◾കനത്ത പേമാരിയില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാഷ്മീര്‍ എന്നീ സംസ്ഥാനങ്ങളിലായി 16 പേര്‍ മരിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുംമൂലം വന്‍ നാശം. പുഴകള്‍ കവിഞ്ഞൊഴുകി. മിന്നല്‍ പ്രളയത്തിലും മരങ്ങള്‍ വീണും നൂറുകണക്കിനു വീടുകള്‍ തകര്‍ന്നു. വാഹനങ്ങള്‍ ഒലിച്ചുപോയി. ഡല്‍ഹിയിലും ശക്തമായ മഴ ജനജീവിതത്തെ ബാധിച്ചു.
◾പശ്ചിമ ബംഗാളിലെ അറുനൂറോളം പോളിംഗ് ബൂത്തുകളില്‍ ഇന്നു റീ പോളിംഗ്. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അക്രമങ്ങളും ബോംബുസ്ഫോടനങ്ങളും മൂലം വോട്ടെടുപ്പു തടസപ്പെട്ട ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പു നടത്തുന്നത്. അക്രമങ്ങളില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.
◾ഏക സിവില്‍ കോഡിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരേയും കേസുകളുമായി വേട്ടയാടുന്ന സംസ്ഥാന സര്‍ക്കാരിനെതിരേയും സംവാദ, സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന്. ഏക സിവില്‍ കോഡിനെതിരേ കോണ്‍ഗ്രസില്ലാത്ത സംവാദത്തിന് ഇല്ലെന്നാണ് മുസ്ലിം ലീഗ് തീരുമാനിച്ചത്. സിപിഎം നടത്തുന്ന സെമിനാറില്‍ പങ്കെടുക്കേണ്ടെന്ന മുസ്ലീം ലീഗ് തീരുമാനം കോണ്‍ഗ്രസിന് ആശ്വാസമായെങ്കിലും ദേശീയതലത്തില്‍ ഇടപെടണമെന്ന സമ്മര്‍ദമാണു ലീഗ് കോണ്‍ഗ്രസിനു മുന്നില്‍ വച്ചിരിക്കുന്നത്.
◾കുട്ടനാട്, തിരുവല്ല, കോട്ടയം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വെള്ളക്കെട്ട് രൂക്ഷമായ കുട്ടനാട് പ്രൊഫഷണല്‍ കോളജുകള്‍ക്കും അംഗന്‍വാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
◾കെ റെയില്‍ മാറ്റങ്ങളോടെ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. അണ്ടര്‍ ഗ്രൗണ്ട്, എലവേറ്റര്‍ രീതിയില്‍ പദ്ധതി നടപ്പാക്കിയാല്‍ സ്ഥലം ഏറ്റെടുക്കലും ചെലവും കുറയും. കെ റെയിലിനു പിന്തുണ തേടി കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ വി തോമസ് ഇന്നലെ ഇ ശ്രീധരനെ പൊന്നാനിയിലെ വീട്ടിലെത്തി കണ്ടിരുന്നു.
◾അടുത്ത വ്യാഴാഴ്ച വരെ കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്രകാലാവസ്ഥാ വകുപ്പ്. മത്സ്യബന്ധനത്തിനു പോകരുതെന്ന് നിര്‍ദേശമുണ്ട്.
◾ഇടുക്കി വണ്ടന്‍മേട് രാജാക്കണ്ടത്തിനു സമീപം ഞാറക്കുളത്ത് പാറമടക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്. ഇവരടക്കം അഞ്ചംഗ സംഘമാണ് കുളത്തിലിറങ്ങിയത്.
◾മാഹി മലയാള കലാഗ്രാമം സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ എ.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 96 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു രാത്രിയോടെ മൃതദേഹം തലശേരിയിലേക്കു കൊണ്ടുവരും.
◾ഏക സിവില്‍ കോഡില്‍ സിപിഎം രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി നടത്തുന്ന അതേ ശ്രമം തന്നെയാണ് സിപിഎം നടത്തുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സമുദായങ്ങളെ തമ്മില്‍ അടിപ്പിക്കുന്ന സിപിഎം ജനങ്ങളോടു മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.
