_പ്രഭാത വാർത്തകൾ_```2023 | ജൂലൈ 11 | ചൊവ്വ |1198 | മിഥുനം 26 | അശ്വതി```

◾'ഷോ' കാണിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ നാട്ടുകാരോടു 'ഷോ' കാണിക്കരുതെന്നു ഭീഷണിപ്പെടുത്തി മന്ത്രിമാര്‍. തിരുവനന്തപുരം ചിറയിന്‍കീഴ് മുതലപ്പൊഴിയില്‍ മല്‍സ്യബന്ധനത്തിനു പോയി ഒരു മല്‍സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കടലില്‍ കാണാതാകുകയും ചെയ്ത സംഭവത്തില്‍ കാര്യാന്വേഷണവുമായി എത്തിയ മന്ത്രിമാരായ ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരെയാണു നാട്ടുകാര്‍ തടഞ്ഞത്. സുരക്ഷാ സംവിധാനം ഒരുക്കാത്തതുമൂലമാണ് അപകടം ആവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാണിച്ചാണു മന്ത്രിമാരെ തടഞ്ഞത്. പ്രതിഷേധംമൂലം മന്ത്രിമാര്‍ ക്ഷുഭിതരായി മടങ്ങിപ്പോയി.

◾മന്ത്രിമാരെ തടഞ്ഞത് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ യുജീന്‍ പെരേര നിര്‍ദേശിച്ചതനുസരിച്ചാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. മന്ത്രിമാരെ തടഞ്ഞെന്നും കലാപാഹ്വാനം നടത്തിയെന്നും ആരോപിച്ച് ഫാ. യൂജിന്‍ പെരേരയ്ക്കെതിരേ പോലീസിനെക്കൊണ്ടു കേസെടുപ്പിച്ചു. വൈദികന്റെ നിര്‍ദേശം അനുസരിക്കാതെ നാട്ടുകാര്‍ സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായെന്നു മന്ത്രി വാര്‍ത്താകുറിപ്പില്‍ അവകാശപ്പെട്ടു.

◾മത്സ്യത്തൊഴിലാളികളോടു കയര്‍ത്ത മന്ത്രിമാര്‍ നാടകം അവതരിപ്പിക്കാനാണു ശ്രമിച്ചതെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ യുജീന്‍ പേരേര. വിഴിഞ്ഞം സമരം ആസൂത്രിതമായി അട്ടിമറിച്ചവരാണ് ഇവര്‍. ഈ നാട് വെള്ളത്തില്‍ മുങ്ങി നിന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവരെയാണ് കലാപാഹ്വാനമെന്നു കള്ളക്കേസില്‍ കുടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കു സുപ്രീം കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം. അറസ്റ്റു ചെയ്യുന്നതു കോടതി തടഞ്ഞു. അപകീര്‍ത്തിക്കേസ് നിലനില്‍ക്കുമെങ്കിലും എസ് സി എസ്ടി അതിക്രമ നിരോധന നിയമം ലംഘിച്ചെന്ന കേസ് നിലനില്‍ക്കില്ലെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു.

◾ഏക സിവില്‍ കോഡിനെതിരേയും മണിപ്പൂര്‍ വിഷയത്തിലും 29 ന് എല്ലാ ജില്ലകളിലും ബഹുസ്വരതാ സംഗമം നടത്താന്‍ യുഡിഎഫ് തീരുമാനിച്ചു. വിലക്കയറ്റത്തിലും സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ച് സമരം നടത്തും. സെപ്റ്റംബര്‍ നാലു മുതല്‍ 11 വരെ കാല്‍നട പ്രചാരണ ജാഥ നടത്തും. സെപ്റ്റംബര്‍ 12 നു സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും യുഡിഎഫ് തീരുമാനിച്ചു.

◾സംസ്ഥാനത്ത് പനി ബാധിച്ച് നാലു പേര്‍ കൂടി മരിച്ചു. എലിപ്പനിയും ഡെങ്കിപ്പനി ബാധിച്ച് ഓരോരുത്തര്‍ മരിച്ചു. രണ്ട് മരണം സംശയ പട്ടികയിലാണ്. സംസ്ഥാനത്ത് പനി ബാധിച്ചു ചികില്‍സ തേടിയത് 13,248 പേരാണ്. 10 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക് മലേറിയയുമുണ്ട്.

