കൊല്ലം: കൊല്ലം സിറ്റി പൊലീസ് സ്പെഷ്യല്‍ ഡ്രൈവിൽ മദ്യപിച്ച് വാഹനം ഓടിച്ച 167 പേർ പിടിയിൽ. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം 27.07.2022 ന് രാത്രി 7 മണി മുതല്‍ 28.07.2022 പകല്‍ 2 മണി വരെ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയും മദ്യപിച്ച് വാഹനം ഓടിച്ച 167 പേരെയും പിടികൂടിയെന്ന് കൊല്ലം പൊലീസ് അറിയിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ പി എസിന്‍റെ നിര്‍ദ്ദേശാനുസരണം കൊല്ലം, ചാത്തന്നൂര്‍, കരുനാഗപ്പള്ളി എ സി പി മാരുടെ നേതൃത്വത്തില്‍ എല്ലാ പൊലീസ് ഇന്‍സ്പെക്ടര്‍ മാരേയും, സിറ്റിയിലെ പരമാവധി പൊലീസ് ഉദ്ദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു കൊണ്ട് നടന്ന സ്പെഷ്യല്‍ ഡ്രൈവിലാണ് നിരവധി ക്രിമിനലുകളും മദ്യപിച്ച് വാഹനം ഓടിച്ചവരും പൊലീസിന്‍റെ പിടിയിലായത്.ഗൂരുതരമായ കേസുകളില്‍ ഉള്‍പ്പെട്ട് മുങ്ങി നടന്ന ഒരാളെ വീതം അഞ്ചാലുംമൂട്, ചാത്തന്നൂര്‍, പാരിപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ നിന്നും, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 6 പ്രതികളെ ചാത്തന്നൂര്‍, കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷന്‍ പരിധിയില്‍ നിന്നും പിടികൂടി. സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ചതിന് 14 കേസുകളും, അബ്കാരി ആക്ട് പ്രകാരം 59 കേസ്സുകളും രജിസ്റ്റര്‍ ചെയ്യ്തു. ജാമ്യം ഇല്ലാ വാറണ്ട് പ്രകാരം 58 പേരെയും, ലോങ്ങ് പെന്‍ഡിങ്ങ് വാറണ്ട് പ്രകാരം 17 പേരെയും സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് ചെയ്യ്തു.34 കെ ഡി കളേയും 118 റൗഡികളേയും കാപ്പാ നിയമപ്രകാരം സഞ്ചലനനിയന്ത്രണം ഏര്‍പ്പെടുത്തിയ 14 പേരെയും സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി താമസ സ്ഥലങ്ങളില്‍ എത്തി പരിശോധിച്ചു. സാമൂഹിക വിരുദ്ധരെ അമര്‍ച്ച ചെയ്യുന്നതിന്‍റെ ഭാഗമായി വരും ദിവസങ്ങളിലും ഇതുപോലെയുള്ള കര്‍ശന പരിശോധന തുടരുമെന്നും സിറ്റി പൊലീസ് മേധാവി അറിയിച്ചു.