◾കാസര്‍ഗോഡ്, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ വിവിധ പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍നിന്നു മുഴക്കവും ചെറിയതോതില്‍ വിറയലും അനുഭവപ്പെട്ടു.
◾അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ തെരുവുനായ അക്രമിച്ചു. മാമ്പള്ളി കൃപാനഗറില്‍ റീജന്‍ - സരിത ദമ്പതികളുടെ മകള്‍ റോസ്ലിയെയാണ് തെരുവു നായ ആക്രമിച്ചത്. മുഖത്തടക്കം കടിയേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾അപകീര്‍ത്തിക്കേസില്‍ മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തി മുഴുവന്‍ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിരുന്നു.
◾സിപിഎമ്മില്‍ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വിഷ്ണുരക്തസാക്ഷി ഫണ്ടില്‍നിന്ന് അഞ്ചു ലക്ഷം രൂപ തിരിമറി നടത്തിയെന്ന പരാതിയില്‍ സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം രവീന്ദ്രന്‍ നായര്‍ക്കെതിരേ പാര്‍ട്ടി അന്വേഷണം.
◾തിരുവനന്തപുരത്ത് പള്ളിത്തുറയില്‍ കാറിലും വീട്ടിലുമായി 150 കിലോ കഞ്ചാവും 500 ഗ്രാം എംഡിഎംഎയുമായി നാലു പേരെ അറസ്റ്റു ചെയ്തു.
◾കോട്ടയം പാലായ്ക്കടുത്ത് വലവൂരില്‍ രണ്ടു ദിവസം മുമ്പു കാണാതായ ലോട്ടറി വില്‍പനക്കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തി. ഇവരുടെ സുഹൃത്തായ ലോട്ടറി വില്‍പ്പനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രീതിയെ കൊന്ന ശേഷം പ്രകാശന്‍ സ്വയം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
◾ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിയിലുള്ള ജ്ഞാനജ്യോതിയമ്മാളിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ അടുക്കള ഭാഗവും മുന്‍ വാതിലും കാട്ടാന തകര്‍ത്തു. ചക്കക്കൊമ്പനാണ് ആക്രമിച്ചതെന്നു നാട്ടുകാര്‍ പറയുന്നു.
◾കൊടുവള്ളിയില്‍ 38 ലക്ഷം രൂപയുടെ കുഴല്‍പണവുമായി രണ്ടു പേര്‍ പൊലീസിന്റെ പിടിയില്‍. കൊടുവള്ളി തലപെരുമണ്ണ തടായില്‍ ഇഷാം (36), കൊടുവള്ളി ആലപ്പുറായില്‍ ലത്തീഫ് (ദിലീപ് 43) എന്നിവരാണ് പിടിയിലായത്.
◾മലപ്പുറം അമരമ്പലം പഞ്ചായത്തിലെ കുതിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും മൃതദ്ദേഹങ്ങള്‍ കണ്ടെത്തി. അമരമ്പലം സൗത്ത് കുന്നുംപുറത്ത് വീട്ടില്‍ സുശീല(55), പേരമകള്‍ അനുശ്രീ(12)യുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
◾സുഹൃത്തിന്റെ വീട്ടില്‍ മാമോദീസയ്ക്ക് അതിഥിയായി വന്ന് ഡയമണ്ട് നെക്ലെസ് ഉള്‍പ്പെടെയുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. ഇടുക്കി കൊന്നത്തടി വെള്ളത്തൂവല്‍ എരുപ്പേക്കാട്ടില്‍ വീട്ടില്‍ റംസിയ (30) യെയാണ് കോടനാട് പൊലീസ് അറസ്റ്റു ചെയ്തത്.
◾ആര്‍എസ്എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ക്കെതിരേ വിവാദ കമന്റുകളുള്ള ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരേ കേസ്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പരാതിയില്‍ ഇന്‍ഡോര്‍ പോലീസാണു കേസെടുത്തത്.
