_*സായാഹ്ന വാർത്തകൾ*_```2023 | ജൂലൈ 10 | തിങ്കൾ |

◾ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഡോക്ടര്‍മാരുള്‍പ്പെടെ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി. ഡെറാഡൂണിലേക്കു വിനോദയാത്രക്കാരുമായി പോയ ബസ് വികാസ് നഗറിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങുകയായിരുന്നു. ജനലിലൂടെ യാത്രക്കാര്‍ പുറത്തിറങ്ങി രക്ഷപ്പെട്ടു. ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ 45 മലയാളികളും സുരക്ഷിതരാണ്. കൊച്ചി മെഡിക്കല്‍ കോളജിലെ 27 ഡോക്ടര്‍മാരും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 18 ഡോക്ടര്‍മാരുമാണ് കുടുങ്ങിയത്. ഇന്നു വൈകുന്നേരത്തോടെ ഇവര്‍ മടക്കയാത്ര ആരംഭിക്കുമെന്നാണു റിപ്പോര്‍ട്ട്. ഹിമാചലില്‍ ഉരുള്‍പൊട്ടലില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.

◾സംരക്ഷണത്തിനു കോടതി ഉത്തരവുണ്ടായിട്ടും ബസുടമയെ ആക്രമിച്ചതിനു പോലീസിനെതിരേ ഹൈക്കോടതി. അടിയേറ്റതു കോടതിയുടെ മുഖത്താണെന്നും ഒന്നു തല്ലീക്കോയെന്ന് പോലീസ് നാടകം കളിച്ചെന്നും സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചു. കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയെ സിഐടിയുക്കാരന്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയേയും സ്റ്റേഷന്‍ ഹൗസ് ഓഫീസറേയും കോടതി മുറിയില്‍ നിര്‍ത്തിപൊരിച്ചു. എത്ര പൊലീസുകാര്‍ അവിടെ ഉണ്ടായിരുന്നെന്നും അക്രമിക്കെതിരേ എന്തു നടപടിയെടുത്തെന്നും കോടതി ചോദിച്ചു. കുമരകം എസ്എച്ചഒയും ഡിവൈഎസ്പിയും സത്യവാങ്മൂലം നല്‍കുകയും 18 നു നേരിട്ടു ഹാജരാകുകയും വേണം. കോടതി ഉത്തവിട്ടു.

◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് തലയില്‍നിന്ന് പോയി കിട്ടിയാല്‍ അത്രയും സന്തോഷമെന്ന് ലോകായുക്ത. കേസ് മാറ്റിവയ്ക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത് നല്ലതാണെന്ന് പരാതിക്കാരനോട് ലോകായുക്ത പറഞ്ഞു. ഇടക്കിടെ പത്രവാര്‍ത്ത വരുമല്ലോ? ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് ഉപലോകായുക്ത ചോദിച്ചു. കേസ് ഈ മാസം 20 ലേക്കു മാറ്റി.

◾മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനിടെ മാധ്യമപ്രവര്‍ത്തകന്‍ ജി. വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി. പ്രതി അല്ലാത്തയാളുടെ മൊബൈല്‍ ഫോണ്‍ എന്തിനു പിടിച്ചെടുത്തെന്ന് കോടതി ചോദിച്ചു. ഫോണ്‍ ഉടന്‍ വിട്ടുനല്‍കണം. മാധ്യമപ്രവര്‍ത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി പറഞ്ഞു.

◾തിരുവനന്തപുരത്ത് മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു, മൂന്നു പേരെ കാണാതായി. പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. കാണാതായ മൂന്നു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ വള്ളമാണ് മറിഞ്ഞത്.

◾വിഴിഞ്ഞത്തിനു സമീപം മുക്കോലയില്‍ കിണറിലെ പഴയ റിംഗ് മാറ്റി പുതിയത് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിലകപ്പെട്ടയാളുടെ മൃതദേഹം പുറത്തെടുത്തു. 47 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് തമിഴ്നാട് സ്വദേശിയായ മഹാരാജിന്റെ മൃതദേഹം പുറത്തെടുത്തത്. കൊല്ലം സ്വദേശികളായ ബാബു, ഷാജി, അജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവസാനവട്ട രക്ഷാപ്രവര്‍ത്തനം.

