന്ന ഹെഗ്‌ഡേ സംവിധാനം നിര്‍വ്വഹിച്ച ചിത്രം ജൂലൈ 14 മുതല്‍ തീയറ്ററുകളിലെത്തും. ദീപു പ്രദീപിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഇതാദ്യമായി ആണ് ചാക്കോച്ചന്‍ ഒരു ചിത്രത്തിന് വേണ്ടി പാട്ട് പാടുന്നത് എന്ന പ്രത്യേകതയും പദ്മിനിക്കുണ്ട്. വിദ്യാധരന്‍ മാസ്റ്ററും നായകന്‍ കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് 'ലവ് യു മുത്തേ' ഗാനം ആലപിച്ചിരിക്കുന്നത്. അപര്‍ണ്ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് പദ്മിനിയിലെ നായികമാര്‍. ഗണപതി, ആരിഫ് സലിം, സജിന്‍ ചെറുകയില്‍, ആനന്ദ് മന്മഥന്‍, ഗോകുലന്‍, ജെയിംസ് ഏലിയാ, മാളവിക മേനോന്‍, സീമ ജി നായര്‍ എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

◾ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ താരത്തിന്റെ കഥ പറയുന്ന 'നടികര്‍ തിലകം' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ലാല്‍ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 40 കോടിയോളം മുതല്‍ മുടക്കില്‍ അന്‍പതോളം വരുന്ന അഭിനേതാക്കളെ അണിനിരത്തിയാണ് ചിത്രത്തിന്റെ അവതരണം. കൊച്ചി, ഹൈദരാബാദ്, കശ്മീര്‍, ദുബായ് എന്നിവിടങ്ങളാണ് ലൊക്കേഷന്‍സ്. സൂപ്പര്‍താരമായ ഡേവിഡ് പടിക്കലിന്റെ അഭിനയ ജീവിതത്തില്‍ അപ്രതീക്ഷിതമായി അരങ്ങേറുന്ന ചില സംഭവങ്ങളും അതു തരണം ചെയ്യാനുള്ള ശ്രമങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഭാവനയാണ് നായിക. സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, രഞ്ജിത്ത്, ലാല്‍, ബാലു വര്‍ഗീസ്, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, മധുപാല്‍, ഗണപതി, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, സഞ്ജു ശിവറാം, ജയരാജ് കോഴിക്കോട്, ഖാലിദ് റഹ്‌മാന്‍, അഭിരാം പൊതുവാള്‍, ബിപിന്‍ ചന്ദ്രന്‍ ,അറിവ്, മനോഹരി ജോയ്, മാലാ പാര്‍വതി, ദേവികാഗോപാല്‍, ബേബി ആരാധ്യ, അഖില്‍ കണ്ണപ്പന്‍, ജസീര്‍ മുഹമ്മദ്, രജിത് കുമാര്‍ (ബിഗ് ബോസ് ഫെയിം), ഖയസ് മുഹമ്മദ്.എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ്. സോമശേഖരനാണ്.

◾ഹ്യുണ്ടേയ്യുടെ ചെറു എസ്യുവി എക്സ്റ്ററിന് ഇതുവരെ ലഭിച്ചത് 10000 ബുക്കിങ്ങുകള്‍. മെയ് എട്ടിന് ആദ്യ പ്രദര്‍ശനം നടത്തിയ എക്സ്റ്റിന്റെ ബുക്കിങ്ങും ആരംഭിച്ചിരുന്നു. രണ്ടു മാസത്തിനുള്ളിലാണ് എക്സ്റ്ററിന് 10000 ബുക്കിങ്ങ് ലഭിച്ചത്. ടാറ്റ പഞ്ചും മാരുതി സുസുക്കി ഇഗ്‌നിസുമായി മത്സരിക്കുന്ന എക്സ്റ്റിന്റെ വില ആരംഭിക്കുന്നത് 5.99 ലക്ഷം രൂപയാണ്. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്, സിഎന്‍ജി മോഡലുകളില്‍ എക്സ്റ്റര്‍ ലഭിക്കും. 1.2 ലീറ്റര്‍ പെട്രോള്‍ മാനുവലിന്റെ വില 5.99 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയും 1.2 ലീറ്റര്‍ പെട്രോള്‍ എംഎംടിയുടെ വില 7.96 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയുമാണ്. 1.2 ലീറ്റര്‍ സിഎന്‍ജിയുടെ വില 8.23 ലക്ഷം രൂപ മുതല്‍ 8.96 ലക്ഷം രൂപ വരെയാണ് വില. ഉയര്‍ന്ന വകഭേദത്തിന് ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ, ഇന്‍ബില്‍റ്റ് നാവിഗേഷന്‍, സണ്‍റൂഫ് എന്നിവയുണ്ട്. അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ബാഗുകളുടെ സുരക്ഷയുമുണ്ട്. 1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. ഇ20 ഫ്യൂവല്‍ റെഡി എന്‍ജിനൊടൊപ്പം 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും സ്മാര്‍ട്ട് ഓട്ടോ എഎംടിയുമുണ്ട്. കൂടാതെ സിഎന്‍ജിന്‍ എന്‍ജുമുണ്ടാകും. ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ്(ഒ), എസ്എക്സ് (ഒ) കണക്റ്റ് തുടങ്ങിയ വകഭേദങ്ങളില്‍ ആറു നിറങ്ങളിലായാണ് എക്സ്റ്റര്‍ വിപണിയിലെത്തുക.  