◾സംസ്ഥാനത്ത് വയോജന സെന്‍സസ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2015 ലെ ഭിന്നശേഷി സെന്‍സസ് മാതൃകയില്‍ സെന്‍സസ് നടത്തി ഡാറ്റ ബാങ്ക് തയ്യാറാക്കും. അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും.

◾സിപിഎമ്മുമായി ചേര്‍ന്ന് ഒരു പരിപാടിയും നടത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാധ്യമ സ്ഥാപനങ്ങള്‍ക്കു ചെസ്റ്റ് നമ്പര്‍ കൊടുത്ത് പൂട്ടിക്കുമെന്നു ഭീഷണി മുഴക്കുന്ന പിവി അന്‍വര്‍ എംഎല്‍എയുടെ പിറകില്‍ ആരാണ്? അന്‍വര്‍ പറയുന്നതനുസരിച്ച് പോലീസ് വേട്ടയാടുന്നു. സൈബര്‍ ആക്രമണവും നടത്തുന്നു. സതീശന്‍ പറഞ്ഞു.

◾കാസര്‍കോടുനിന്നും തിരുവനന്തപുരത്തേക്കു പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് വഴിയില്‍ ഒന്നര മണിക്കൂര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. എന്‍ജിന്‍ തകരാറാണ് കാരണം. എസി ഇല്ലാതെ യാത്രക്കാര്‍ ദുരിതത്തിലായി.

◾തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ലഭ്യമാകുന്ന കെ - സ്മാര്‍ട്ട് സംവിധാനം നവംബര്‍ ഒന്നിനു നടപ്പാക്കുമെന്ന് തദ്ദേശ സ്വയഭരണ മന്ത്രി എം ബി രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

◾മഴക്കെടുതി മൂലം കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി.

◾ഗോവയിലെ മദ്യ ഉല്‍പാദനത്തെക്കുറിച്ചു പഠിക്കാന്‍ എക്സൈസിനു സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ട് ഉദ്യോഗസ്ഥരെ ഇതിനായി ഗോവയിലേക്ക് അയക്കും. ചെലവു കുറച്ച് മദ്യം ഉല്‍പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നതു പഠിക്കാനാണ് തീരുമാനം.

◾ഞായറാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കു ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. വിമാനം അനിശ്ചിതമായി വൈകിയതുമൂലം യാത്രക്കാര്‍ ദുരിതത്തിലായി.

◾കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്കു മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കൊച്ചി ഉദയംപേരൂരിലെ സംഘടനയുടെ ഹര്‍ജിയാണ് തള്ളിയത്.

◾പുനലൂരിലെ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത കേസില്‍ സിപിഐക്കാരായ പ്രതികളെ കോടതി വെറുതെവിട്ടു. സിപിഐ, എഐവൈഎഫ് പ്രാദേശിക നേതാക്കളായ ഉമേഷ്, എം എസ് ഗിരീഷ്, സതീഷ്, അജികുമാര്‍, ബിനീഷ് എന്നിവരെയാണ് കൊല്ലം ജീല്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വിട്ടയച്ചത്.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 73 പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. കോഴിയിറച്ചിയുടെ കൂടെ നല്‍കിയ ചിക്കന്‍ പാര്‍ട്‌സില്‍നിന്നാണ് വിഷബാധയെന്നാണ് പ്രാഥമിക നിഗമനം.

◾അര നൂറ്റാണ്ടിലേറെ തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത ആന ശങ്കരംകുളങ്ങര മണികണ്ഠന്‍ ചരിഞ്ഞു. പുങ്കുന്നം ശങ്കരം കുളങ്ങര ദേവീ ക്ഷേത്രത്തിന്റെ ആനയാണ്. 58 വര്‍ഷമായി തിരുവമ്പാടി വിഭാഗത്തിനുവേണ്ടി തൃശൂര്‍ പൂരത്തില്‍ പങ്കെടുത്തിട്ടുണ്ട്.

◾പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധു മരിച്ചു. കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ സ്വദേശി ഷക്കീറിന്റെ(32) പരിക്ക് ഗുരുതമാണ്. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹം.