◾ആലപ്പുഴ ചാത്തങ്കരിയില്‍ ഹൃദ്രോഗമുണ്ടായ 73 കാരിയെ വെള്ളക്കെട്ടുമൂലം യഥാസമയം ആശുപത്രിയില്‍ എത്തിക്കാനാകാത്തതുമൂലം മാര്‍ഗമധ്യേ മരിച്ചു. അച്ചാമ്മ ജോസഫിനു നെഞ്ചു വേദന അനുഭവപ്പെട്ട് രണ്ടര മണിക്കൂറിനുശേഷം നാട്ടുകാര്‍ എത്തിച്ച ജെസിബിയുടെ ബക്കറ്റില്‍ കിടത്തിയാണ് വെള്ളക്കെട്ടില്ലാത്ത പ്രദേശത്ത് എത്തിച്ചത്. വെള്ളക്കെട്ടുമൂലം വീട്ടിലെ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലേക്കു പോകാനായില്ല. ഭര്‍ത്താവ് മാധവന്‍ പൊലീസിന്റെ സഹായം തേടിയെങ്കിലും വാഹനം എത്തിക്കാനായില്ല.

◾കേരളത്തിലേക്കു മടങ്ങാന്‍ അനുമതി തേടി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി വീണ്ടും സുപ്രീം കോടതിയില്‍. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. മഅദനിക്കു നാട്ടിലേക്കു മടങ്ങാന്‍ സുപ്രീം കോടതി നല്‍കിയ അനുമതി നടപ്പാക്കാതിരിക്കാന്‍ അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ സുരക്ഷാ കാരണങ്ങള്‍ അടക്കം വിചിത്രമായ തടസങ്ങള്‍ സൃഷ്ടിച്ചെന്ന് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.

◾തിരുവനന്തപുരത്ത് റൂട്ടുമാറി ഓടിയ സ്വകാര്യ ബസിനെ റോഡില്‍ ബസുകള്‍ നിരത്തിയിട്ടു തടഞ്ഞ് മിന്നല്‍ പണിമുടക്കും മണിക്കൂറുകളോളം ഗതാഗത തടസവുമുണ്ടാക്കിയ കെഎസ്ആര്‍ടിസിയിലെ 61 ജീവനക്കാരെ കുറ്റവിമുക്തരാക്കി. യൂണിയനുകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി മനേജുമെന്റ് അവസാനിപ്പിച്ചത്.

◾ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. തൃശൂര്‍ ദേശമംഗലം സ്വദേശിനി അമ്മാളുക്കുട്ടി (53) ആണ് മരിച്ചത്.

◾തെരുവു നായ ആക്രമണത്തെത്തുടര്‍ന്ന് കോഴിക്കോട് പേരാമ്പ്ര കൂത്താളി പഞ്ചായത്തിലെ ആറ് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. ഇന്നലെ ഈ പ്രദേശത്തെ നാലു പേരെ തെരുവുനായ ആക്രമിച്ചിരുന്നു.

◾കൊച്ചിയില്‍ കുടുംബശ്രീ തട്ടിപ്പിനു പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്. അയല്‍ കൂട്ടങ്ങളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി വായ്പാ തട്ടിപ്പു നടത്തിയ കേസില്‍ പള്ളുരുത്തി സ്വദേശികളായ നിഷ, ദീപ എന്നിവരാണു പിടിയിലായത്. ചോദ്യം ചെയ്യാനായി ഇവരെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.  

◾കാനഡയിലേക്കു വിസ വാഗ്ദാനം ചെയ്ത് 1.15 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഒഡിഷ സ്വദേശി പിടിയില്‍. റൂര്‍ക്കല സ്വദേശി ഡാനിയേല്‍ ബിറുവയെ (49) ആണ് മലപ്പുറം കാളികാവ് മാളിയേക്കല്‍ സ്വദേശി കുപ്പനത്ത് അബുവിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റു ചെയ്തത്.