◾ഗോവയില്‍നിന്ന് പ്രാണരക്ഷാര്‍ത്ഥം രക്ഷപ്പെട്ട് നാട്ടിലെത്തി, യാദൃച്ഛികമായി സൂപ്പര്‍താരമാകുന്ന ലീല. അവളിലെ നടിയെ കണ്ടെത്തുന്ന സംവിധായകന്‍ ഫ്രെഡ്ഡി. ഭൂതകാലത്തില്‍ ഉപേക്ഷിച്ച പലതും വീണ്ടും വിലങ്ങുതടിയാകുമ്പോള്‍ അതിനെ പാടേ പിഴുതുകളയുക എന്നതു മാത്രമേ പരിഹാരമുള്ളൂ. ഫ്രെഡ്ഡിയുടെ ഏറ്റവും മികച്ച തിരക്കഥയില്‍ ലീല എക്കാലത്തെയും മികച്ച അഭിനയപ്രകടനം കാഴ്ചവെക്കാന്‍ തീരുമാനിക്കുന്നു. അവിചാരിതമായുണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ പുതിയ കഥാഗതികളിലേക്ക് തിരിയുമ്പോള്‍ കഥയിലെ കഥ കെണ്ടത്താന്‍ അദ്ദേഹം രംഗപ്രവേശം ചെയ്യുന്നു, ഡിറ്റക്ടീവ് ശിവശങ്കര്‍ പെരുമാള്‍. 'മരണത്തിന്റെ തിരക്കഥ'. അന്‍വര്‍ അബ്ദുള്ള. മാതൃഭൂമി ബുക്സ്. വില 280 രൂപ.

◾ആറ് തരം ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ കഴിക്കാത്തവര്‍ക്ക് ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം. ഹോള്‍ ഫാറ്റ് പാലുല്‍പന്നങ്ങള്‍, കടല്‍ മത്സ്യം, പയര്‍വര്‍ഗങ്ങള്‍, നട്സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നീ ഭക്ഷണങ്ങളുടെ അസാന്നിധ്യമാണ് ഹൃദ്രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നത്. ഈ ഭക്ഷണങ്ങള്‍ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും പഠനം വിലയിരുത്തുന്നു. ഹാമില്‍ട്ടണ്‍ ഹെല്‍ത്ത് സയന്‍സസിലെയും മക് മാസ്റ്റര്‍ സര്‍വകലാശാലയിലെയും പോപ്പുലേഷന്‍ റിസര്‍ച്ച് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. സംസ്‌കരിക്കാത്ത മാംസവും ധാന്യങ്ങളും പരിമിതമായ തോതില്‍ മാത്രമേ കഴിക്കാവുള്ളൂവെന്നും ഗവേഷണ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 80 രാജ്യങ്ങളിലെ വിവിധ പഠനങ്ങളില്‍ നിന്നുള്ള 2,45,000 പേരുടെ വിവരങ്ങള്‍ ഗവേഷണത്തിന്റെ ഭാഗമായി വിലയിരുത്തി. അതേ സമയം മീനും ഹോള്‍-ഫാറ്റ് പാലുല്‍പന്നങ്ങളും മിതമായ തോതില്‍ കഴിക്കുമ്പോഴാണ് ഹൃദ്രോഗ സാധ്യതയും അത് മൂലമുള്ള മരണ സാധ്യതയും കുറയുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ ഹാര്‍ട്ട് ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. പഴങ്ങളും പച്ചക്കറികളും പ്രതിദിനം രണ്ടോ മൂന്നോ സേര്‍വിങ്ങും നട്സ് ഒരു സേര്‍വിങ്ങും പാലുല്‍പന്നങ്ങള്‍ രണ്ട് സേര്‍വിങ്ങും ആകാമെന്നാണ് പോപ്പുലേഷന്‍ റിസര്‍ച്ച് ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്യുവര്‍ ഹെല്‍ത്ത് ഡയറ്റ് സ്‌കോര്‍ ശുപാര്‍ശ ചെയ്യുന്നത്. പയര്‍ വര്‍ഗങ്ങള്‍ ആഴ്ചയില്‍ മൂന്നോ നാലോ സേര്‍വിങ്ങും മീന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ സേര്‍വിങ്ങും ആകാമെന്നും ഈ സ്‌കോര്‍ പറയുന്നു. 2019ല്‍ ഹൃദ്രോഗസംബന്ധമായ രോഗങ്ങള്‍ മൂലം 18 ദശലക്ഷം പേര്‍ മരണപ്പെട്ടതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇത് ആഗോള മരണങ്ങളുടെ 32 ശതമാനണ്. ഇതില്‍ 85 ശതമാനം മരണങ്ങളും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 82.30, പൗണ്ട് - 106.51, യൂറോ - 90.76, സ്വിസ് ഫ്രാങ്ക് - 93.67, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.03, ബഹറിന്‍ ദിനാര്‍ - 218.29, കുവൈത്ത് ദിനാര്‍ -268.03, ഒമാനി റിയാല്‍ - 213.77, സൗദി റിയാല്‍ - 21.94, യു.എ.ഇ ദിര്‍ഹം - 22.40, ഖത്തര്‍ റിയാല്‍ - 22.60, കനേഡിയന്‍ ഡോളര്‍ - 62.27.