◾കണ്ണൂര്‍ തോട്ടടയില്‍ കല്ലട ട്രാവല്‍സിന്റെ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു. അര്‍ധരാത്രിയോടെ ഉണ്ടായ അപകടത്തില്‍ ബസിലെ യാത്രക്കാരനായ ഒരാള്‍ മരിച്ചു. 24 യാത്രക്കാര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗരുതരമാണ്. ലോറി ഡ്രൈവര്‍ക്കും പരിക്കുണ്ട്.  

◾കുളത്തില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കായംകുളം കണ്ണമ്പള്ളി ഭാഗം അമ്പനാട്ട് പടിറ്റത്തില്‍ സജീവിന്റെ മകന്‍ അഫ്സല്‍ (15) ആണ് മരിച്ചത്.

◾നേപ്പാള്‍ സ്വദേശിനി ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു. പഞ്ചംഗ് ജില്ലക്കാരിയായ സുനാദേവി ജാഗ്രി (35) ആണ് ഒറ്റപ്പാലം മായന്നൂരിനടുത്ത് ഒഴുക്കില്‍പെട്ടു മരിച്ചത്.

◾കോഴിക്കോട് പൂളക്കടവ്- മെഡിക്കല്‍ കോളജ് റോഡില്‍ കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്നുവീണു. ഇരിങ്ങാടന്‍പള്ളി സ്വദേശിനി സുജാതയുടെ നാലു മുറികളുള്ള ഇരുനില കെട്ടിടമാണു തകര്‍ന്നത്.

◾അമ്പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്നു ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയാകും. സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുക്കും. ഒഎന്‍ഡിസിക്കു കീഴില്‍ നികുതി ഏതു ഘട്ടത്തില്‍ ചുമത്തണമെന്നു ചര്‍ച്ച ചെയ്യും. തങ്ങളുടെ സേവനങ്ങള്‍ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാന്‍ സംരംഭകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎന്‍ഡിസി.

◾തെലങ്കാനയിലെ 'നപുംസക നിയമം -1919' ഹൈക്കോടതി റദ്ദാക്കി. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

◾പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ കസ്തൂരിരംഗനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീലങ്കയില്‍വച്ചു ഹൃദയാഘാതമുണ്ടായ അദ്ദേഹത്ത ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിക്കുകയായിരുന്നു.

◾മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയായ പ്രവേഷ് ശുക്ലയുടെ പൊളിച്ചുനീക്കിയ വീട് പുനര്‍നിര്‍മിച്ചുകൊടുക്കുമെന്നു ബ്രാഹ്‌മണ സംഘടന. സര്‍ക്കാരാണു വീട് പൊളിച്ചത്. വീടു നിര്‍മിക്കാന്‍ ധനസമാഹരണം ആരംഭിച്ചു.

◾മെഡിക്കല്‍ വിദ്യാര്‍ത്ഥി വൃഷ്ണം മുറിച്ച് ആത്മഹത്യ ചെയ്തു. ഹൈദരാബാദില്‍ ദീക്ഷിത് റെഡ്ഢി (20) എന്ന വിദ്യാര്‍ത്ഥിയാണു മരിച്ചത്.

◾റഷ്യന്‍ സൈന്യത്തിനെതിരേ കൂലിപ്പട്ടാളത്തെ നയിച്ച വാഗ്‌നര്‍ ഗ്രൂപ്പു തലവന്‍ യെവ്ഗിനി പ്രിഗോഷിനുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍ കൂടിക്കാഴ്ച നടത്തി. വാഗ്‌നര്‍ ഗ്രൂപ്പിലെ കമാന്‍ഡര്‍മാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

◾ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്താമെങ്കില്‍ എന്തുകൊണ്ട് പാകിസ്താന്റെ ലോകകപ്പ് മത്സരങ്ങളും നിഷ്പക്ഷ വേദിയില്‍ നടത്തിക്കൂടായെന്ന് പാകിസ്ഥാന്‍. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍വെച്ച് നടത്തണമെന്ന പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐ.സി.സി യോഗത്തില്‍ ഉന്നയിക്കുമെന്ന് കായികമന്ത്രി എഹ്‌സാന്‍ മസാരി വ്യക്തമാക്കി.