◾യാത്രക്കാരനെ കാറിടിപ്പിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും എട്ടു ലക്ഷം രൂപ കവര്‍ന്ന കേസില്‍ നാലുപേര്‍ മഞ്ചേരി പൊലീസിന്റെ പിടിയില്‍. അടൂര്‍ സ്വദേശികളായ സുജിത്ത് (20), വടക്കേടത്തുകാവ് രൂപന്‍ രാജ് (23), സൂരജ് (23), അടൂര്‍ സ്വദേശി സലിന്‍ ഷാജി (22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. ആമ്പല്ലൂര്‍ ലക്ഷംവീട് കോളനിയിലെ നീലന്താനത്ത് അമ്മിണി (82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരുമകള്‍ പങ്കജത്തെ അറസ്റ്റ് ചെയ്തു.

◾സിറോ മലബാര്‍ സഭ അങ്കമാലി അതിരൂപതാ ഭൂമി ഇടപാടില്‍ കള്ളപ്പണമുണ്ടോയെന്ന് അന്വേഷിക്കുന്ന കേസില്‍ എന്‍ഫോഴ്സ്മെന്റിനു മുന്നില്‍ ഹാജരാകാന്‍ അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സാവകാശം തേടി.

◾കുന്നംകുളത്ത് മദ്യലഹരിയില്‍ ബസ് ഓടിച്ച ഡ്രൈവര്‍മാര്‍ പിടിയില്‍. അണ്ടത്തോട് സ്വദേശി അന്‍വര്‍, ഇയാല്‍ സ്വദേശി രബിലേഷ് എന്നിവരാണ് പിടിയിലായത്.

◾ഡല്‍ഹിയില്‍ പെരുമഴ. 40 വര്‍ഷത്തിനിടെ ജൂലൈയില്‍ പെയ്യുന്ന ഏറ്റവും ഉയര്‍ന്ന മഴയാണ് ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. പലയിടത്തും വെള്ളക്കെട്ട്. ഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ പാതി വഴിയില്‍ മുന്നോട്ട് പോകാനാകാതെ കുടുങ്ങി. വാഹനങ്ങള്‍ അടക്കമുള്ള സ്വത്തുവകകള്‍ കുത്തിയൊലിച്ചു പോകാതിരിക്കാന്‍ ഉടമകള്‍ പാടുപെടുന്ന നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍.

◾മണിപ്പൂരിലെ ക്രമസമാധാന ചുമതല ഏറ്റെടുക്കാനാവില്ലെന്നു സുപ്രീം കോടതി. ക്രമസമാധാനം ഉറപ്പാക്കേണ്ടത് തെരഞ്ഞെടുക്കപ്പട്ട സര്‍ക്കാരാണ്. സുരക്ഷയില്‍ ന്യൂനതയുണ്ടെങ്കില്‍ പരിഹരിക്കാന്‍ കോടതിക്ക് ഇടപെടാനാകും. എന്നാല്‍ വിഷയങ്ങളെ ആളിക്കത്തിക്കാന്‍ സുപ്രീം കോടതിയെ വേദിയാക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വാക്കാല്‍ പറഞ്ഞു.

◾മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ ഉദ്ഖനനത്തിനിടെ 1400 വര്‍ഷം പഴക്കമുള്ള മൂന്ന് ബുദ്ധ വിഗ്രഹങ്ങള്‍ കണ്ടെത്തി. ഇവ ബുദ്ധന്റെയും അവലോകിതേശ്വരന്റെയും ബുദ്ധമത ദേവതയായ താരയുടെയും വിഗ്രഹങ്ങളാണ്.

◾അമ്പതാമത് ജിഎസ്ടി കൗണ്‍സില്‍ നാളെ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ചേരും. ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായ കൗണ്‍സിലില്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുക്കും.

◾കര്‍ണാടകയിലെ ജൈന സന്യാസിയെ കൊന്ന് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഖടകഭാവി സ്വദേശി നാരായണ്‍ മാലി, ചിക്കോടി സ്വദേശി ഹസന്‍ ദലായത് എന്നിവരാണ് അറസ്റ്റിലായത്. നാരായണ്‍ മാലിക്കു സന്യാസിയുമായി ഉണ്ടായിരുന്ന പണമിടപാടിനെച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറയുന്നു.