◾തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനു കത്തയച്ചു. ഗവര്‍ണര്‍ നടത്തിയ നിയമലംഘനങ്ങളുടെ പട്ടിക ഉള്‍പെടുത്തിയാണ് കത്തയച്ചത്.
◾ഫോണ്‍ തട്ടിയെടുക്കാനുള്ള ശ്രമം തടയുന്നതിനിടെ ചെന്നൈയില്‍ യുവതി ട്രെയിനില്‍നിന്നു വീണുമരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 22 കാരി ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു. ഫോണ്‍ തട്ടിയെടുത്ത രണ്ടു പ്രതികളെയും പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
◾സാമ്പത്തിക തട്ടിപ്പു കേസില്‍ വിശാഖപട്ടണത്ത് അറസ്റ്റിലായ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും സിനിമാതാരവുമായ സ്വര്‍ണലതയെ നാവിക സേനിയില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ കബളിപ്പിച്ചു പണം തട്ടിയെ കേസിലും അറസ്റ്റു ചെയ്തു. 500 രൂപ തന്നാല്‍ രണ്ടായിരം രൂപയാക്കി മടക്കിത്തരുമെന്നു വിശ്വസിപ്പിച്ച് 12 ലക്ഷം രൂപയാണ് സിഐയും കോണ്‍സ്റ്റബിളും ഹോം ഗാര്‍ഡും അടക്കമുള്ള നാലംഗ സംഘം തട്ടിയെടുത്തത്.
◾പബ്ജി കളിയിലൂടെ പരിചയപ്പെട്ട കാമുകനെ കല്യാണം കഴിക്കാന്‍ സ്വത്തെല്ലാം വിറ്റ് നാലു കുട്ടികളുമായി ഇന്ത്യയിലെത്തിയ സീമ എന്ന പാക്കിസ്ഥാന്‍കാരിയെ തിരിച്ചയക്കണമെന്ന് പാക്കിസ്ഥാനിലെ ഭര്‍ത്താവ് ഗുലാം ഹൈദര്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും ഇടപെടണമെന്ന വീഡിയോ സന്ദേശം ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
◾മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് 15 യുവതികളെ വിവാഹം ചെയ്ത് ആഭരണങ്ങളും പണവുമായി മുങ്ങിയ യുവാവ് അറസ്റ്റില്‍. ബംഗളുരു കാളിദാസ നഗര്‍ സ്വദേശിയായ കെ.ബി മഹേഷ് (35) ആണ് അറസ്റ്റിലായത്. ഡോക്ടര്‍, എന്‍ജിനീയര്‍, കോണ്‍ട്രാക്ടര്‍ എന്നിങ്ങനെയുള്ള ജോലി ചെയ്യുന്നയാളാണെന്നു വിശ്വസിപ്പിച്ചാണ് ഇത്രയും വിവാഹം നടത്തിയത്.
◾ഡല്‍ഹി ഐഐടിയില്‍ അവസാന വര്‍ഷ എന്‍ജിനീയറിംഗ് ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ 20 വയസുകാരന്‍ ആയുഷ് അഷ്നയാണ് കാമ്പസിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്.
◾അരങ്ങേറ്റ മത്സരത്തില്‍ വിക്കറ്റെടുത്ത് മലയാളികളുടെ അഭിമാന താരം മിന്നു മണി. ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി20 യില്‍ അരങ്ങേറ്റം കുറിച്ച മിന്നു മൂന്നോവറില്‍ 21 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്. മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനെ ഏഴുവിക്കറ്റിന് തകര്‍ത്തു . ബംഗ്ലാദേശ് ഉയര്‍ത്തിയ 115 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
◾ആവേശകരമായ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് വിജയം. ഒരു ദിവസം ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ വിജയത്തോടെ സ്‌കോര്‍ 2-1 ആക്കി ഇംഗ്ലണ്ട് പ്രതീക്ഷകള്‍ സജീവമാക്കി.