◾കഴിഞ്ഞ മാസം ഇക്വിറ്റി മ്യൂച്വല്‍ഫണ്ട് സ്‌കീമുകളിലെ നിക്ഷേപം 167 ശതമാനം ഉയര്‍ന്ന് 8,637 കോടി രൂപയായതായി മ്യൂച്വല്‍ഫണ്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. സ്‌മോള്‍ ക്യാപ് ഫണ്ടുകളിലെ നിക്ഷേപമൊഴുക്ക് വര്‍ധിച്ചതാണ് ഇതിനു സഹായകമായത്. തുടര്‍ച്ചയായ 28-ാമത്തെ മാസമാണ് ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തുന്നത്. 3240 കോടി രൂപയായിരുന്നു മേയിലെ ഇക്വിറ്റി ഫണ്ട് നിക്ഷേപം. മൂന്നു മാസത്തിനിടയിലെ ഉയര്‍ന്ന നിക്ഷേപമാണിത്. ന്യൂഫണ്ട് ഓഫര്‍ വഴിയാണ് കൂടുതല്‍ നിക്ഷേപവും എത്തിയത്. മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 44.13 ലക്ഷം കോടി രൂപയിലെത്തി. മേയില്‍ ഇത് 42.90 ലക്ഷം കോടി രൂപയായിരുന്നു. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴിയുള്ള നിക്ഷേപം ജൂണില്‍ 14,734 കോടി രൂപയായി. മേയില്‍ എസ്.ഐ.പി വഴിയുള്ള നിക്ഷേപം 14,749 കോടി രൂപയിലെത്തി റെക്കോഡിട്ടിരുന്നു. തുടര്‍ച്ചയായ മൂന്നാമത്തെ മാസമാണ് എസ്.ഐ.പി നിക്ഷേപം 14,000 കോടിക്കു മുകളില്‍ എത്തുന്നത്. ഇക്വിറ്റി വിഭാഗത്തില്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ നേട്ടം തുടര്‍ന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 66 ശതമാനം ശതമാനം വര്‍ധനയോടെ 5,471.75 കോടി രൂപയുടെ നിക്ഷേപമാണ് സ്മാള്‍ക്യാപ് ഫണ്ടുകളില്‍ ജൂണില്‍ നടന്നത്. അതേ സമയം ജൂണില്‍ ലാര്‍ജ് ക്യാപ് വിഭാഗത്തില്‍ 2,049.61 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചു. തുടര്‍ച്ചയായ രണ്ടാം മാസവും ഡെറ്റ് ഫണ്ടുകളില്‍ പിന്‍വലിക്കല്‍ തുടര്‍ന്നു. മേയില്‍ 45,959 കോടി രൂപയായിരുന്ന നിക്ഷേപം ജൂണില്‍ 14,136 കോടി രൂപയായി. ജൂണില്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ നിക്ഷേപം 70.32 കോടി രൂപയാണ്.

◾ജെനീലിയ ദേശ്മുഖ്, മാനവ് കൗള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി എന്റര്‍ടെയ്നറാണ് 'ട്രയല്‍ പീരിഡ്'. ആലിയ സെന്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ശക്തി കപൂര്‍, ഷീബ ഛദ്ദ, ഗജ്രാജ് റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. സിങ്കിള്‍ മദറായ അനയുടെ മകന്റെ ആവശ്യപ്രകാരം മുപ്പത് ദിവസത്തേക്ക് താല്‍ക്കാലികമായി ജോലിക്കു വരുന്ന 'അച്ഛന്റെ' കഥയാണ് ചിത്രം പറയുന്നത്. 'അച്ഛന്‍ വാടകയ്ക്ക്' എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈനും. ജൂലൈ 21ന് ജിയോ സിനിമയിലൂടെ ചിത്രം സൗജന്യമായി സ്ട്രീം ചെയ്യും.