◾ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ 906.29 കോടി രൂപയുടെ സമ്പാദ്യം അവസാനത്തെ കാമുകിക്ക്. 2023 ജൂണ്‍ 12 ന് 86ാം വയസിലാണ് സില്‍വിയോ ബെര്‍ലുസ്‌കോണി അന്തരിച്ചത്. കാമുകിയായിരുന്ന 33 കാരി മാര്‍ത്ത ഫാസിനയ്ക്കാണ് ഇത്രയും തുക വില്‍പത്രത്തില്‍ നീക്കിവച്ചത്.

◾മോശം കാലാവസ്ഥയും വിമാനത്തിലെ അമിത ഭാരവും ചൂണ്ടിക്കാട്ടി ഈസിജെറ്റ് വിമാനത്തിലെ 19 യാത്രക്കാരെ വിമാനത്തില്‍നിന്നും ഇറക്കിവിട്ടു. ജൂലൈ അഞ്ചിന് ലാന്‍സറോട്ടില്‍ നിന്ന് ലിവര്‍പൂളിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം. പ്രതികൂലമായ കാറ്റും ചെറിയ റണ്‍വേയുമാണ് വിമാനത്തിനു പറന്നുയരാന്‍ തടസമെന്ന് പൈലറ്റ് വിശദീകരിച്ച വീഡിയോ വൈറലായി.

◾ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിന് കാനഡ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം. ചൈനയുടെ ലി ഷിഫെങ്ങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 21-കാരനായ ലക്ഷ്യ കിരീടം നേടിയത്. താരത്തിന്റെ രണ്ടാം സൂപ്പര്‍ 500 കിരീടമാണിത്. നേരത്തേ 2022-ലെ ഇന്ത്യ ഓപ്പണിലും ലക്ഷ്യ കിരീടം സ്വന്തമാക്കിയിരുന്നു.

◾ചരക്ക്-സേവന നികുതി വരുമാനത്തില്‍ ഓരോ മാസവും കാഴ്ചവയ്ക്കുന്ന മികവ് ഈ മാസം തുടരാനാവില്ലെന്ന സൂചനയുമായി ഇ-വേ ബില്ലുകളില്‍ വന്‍ കുറവ്. ഓരോ മാസവും രേഖപ്പെടുത്തുന്ന ഇ-വേ ബില്ലുകള്‍ അടിസ്ഥാനമാക്കി, തൊട്ടടുത്ത മാസമാണ് ജി.എസ്.ടി പിരിച്ചെടുക്കുന്നത്. കഴിഞ്ഞ മേയില്‍ 8.81 കോടി ഇ-വേ ബില്ലുകള്‍ ജനറേറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതുപ്രകാരം തൊട്ടടുത്ത മാസമായ ജൂണില്‍ 1.61 ലക്ഷം കോടി രൂപയുടെ ജി.എസ്.ടിയും പിരിച്ചെടുത്തിരുന്നു. എന്നാല്‍, ജൂണില്‍ ജനറേറ്റ് ചെയ്യപ്പെട്ടത് 8.60 കോടി ഇ-വേ ബില്ലുകളാണ്. അതായത്, ഇതടിസ്ഥാനമാക്കി ഈ മാസം നടക്കുന്ന ജി.എസ്.ടി പിരിവ് കുറവായിരിക്കും. ഓഗസ്റ്റ് ഒന്നിനാണ് ഈമാസത്തെ പിരിവിന്റെ വിശദാംശങ്ങള്‍ കേന്ദ്ര ധനമന്ത്രാലയം പുറത്തുവിടുക. 50,000 രൂപയ്ക്കുമേലുള്ളതും ജി.എസ്.ടി ബാധകമായതുമായ ഉല്‍പന്ന/സേവനങ്ങളുടെ സംസ്ഥാനാന്തര നീക്കത്തിന് 2017ലെ സി.ജി.എസ്.ടി റൂള്‍സ് 138 പ്രകാരം അനിവാര്യമായ രേഖയാണ് ഇലക്ട്രോണിക് വേ ബില്‍ അഥവാ ഇ-വേ ബില്‍. ഇ-വേ ബില്ലുകളുടെ എണ്ണം കൂടുന്നത് രാജ്യത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നതിന്റെ തെളിവാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ 1.87 ലക്ഷം കോടി രൂപയും മേയില്‍ 1.57 ലക്ഷം കോടി രൂപയും ജൂണില്‍ 1.61 ലക്ഷം കോടി രൂപയുമാണ് നടപ്പുവര്‍ഷം ഇതുവരെ ജി.എസ്.ടിയായി പിരിച്ചെടുത്തിട്ടുള്ളത്. ഏപ്രിലിലേത് എക്കാലത്തെയും ഉയര്‍ന്ന ജി.എസ്.ടി സമാഹരണമാണ്.