◾ഐപിഒയിലൂടെ കോടികള്‍ സമാഹരിച്ച് ഗ്രീന്‍ഷെഫ് അപ്ലൈയന്‍സ് ലിമിറ്റഡ്. എന്‍എസ്ഇ എമേര്‍ജില്‍ പുതുതായി ചെയ്യപ്പെട്ടതിന് പിന്നാലെയാണ് മികച്ച മുന്നേറ്റം കാഴ്ചവച്ചത്. 87 രൂപയാണ് ഓഹരികളുടെ ഇഷ്യൂ പ്രൈസായി നിശ്ചയിച്ചത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 53.62 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിച്ചിരിക്കുന്നത്. ഏകദേശം 60 തവണ ഓഹരികള്‍ ഓവര്‍ സബ്സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. ജൂണ്‍ 23 മുതല്‍ 27 വരെയാണ് നിക്ഷേപകര്‍ക്ക് സബ്സ്‌ക്രിപ്ഷന്‍ സമയം അനുവദിച്ചിരുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോം അപ്ലൈയന്‍സ് കമ്പനിയാണ് ഗ്രീന്‍ഷെഫ്. നിലവില്‍, കമ്പനിക്ക് നാല് പ്ലാന്റുകളാണ് ഉള്ളത്. ഇവയില്‍ മൂന്നെണ്ണം ബെംഗളൂരുവിലും, ഒരെണ്ണം ഹിമാചല്‍ പ്രദേശിലുമാണ് സ്ഥിതി ചെയ്യുന്നത്. ഘട്ടം ഘട്ടമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബീഹാര്‍ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. കമ്പനിയുടെ ഭൂരിഭാഗം ഉപഭോക്താക്കളും അസംഘടിത മേഖലയില്‍ നിന്നുള്ളവരാണ്.
◾അക്ഷയ് രാധാകൃഷ്ണന്‍, നന്ദന രാജന്‍, ടി.ജി. രവി, ഇര്‍ഷാദ് അലി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'ഭഗവാന്‍ ദാസന്റെ രാമരാജ്യം' സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്സണ്‍ കല്ലടയില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പില്‍ ആണ്. ഫെബിന്‍ സിദ്ധാര്‍ഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ശിഹാബ് ഓങ്ങല്ലൂരാണ്. പ്രശാന്ത് മുരളി, മണികണ്ഠന്‍ പട്ടാമ്പി, വശിഷ്ട് വസു (മിന്നല്‍ മുരളി ഫെയിം) റോഷ്‌ന ആന്‍ റോയ്, നിയാസ് ബക്കര്‍, വിനോദ് തോമസ്, വരുണ്‍ ധാര തുടങ്ങിയ നിരവധി താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുന്ന ഭഗവാന്‍ ദാസന്റെ രാമരാജ്യം ജാതി മത വേര്‍തിരിവുകളുടെ രാഷ്ട്രീയത്തിനെതിരെ വിരല്‍ ചൂണ്ടുന്നുണ്ട്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ചിത്രീകരിച്ച സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത് വിഷ്ണു ശിവശങ്കര്‍ ആണ്.