◾ഓസ്ട്രേലിയന്‍ മലയാളിയും സാഹിത്യകാരിയുമായ രേണുകാ വിജയകുമാരന്റെ പുതിയ ഗാനം 'അകലുന്ന ജീവന്‍' പുറത്തിറങ്ങി. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഭാവതീവ്രമായ വാക്കുകളാല്‍ വരികള്‍ ചിട്ടപ്പെടുത്തി കണ്ണീരുപ്പുകലര്‍ന്ന ഗാനങ്ങളിലൂടെ ജീവിതത്തിലെ നിസ്സഹായാവസ്ഥയുടെ ചിത്രങ്ങള്‍ വരച്ചുകാട്ടുന്ന 'മരണമേ നീ വിളിക്കുന്നു...' എന്നാരംഭിക്കുന്ന ഗാനം രേണുകാ വിജയകുമാറിന്റെ യുട്യൂബില്‍ റിലീസ് ചെയ്തു. ഗാനത്തിന്റെ രചനയും ആശയവും തിരക്കഥയും രേണുകാ വിജയകുമാരന്‍ തന്നെയാണ്. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ ബിജു നാരായണന്‍ ആലപിച്ച ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് മണ്‍മറഞ്ഞ പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മരുമകനും ചലച്ചിത്ര ഗാന സംഗീത സംവിധായകനുമായ സാജന്‍ കെ റാം ആണ്. ഛായാഗ്രാഹകനായ പ്രശാന്ത് പ്രണവമാണ് ക്യാമറയും ദൃശ്യാവിഷ്‌ക്കാര സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമാരംഗത്തെ അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്നൊരുക്കിയ ഈ ഗാനത്തില്‍ സിനിമാതാരങ്ങളായ മാസ്റ്റര്‍ ശ്രീപഥ് യാന്‍, ഡോ. അമര്‍, ലൊറെയ്ന്‍, ബേബി അദേവ എന്നിവരും അഭിനയിച്ചിരിക്കുന്നു. 2023 ലെ പാലിയേറ്റീവ് ദിനാചരണ പ്രമേയമായാണ് ഈ ഗാനം നിര്‍മിച്ചത്. പാലിയേറ്റീവ് ദിനാചരണ വാരത്തിലാണ് ഗാനത്തിന്റെ ടീസര്‍ റിലീസ് ചെയ്തതും. പല ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകള്‍ക്കും ഈ ഗാനം പരിഗണിച്ചിട്ടുണ്ട്.

◾ഹ്യുണ്ടേയ് ചെറു എസ്യുവി എക്സ്റ്റര്‍ വിപണിയില്‍. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടമാറ്റിക്, സിഎന്‍ജി മോഡലുകളില്‍ ലഭിക്കുന്ന എക്സ്റ്ററിന്റെ വില 5.99 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയാണ്. 1.2 ലീറ്റര്‍ പെട്രോള്‍ മാനുവലിന്റെ വില 5.99 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയും 1.2 ലീറ്റര്‍ പെട്രോള്‍ എംഎംടിയുടെ വില 7.96 ലക്ഷം രൂപ മുതല്‍ 9.99 ലക്ഷം രൂപ വരെയുമാണ്. 1.2 ലീറ്റര്‍ സിഎന്‍ജിയുടെ വില 8.23 ലക്ഷം രൂപ മുതല്‍ 8.96 ലക്ഷം രൂപ വരെയാണ് വില. 1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. ഇ20 ഫ്യൂവല്‍ റെഡി എന്‍ജിനൊടൊപ്പം 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും സ്മാര്‍ട്ട് ഓട്ടോ എഎംടിയുമുണ്ട്. കൂടാതെ സിഎന്‍ജിന്‍ എന്‍ജുമുണ്ടാകും. ഇഎക്സ്, എസ്, എസ്എക്സ്, എസ്എക്സ്(ഒ), എസ്എക്സ് (ഒ) കണക്റ്റ് തുടങ്ങിയ വകഭേദങ്ങളില്‍ ആറു നിറങ്ങളിലായാണ് എക്സ്റ്റര്‍ വിപണിയിലെത്തുക. 3.8 മീറ്റര്‍ നീളമുണ്ടാകും, പ്രതീക്ഷിക്കുന്ന വീതി 1,595 എംഎം, ഉയരം 1,575 എംഎം എന്നിങ്ങനെയാണ്. എക്സ്റ്ററിന്റെ ബുക്കിങ് ഹ്യുണ്ടേയ് ആരംഭിച്ചിരുന്നു. ജൂലൈ 10ന് മൈക്രോ എസ്യുവിയുടെ വില പ്രഖ്യാപിക്കും. ഓഗസ്റ്റ് മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