◾സൈബര്‍ ലോകത്ത് തരംഗമായി മാറിയ ത്രെഡ്സ് ലോഗോയെ ചൊല്ലി വെര്‍ച്വല്‍ പോര് മുറുകുന്നു. തമിഴരും മലയാളികളും തമ്മിലാണ് ഇത്തവണ രസകരമായ വെര്‍ച്വല്‍ പോര് നടക്കുന്നത്. മലയാളം യൂണികോഡ് ലിപിയിലെ 'ത്ര'യോടും, 'ക്ര'യോടും ലോഗോയ്ക്ക് സാമ്യമുണ്ടെന്നാണ് മലയാളികളുടെ വാദം. എന്നാല്‍, തമിഴ് ലിപിയിലെ 'കു' പോലെയാണ് ലോഗോ എന്നാണ് തമിഴരുടെ വാദം. ഒറ്റനോട്ടത്തില്‍ ആപ്പിന്റെ ലോഗോ കണ്ടാല്‍ '@' ചിഹ്നം പോലെയാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. ലോഗോ ജിലേബിയെ പോലെയാണെന്ന് പറയുന്ന ആളുകളും ഉണ്ട്. നിലവില്‍, ലോഗോയെക്കുറിച്ച് സക്കര്‍ബര്‍ഗോ, മെറ്റയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ലോഗോയ്ക്ക് പുറമേ, ഇലോണ്‍ മസ്‌ക് സക്കര്‍ബര്‍ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിഞ്ഞുള്ള പോരും ആരംഭിച്ചിട്ടുണ്ട്. ഐഒഎസ്, ആന്‍ഡ്രോയിഡ് എന്നിവയ്ക്കായി നൂറിലധികം രാജ്യങ്ങളിലാണ് മെറ്റ ത്രെഡ്സ് അവതരിപ്പിച്ചിട്ടുള്ളത്. മണിക്കൂറുകള്‍ കൊണ്ട് നിരവധി ഉപഭോക്താക്കളെ നേടാന്‍ കഴിഞ്ഞു എന്നതാണ് ത്രെഡ്സിന്റെ പ്രധാന പ്രത്യേകത. ഇന്‍സ്റ്റഗ്രാമിന്റെ വലിയൊരു വിഭാഗം ഉപഭോക്താക്കളെ ഇതിനോടകം ത്രെഡ്സ് സ്വന്തമാക്കിയിട്ടുണ്ട്.

◾സൂപ്പര്‍ താരം ഷാറുഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരുക്കുന്ന ബോളിവുഡ് ചിത്രം 'ജവാന്‍' ടീസര്‍ എത്തി. നയന്‍താര നായികയാകുന്ന സിനിമയില്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ദീപിക പദുക്കോണ്‍ അതിഥിവേഷത്തിലെത്തുന്നു. പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. രണ്ട് ഗെറ്റപ്പിലാണ് ഷാറുഖ് എത്തുന്നത്. മിലിട്ടറി ഓഫിസറായി ഷാറുഖ് എത്തുന്ന ചിത്രം പ്രതികാരകഥയാണ് പറയുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം. ചിത്രം സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. പഠാന്റെ ബോക്സ് ഓഫിസ് വിജയം ആവര്‍ത്തിക്കാന്‍, തിയറ്ററുകളിലേക്കു ജനസഗാരമൊഴുക്കാന്‍ ഉള്ള എല്ലാ ചേരുവകളും ഉണ്ട് ജവാനിലും എന്നാണ് ആരാധകരുടെ കണക്കു കൂട്ടല്‍. ചിത്രത്തില്‍ ബോളിവുഡില്‍ നിന്നും ടോളിവുഡില്‍ നിന്നുമുള്ള മറ്റു സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യവും ഉണ്ടാവുമെന്ന സൂചനകളും ഉണ്ട്. അനിരുദ്ധ് ആണ് സംഗീതം. ജി.കെ. വിഷ്ണു ഛായാഗ്രഹണം. എഡിറ്റിങ് റൂബെന്‍.