◾സീമ ജി നായരുടെ കരിയറിലെ മികവുറ്റ ഒരു വേഷംകൂടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന 'കൊറോണ ധവാന്‍' എന്ന ചിത്രത്തിലെ സുമിത്ര എന്ന കഥാപാത്രത്തെയാണ് സീമ അവതരിപ്പിക്കുന്നത്. പുതിയ കാരക്ടര്‍ പോസ്റ്ററില്‍ ചക്ക നേരെയാക്കുന്ന കഥാപാത്രത്തെ കാണാം. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ഈ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രം ഉടന്‍തന്നെ തീയറ്ററുകളിലെത്തും. ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു മുഴു നീളന്‍ കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത്. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപാല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
◾വൈദ്യുത ഇരുചക്ര വാഹനോപയോഗം പ്രോത്സാഹിപ്പിക്കാനായി സബ്‌സിഡിക്ക് അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ എണ്ണം പത്തുലക്ഷത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് സ്‌കീം രണ്ടാംഘട്ടം പ്രകാരം 5.64 ലക്ഷം വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് സബ്‌സിഡി നല്‍കും. നടപ്പുവര്‍ഷം അഞ്ചുലക്ഷം വൈദ്യുത സ്‌കൂട്ടറുകളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് പുതിയ തീരുമാനം. ഇതോടെ, ആനുകൂല്യം ലഭിക്കുന്ന ആകെ വാഹനങ്ങളുടെ എണ്ണം 10 ലക്ഷം കടക്കും. പദ്ധതിപ്രകാരം ആനുകൂല്യം ലഭ്യമാക്കാന്‍ അനുവദിക്കുന്ന തുക 2,000 കോടി രൂപയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍പാദത്തില്‍ 75 ശതമാനം കൂട്ടി 3,500 കോടി രൂപയാക്കിയിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ മൂന്ന് മടങ്ങ് വര്‍ദ്ധനയോടെ 7.27 ലക്ഷം വൈദ്യുത സ്‌കൂട്ടറുകളാണ് 2022-23ല്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. ഇവയില്‍ 40 ശതമാനം സ്‌കൂട്ടറുകള്‍ക്കാണ് ഫെയിം-2 പ്രകാരം ഇതിനകം സബ്‌സിഡി ലഭിച്ചത്. വൈദ്യുത വാഹനോപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് പറയുന്നതിനിടയിലും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞമാസം മുതല്‍ സബ്‌സിഡി ആനുകൂല്യം കുത്തനെ വെട്ടിക്കുറച്ചിരുന്നു. എക്‌സ്‌ഷോറൂം വിലയുടെ 40 ശതമാനമെന്നത് 15 ശതമാനമായാണ് കുറച്ചത്. ഇതോടെ, വാഹനങ്ങള്‍ക്ക് വില ഉയര്‍ന്നത് വില്‍പനയെയും സാരമായി ബാധിച്ചു. ദേശീയതലത്തില്‍ പ്രതിമാസം ശരാശരി 60,000 സ്‌കൂട്ടറുകള്‍ വിറ്റഴിഞ്ഞിരുന്നത് 46,000ഓളമായി കുറയുകയും ചെയ്തു.
◾യഥാര്‍ത്ഥ ഗൗതമന്റെ ജന്മഭൂമിയായ ലുംബിനി മുതല്‍ ബോധ്ഗയ വരെ ഒരു ചോദ്യവുമായി നടത്തിയ യാത്ര. 'ബുദ്ധാ, നീ എന്നെ അറിയുന്നുവോ' എന്ന് എഴുത്തുകാരന്റെ തന്നെ ചോദ്യത്തിനുള്ള മറുപടിയാണ് ഈ കുറിപ്പുകള്‍. ആയിരം വര്‍ഷത്തിലേറെ സ്ഫുടം ചെയ്ത ബുദ്ധാശ്രമങ്ങളില്‍ പല നാടുകളില്‍ നിന്നെത്തിയ ഭിക്ഷുക്കളും സഞ്ചാരികളും കൂട്ടമായി നടന്നു കയറുമ്പോള്‍ കെ.ആര്‍ അജയനും അവരില്‍ ഒരാള്‍ ആകുന്നു. പലവിധ സംസ്‌കാരങ്ങള്‍ അതേ കാലാവസ്ഥയോടെ വായനാനുഭവത്തിലേക്കും വന്നുചേരുന്നുണ്ട്. കാടും മഞ്ഞും പുക മൂടുന്ന കാഴ്ചകളും ഹിമാലയവും അതിര്‍ത്തി ഗ്രാമങ്ങളും സാഹസിക യാത്രകളെ നേര്‍ത്തതാക്കുന്നു. ബുദ്ധ മന്ത്രങ്ങള്‍ കാറ്റിലലയുന്നു. 'ബുദ്ധാ, നീയെന്നെ അറിയുന്നുവോ'. കെ ആര്‍ അജയന്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 275 രൂപ.