◾ശത്രു എത്രയോ വലുതായിക്കോട്ടെ, തങ്ങളുടെ പരിമിതികള്‍ തിരിച്ചറിഞ്ഞ് തന്ത്രങ്ങള്‍ മെനഞ്ഞ് ഒന്നായി നിന്ന് ജീവന്‍ കൊടുത്തു പോരാടി സ്വാതന്ത്ര്യ സ്വച്ഛതയിലേക്ക് നീങ്ങിയ പോരാട്ടവീര്യത്തിന്റെ നേര്‍ക്കാഴ്ചയാണിത്. നമ്മുടെ സിരകളെ ത്രസിപ്പിക്കുന്ന ആത്മവിശ്വാസം നിറയ്ക്കുന്ന അതിജീവനത്തിന്റെ കഥയാണിത്. പ്രകൃതിയെയും മണ്ണിനെയും മനുഷ്യരെയും അടുത്തറിഞ്ഞ് ലളിതാഖ്യാനത്തിലൂടെ ആസ്വാദകനുമായി ഹൃദയബന്ധം സ്ഥാപിക്കുന്ന യാത്രാനുഭവ കുറിപ്പുകള്‍ ആണ് 'വിയറ്റ്നാം സ്‌കെച്ചുകള്‍'. 'ചുവപ്പു നദിയുടെ നാട്ടില്‍'. ഹാരിസ് ടി.എം. ജി വി ബുക്സ്. വില 145 രൂപ.

◾ഫംഗസ് അണുബാധയുള്‍പ്പെടെ ഒട്ടുമിക്ക ചര്‍മ രോഗങ്ങളുടെയും തീവ്രത കൂടുന്ന കാലമാണ് മഴക്കാലം. ശരീരത്തില്‍ ഈര്‍പ്പവും വിയര്‍പ്പും തങ്ങിനില്‍ക്കുന്നതാണു കാരണം. വെള്ളത്തില്‍ ഏറെ നേരം ചവിട്ടി നില്‍ക്കുന്നവരില്‍ 'വളംകടി'യുണ്ടാകും. പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങളുള്ളവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത്തരം അസുഖങ്ങള്‍ പെട്ടെന്നു ബാധിക്കും. ഇതില്‍ നിന്നു രക്ഷപ്പെടാന്‍ കാലുകള്‍ എപ്പോഴും ഡ്രൈ ആക്കി വയ്ക്കണം. നനഞ്ഞ സോക്സുകള്‍ മാറാതെ കാലുകള്‍ നനഞ്ഞു തന്നെ ഇരുന്നാല്‍ അണുബാധയുണ്ടാകാം. മഴയില്‍ പതിവായി യാത്ര ചെയ്യുന്നവരുടെ ശരീരത്തില്‍ ഈര്‍പ്പം നിറഞ്ഞു വട്ടച്ചൊറി, പുഴുക്കടി എന്നൊക്കെ വിളിക്കുന്ന 'ടിനിയ കോര്‍പറിസ്' എന്ന രോഗം വരാം. ഇതു പകരാന്‍ സാധ്യതയുള്ളതിനാല്‍ ആര്‍ക്കെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ തോര്‍ത്ത്, സോപ്പ് തുടങ്ങിയവ പൊതുവായി ഉപയോഗിക്കരുത്. ഈര്‍പ്പം നിറഞ്ഞ ബാക്ടീരിയ വളര്‍ച്ച കൂടുന്നതു മൂലം കാലിനു ദുര്‍ഗന്ധം വരുന്ന പിറ്റഡ് കെരറ്റൊളൈസിസ് എന്ന അസുഖവും മഴക്കാലത്ത് കൂടാറുണ്ട്. ചിലപ്പോള്‍ കാലിന്റെ അടിവശത്തു ചെറിയ കുഴികള്‍ പോലെ ഇതു മാറാം. ആന്റി ബാക്ടീരിയല്‍ ക്രീമാണു പുരട്ടേണ്ടത്. ചെറിയ ചാഴി പോലുള്ള അണുക്കള്‍ ശരീരത്തിന്റെ തൊലിയെ ബാധിക്കുന്നതു മൂലമുള്ള സ്‌കേബീസ് എന്ന രോഗവും മഴക്കാലത്ത് കൂടും. ഇതു മൂലം കൈവിരലുകള്‍, കക്ഷം, നെഞ്ച് ഭാഗത്ത്, ജനനേന്ദ്രിയങ്ങള്‍ എന്നിവിടങ്ങളില്‍ ചെറിയ കുരുക്കളും അസഹ്യമായ ചൊറിച്ചിലുമുണ്ടാകും. നഖത്തിലെ അണുബാധ, നഖവും തൊലിയും ചേരുന്ന ഭാഗത്തുണ്ടാകുന്ന പഴുപ്പ് എന്നിവയും വര്‍ഷക്കാലത്തു കൂടാനിടയുണ്ട്. മുഖക്കുരു, താരന്‍ തുടങ്ങിയവയും മഴക്കാലത്ത് കൂടും. കുളിച്ചു കഴിഞ്ഞു മുടി ഉണങ്ങുന്നതിനു മുന്‍പു തന്നെ ഹെല്‍മറ്റ് വച്ചു യാത്ര ചെയ്യേണ്ടി വരുന്നവരില്‍ ഈര്‍പ്പം നിറഞ്ഞു താരന്‍ കൂടും. ശരീരവും വസ്ത്രങ്ങളും ഈര്‍പ്പമില്ലാതെ സൂക്ഷിക്കുകയെന്നതാണു മഴക്കാലത്ത് ത്വക്രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാനുള്ള വഴി.