◾വരുണ്‍ ധവാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ബവാല്‍'. ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വരുണ്‍ ധവാന്‍ ചിത്രം 'ബവാലി'ന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം പ്രണയ കഥയാകും പറയുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലായിരിക്കും റിലീസ്. ജൂലൈയില്‍ 21നാണ് വരുണ്‍ ധവാന്‍ ചിത്രത്തിന്റെ റിലീസ് എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിതീഷ് തിവാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനും ജാന്‍വി കപൂറാണ് ട്രെയിലറില്‍ ഉളളത്. വരുണ്‍ ധവാന്റേതായി 'ഭേഡിയ' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.

◾ടൊയോട്ട ഇന്നോവ ഹൈക്രോസ് സ്ഥിരമായി പ്രതിമാസ വില്‍പ്പന 8,000 യൂണിറ്റുകള്‍ കൈവരിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ടൊയോട്ട മോഡലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ശക്തമായ ഹൈബ്രിഡ് കാറുമായി ഇത് മാറി. ഇപ്പോഴിതാ കമ്പനി വാഹനത്തിന്റെ വില കൂട്ടിയിരിക്കുന്നു. തുടക്കത്തില്‍ 18.30 ലക്ഷം മുതല്‍ 28.97 ലക്ഷം രൂപ വരെ വിലയുണ്ടായിരുന്ന ഈ എംപിവിക്ക് അടുത്തിടെ 27,000 രൂപ വരെ ആദ്യ വില വര്‍ദ്ധന ലഭിച്ചു. തല്‍ഫലമായി, ഇന്നോവ ഹൈക്രോസിന്റെ നിലവിലെ വില 18.82 ലക്ഷം മുതല്‍ 30.26 ലക്ഷം രൂപ വരെയാണ്. ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ , ഫോര്‍ച്യൂണര്‍ എസ്യുവികള്‍ക്കും ഗണ്യമായ വില വര്‍ധനയുണ്ടായി. ഹൈറൈഡറിന്റെ പെട്രോള്‍ വേരിയന്റുകള്‍ ഇപ്പോള്‍ 10.86 ലക്ഷം മുതല്‍ 17.34 ലക്ഷം രൂപ വരെ വില പരിധിയില്‍ ലഭ്യമാണ്, അതേസമയം ശക്തമായ ഹൈബ്രിഡ് പതിപ്പിന് 16.46 ലക്ഷം മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് വില. ഹൈറൈഡര്‍ എസ്, ജി സിഎന്‍ജി വേരിയന്റുകള്‍ക്ക് യഥാക്രമം 13.56 ലക്ഷം രൂപയും 15.44 ലക്ഷം രൂപയുമാണ് വില. ടൊയോട്ട ഫോര്‍ച്യൂണര്‍ പെട്രോള്‍ വേരിയന്റുകളുടെ വില 32.99 ലക്ഷം രൂപയും 34.58 ലക്ഷം രൂപയുമാണ്. എസ്യുവിയുടെ ഡീസല്‍ വേരിയന്റുകള്‍ 35.49 ലക്ഷം മുതല്‍ 50.74 ലക്ഷം രൂപ വരെ വില പരിധിയില്‍ വാങ്ങാം. ടൊയോട്ട ഗ്ലാന്‍സ ഹാച്ച്ബാക്കിന്റെ വില ഇപ്പോള്‍ 6.81 ലക്ഷം രൂപയില്‍ തുടങ്ങി 9.63 ലക്ഷം രൂപ വരെ ഉയരുന്നു.