◾അര്‍ദ്ധരാത്രിയില്‍ ഉണര്‍ന്നാല്‍ വീണ്ടും ഉറക്കത്തിലേക്ക് പോകാന്‍ കഴിയാത്തതാണ് മുതിര്‍ന്നവര്‍ നേരിടുന്ന പ്രശ്നം. ഉറങ്ങാന്‍ ബുദ്ധിമുട്ട് നേരിടുന്നതിനൊപ്പം ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലും അലട്ടുന്നുണ്ടാകും. പ്രായമായാല്‍ നമ്മുടെ ശരീരത്തെ ബാധിക്കുന്നത് പോലെ സ്വാഭാവികമായി ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന സമയത്തെയും ബാധിക്കും. പ്രായമാകുന്തോറും നമ്മുടെ തലച്ചോറിന്റെ പ്രതികരണശേഷി കുറയുന്നതാണ് ഉറക്ക രീതികളിലെ മാറ്റത്തിന് പിന്നിലെ ഒരു പ്രധാന കാരണം. സൂര്യാസ്തമയം, സൂര്യപ്രകാശം മുതലായ ഇന്ദ്രിയങ്ങളോടുള്ള നമ്മുടെ മസ്തിഷ്‌കത്തിന്റെ പ്രതികരണങ്ങള്‍ വര്‍ധക്യത്തോട് അടുക്കുംതോറും മാറ്റം സംഭവിക്കും. ചിലപ്പോള്‍ നമ്മുടെ സമയബോധത്തെയും ഒരു ദിവസം എവിടെ തുടങ്ങുന്നു എന്ന് നിശ്ചയിക്കാനുള്ള കഴിവിനെയും ഈ മാറ്റം തടസ്സപ്പെടുത്തും. ഒരു പ്രായം കഴിഞ്ഞാല്‍ പൂര്‍ണമായും വിശ്രമത്തിലേക്കാണ് പോകുന്നത്. അതിനാല്‍ തന്നെ സാധാരണയെക്കാള്‍ നേരത്തെ ഉണരുകയും ചെയ്യും. പ്രായത്തിനനുസരിച്ച് വരുന്ന കാഴ്ചയിലെ മാറ്റങ്ങള്‍ നമ്മുടെ തലച്ചോറിന് ലഭിക്കുന്ന പ്രകാശ ഉത്തേജനത്തിന്റെ തീവ്രത കുറയ്ക്കുന്നു. ഈ പ്രകാശ ഉത്തേജനം നമ്മുടെ സര്‍ക്കാഡിയന്‍ ക്ലോക്ക് ക്രമീകരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മങ്ങിയ കാഴ്ച, ഇരട്ടിയായി കാണുക, പൊതുവായ കാഴ്ചക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം തിമിരമുള്ള മുതിര്‍ന്നവരില്‍ സാധാരണയായി ഈ അവസ്ഥ അനുഭവപ്പെടാറുണ്ട്. നന്നായി ഉറങ്ങണമെന്നുണ്ടെങ്കില്‍ ഒരിക്കലും നേരത്തെ ഉറങ്ങാന്‍ ശ്രമിക്കരുത്. അതിരാവിലെ എഴുന്നേല്‍ക്കാതിരിക്കാന്‍ ഇതൊരു പരിധി വരെ സഹായിച്ചേക്കാം. വൈകുന്നേരങ്ങളില്‍, സൂര്യാസ്തമയത്തിന് 30 മുതല്‍ 60 മിനിറ്റ് വരെ പുറത്തുനില്‍ക്കുന്നത് വളരെ നല്ലതാണ്. സൂര്യാസ്തമയത്തിന് മുന്‍പ് പുറത്ത് നടക്കാന്‍ പോവുക. ബ്രൈറ്റ്നസ് കൂടിയ ഒരു ഐപാഡിലോ മറ്റോ വായന ശീലമാക്കുന്നതും നല്ലതാണ്. നേരത്തെയുള്ള മെലറ്റോണിന്‍ ഉത്പാദനം നിലനിര്‍ത്താന്‍ സഹായിക്കുകയും നിങ്ങളുടെ ഉറക്കചക്രം ശരിയാക്കുകയും ചെയ്യാന്‍ ഇത് സഹായകമാകും.