*ശുഭദിനം*

വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ എല്ലാവരും ചേര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്റെ വീട്ടില്‍ ഒത്തുകൂടി. എല്ലാവരും വിശേഷങ്ങള്‍ പങ്ക് വെച്ചു. തന്റെ വിദ്യാര്‍ത്ഥികള്‍ പലരും പലമേഖലകളില്‍ ജോലി ചെയ്യുന്നത് കണ്ട് അധ്യാപകന്‍ സന്തോഷിച്ചു. അധ്യാപകന്‍ അവര്‍ക്കായി ചായ വെച്ചു. ആ ചായ വിളമ്പിയത് പലതരം കപ്പുകളിലായിരുന്നു. ക്ലേ, ക്രിസ്റ്റല്‍, പേപ്പര്‍്, സ്റ്റീല്‍ തുടങ്ങി വിവിധതരം ഗ്ലാസ്സുകളിലാണ് അദ്ദേഹം ചായ പകര്‍ന്നത്. ചായ പകര്‍ന്നതിന് ശേഷം എല്ലാവരോടും ചായ എടുക്കുവാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും ചായ കിട്ടി എന്ന് ഉറപ്പിച്ചതിന് ശേഷം അധ്യാപകന്‍ പറഞ്ഞു: ഏറ്റവും മനോഹരമായ കപ്പുകള്‍ ആണ് നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. വിലകുറഞ്ഞ കപ്പുകള്‍ ആരും എടുക്കാതെ ഒഴിച്ചിട്ടിരിക്കുന്നു. പക്ഷേ, നിങ്ങളുടെ കയ്യിലുള്ള കപ്പുകളില്‍ ഉള്ള ചായ ഒന്നുതന്നെയാണ്. വിലകൂടിയ കപ്പുകളില്‍ കുടിച്ചതുകൊണ്ട് ആ ചായയുടെ രുചി കൂടിയിട്ടുമില്ല, വില കുറഞ്ഞ കപ്പുകളില്‍ കുടിച്ചതുകൊണ്ട് ചായയുടെ രുചി കുറഞ്ഞിട്ടുമില്ല. വിലകൂടിയ കപ്പുകള്‍ പുറമേനിന്ന് കാണാന്‍ ഭംഗിയുണ്ടെങ്കിലും അതിനകത്ത് ചായതന്നെയാണ്. കപ്പുകളുടെ ഭംഗി മാത്രം തേടുമ്പോള്‍ ചായയുടെ രുചി ആസ്വദിക്കാന്‍ നമ്മള്‍ പലപ്പോഴും മറുന്നുപോകുന്നു. ജീവിതത്തിലും പലപ്പോഴും നമ്മുടെ തിരഞ്ഞടുപ്പുകള്‍ ഇങ്ങനെ തന്നെയാണ്. ജോലി, പണം, വാഹനം, സ്ഥാനമാനങ്ങള്‍ ഇതെല്ലാം നമ്മുടെ ചായക്കപ്പുകള്‍ പോലെയാണ്. ഇതിനേക്കാള്‍ ഉപരി നമ്മുടെ ജീവിത്തിലെ സന്തോഷം, സമാധാനം ഇവ ആസ്വദിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കാന്‍ സാധിക്കട്ടെ - *ശുഭദിനം.*