◾ചിരിയും തമാശയും വിഷാദവും ശൃംഗാരവും മരണബോധവും പങ്കിടുന്ന അഞ്ച് ചെറുപ്പക്കാരുടെ ജീവിതചിത്രങ്ങള്‍. കാലത്തിന്റെ അര്‍ത്ഥമില്ല വഴികളിലൂടെ അവര്‍ യാത്ര ചെയുന്നു. എഴുത്തിന്റെ നൂതനപരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന കൃതി. മിലന്‍ കുന്ദേരയുടെ ഏറ്റവും പുതിയ പോസ്റ്റ്മോഡേണ്‍ നോവല്‍. ഫ്രഞ്ചില്‍ നിന്ന് നേരിട്ടുള്ള പരിഭാഷ. 'നിസ്സാരതയുടെ നിറപ്പകിട്ടുകള്‍'. വിവര്‍ത്തനം : സലില ആലക്കാട്ട്. ഗ്രീന്‍ ബുക്സ്. വില 135 രൂപ.

◾ശരീരത്തില്‍ പ്രോട്ടീന്റെ കുറവ് ഉണ്ടായാല്‍ ഹോര്‍മോണ്‍ വ്യതിയാനം, മസിലുകള്‍ക്ക് പ്രശ്നങ്ങള്‍, വിളര്‍ച്ച, ത്വക്ക് രോഗങ്ങള്‍ എന്നിവ ഉണ്ടാകാം. പ്രോട്ടീന്‍ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. സാല്‍മണ്‍ ഒരു ഫാറ്റി മത്സ്യമായി കണക്കാക്കപ്പെടുന്നു. അതായത് ഒമേഗ -3 ഫാറ്റി ആസിഡുകള്‍ നിറഞ്ഞതാണ്. പ്രോട്ടീന്റെ മികച്ച ഉറവിടം കൂടിയാണ് സാല്‍മണ്‍ മത്സ്യം. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളിലൊന്നാണ് ചിക്കന്‍. വേവിച്ച അരക്കപ്പ് ചിക്കനില്‍ 22 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. 172 ഗ്രാം ചിക്കന്‍ ബ്രസ്റ്റില്‍ 54 ഗ്രാം പ്രോര്‍ട്ടീന്‍ അടങ്ങിയിട്ടുണ്ട്. ബീന്‍സ്, പയര്‍ എന്നിവ ആരോഗ്യകരമായ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. 100 ഗ്രാം ബീന്‍സില്‍ ആറ് ഗ്രാം പ്രോട്ടീനുണ്ട്. അതേസമയം 100 ഗ്രാം വേവിച്ച പയര്‍ 9 ഗ്രാം പ്രോട്ടീനുണ്ട്. ജീവകം സി, പ്രോട്ടീന്‍, ഫോളേറ്റ് എന്നിവയുടെ കലവറയാണ് സോയാബീന്‍. സാച്ചുറേറ്റഡ് ഫാറ്റ് ഇതില്‍ തീരെ കുറവാണ്. കാല്‍സ്യം, ഫൈബര്‍, അയണ്‍, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവ സോയാബീനില്‍ ധാരാളം ഉണ്ട്. ഒരു ബൗള്‍ വേവിച്ച സോയാബീനില്‍ 26 ഗ്രാം പ്രോട്ടീന്‍ ഉണ്ട്. മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും പേശികളുടെ വളര്‍ച്ചയ്ക്കും ശക്തിയും നല്‍കുന്നതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഏറ്റവും അത്യാവശ്യമായ അമിനോ ആസിഡുകളിലൊന്നായ ല്യൂസിന്‍ മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 1 മുട്ടയില്‍ 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അര കപ്പ് പനീറില്‍ ഏകദേശം 15 ഗ്രാം പ്രോട്ടീനുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലും കുറയ്ക്കുന്നതിലും പനീര്‍ പ്രധാന പങ്ക് വഹിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 82.63, പൗണ്ട് - 105.85, യൂറോ - 90.51, സ്വിസ് ഫ്രാങ്ക് - 92.88, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.92, ബഹറിന്‍ ദിനാര്‍ - 219.19, കുവൈത്ത് ദിനാര്‍ -268.98, ഒമാനി റിയാല്‍ - 214.90, സൗദി റിയാല്‍ - 22.02, യു.എ.ഇ ദിര്‍ഹം - 22.50, ഖത്തര്‍ റിയാല്‍ - 22.69, കനേഡിയന്‍ ഡോളര്‍ - 62.18.