കൊടും തണുപ്പും മഴയും തളര്‍ത്തിയില്ല, 14800 അടി ഉയരെ ഹുറാടോപ്പില്‍ കേരളത്തിന് അഭിമാനമായി 19കാരി അനിഷ്മ

തിരുവനന്തപുരം: ഉത്തരാഖണ്ഡിലെ ഹുറാ ടോപ്പിൽ 14,800 അടി ഉയരത്തിൽ കാൽ തൊട്ട് കേരളത്തിന് അഭിമാനമായി ആര്യനാട് സ്വദേശിനിയായ 19കാരി അനിഷ്മ. ദൊക്രാണി ഗ്ലേഷ്യറിലെ ഹുറാ ടോപ്പിൽ ആണ് ആര്യനാട് പറണ്ടോട് മുള്ളൻകല്ല് അക്ഷയ ഭവനിൽ സി.അനിൽകുമാർ -എ ഷൈനി ദമ്പതികളുടെ മകൾ തിരുവനന്തപുരം വിമൻസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയുമായ അനിഷ്മ എസ്.അനിൽ കയറിയത്. ഇൻറർ കോളേജ് മീറ്റിൽ ഖോ ഖോ താരമായ അനിഷ്മ ദേശീയ തലത്തിലും പങ്കെടുത്തിട്ടുണ്ട്.പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഉത്തരകാശിയിൽ നെഹ്റു പർവതാരോഹണ നിലയം ഇക്കഴിഞ്ഞ മേയ് 27 മുതൽ ജൂൺ 23 വരെ പരിശീലനം സംഘടിപ്പിച്ചിരുന്നു. ഇതിൽ കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റിൽ എൻസിസിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അനിഷ്മ എസ്.അനിൽ അൽഫാ ഗ്രേഡോടെ പരിശീലനം പൂർത്തിയാക്കിയിരുന്നു. തിരുവനന്തപുരം ഗ്രൂപ്പിലെ ഒന്നാം കേരള വനിത ബറ്റാലിയനിലെ എൻസിസി കെഡറ്റ് ആണ് അനിഷ്മ. ആദ്യം പത്തു ദിവസം ഇൻസ്റ്റിറ്റ്യൂട്ടിൽ തന്നെ ആയിരുന്നു പരിശീലനം. ശേഷം നെഹ്റു പർവതാരോഹണ നിലയം ക്യാപസിലെ തേക്കല റോക്ക് ക്ലൈമ്പിങ് ഏരിയയിൽ ആയിരുന്നു പരിശീലനം.ഇവിടെ റോക്ക് ക്ലൈംബിങ്, മാപ്പ് റീഡിങ്, ശാരീരിക ക്ഷമത, കാലാവസ്ഥയെ തരണം ചെയ്യൽ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം ലഭിച്ചു. തുടർന്നുള്ള 15 ദിവസങ്ങളിൽ മഞ്ഞുമലനിരകൾ നിറഞ്ഞ ദൊക്രാണി ഗ്രേഷ്യർ, ഹുറാടോപ്പ് ബേസ് ക്യാംപിൽ ആയിരുന്നു പരിശീലനം. ക്യാംപിന്റെ അവസാന ദിവസത്തിൽ മെയ് 17 ന് ആണ് 14,800 അടി ഉയരത്തിലുള്ള ഹൂറാ ടോപ്പ് കയറിയത്. പുലർച്ചെ അഞ്ചര മണിക്ക് ആരംഭിച്ച പ്രയാണം 11 മണിയിടെയാണ് ടോപ്പിൽ എത്തിയത്. ആകെ 79 പേരിൽ 63 പേരാണ് പരിശീലനം പൂർത്തിയാക്കിയതെന്ന് അനിഷ്മ പറഞ്ഞു.ദേശീയ തലത്തിൽ ആകെ 11 എൻ സി സി കേഡറ്റുകൾക്ക് ആണ് അവസരം. നോർത്ത് ഇന്ത്യൻ സ്വദേശികളും വിദേശികളും പരിശീലനത്തിൽ പങ്കെടുത്തിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് നിന്ന് ബേസ് ക്യാമ്പിൽ എത്തുമ്പോൾ കാഠിന്യം നിറഞ്ഞ തണുപ്പിനെ അതിജീവിക്കാൻ മൂന്ന് ജാക്കറ്റ് വരെ വസ്ത്രത്തിന് പുറമേ ധരിച്ചിരുന്നുവെന്നാണ് അനിഷ്മ പര്‍‌വ്വതാരോഹണ അനുഭവത്തേക്കുറിച്ച് പറയുന്നത്. അടിക്കടി പെയ്ത മഴയും കാഠിന്യം കൂട്ടി. പലപ്പോഴും ശ്വാസം എടുക്കാൻ പോലും കഴിയാതെ ആണ് 22 കിലോ ഭാരവും ചുമന്നാണ് ഹൂറോ ടോപ് കയറിയത് എന്ന് അനിഷ്‌മ പറഞ്ഞു.പലരും പാതി വഴിയിൽ പിന്മാറിയെങ്കിലും പൂര്‍ത്തിയാക്കണം എന്ന ദൃഢ നിശ്ചയം ആണ് എല്ലാ പരീക്ഷകളും പരീക്ഷണങ്ങളും കടന്ന് ഈ നേട്ടത്തിന് വഴിയൊരുക്കിയത് എന്ന് അനിഷ്‌മ പറഞ്ഞു. ക്ലാസ്, എക്സാം, റോക്ക് നോട്ട് ടെസ്റ്റ്, കാര്യക്ഷമത തുടങ്ങി എല്ലാം പാസ്സ് ആയാലെ ഗ്രേഡിംഗ് കിട്ടു അതും സ്വന്തമാക്കാൻ ഈ മിടുക്കിക്ക് സാധിച്ചു. എ ഗ്രേഡ് കിട്ടിയാലേ തുടർ പരിശീലനം ഒക്കെ സാധ്യമാകൂ. മികച്ച പ്രകടനത്തിലൂടെ അനിഷ്മക്ക് അതും സ്വന്തമായി. ഒരു ഐപിഎസ് ഉദ്യോഗസ്ഥ അകണമെന്ന സ്വപ്നത്തോടൊപ്പം ഖോ ഖോ യില് മികച്ച നേട്ടം കൈവരിക്കണം എന്നും അനിഷ്മക്ക് ആഗ്രഹമുണ്ട്. സാഹസിക വിഷയങ്ങളും ഖോ ഖോ യും ഒക്കെ സ്വപ്നങ്ങളിൽ നിൽക്കുമ്പോൾ അതിനായി കഠിന പ്രയത്ന്ന നടത്തുമ്പോഴും കലാ രംഗത്തും അനിഷ്മ മുന്നിലാണ്.മിമിക്രിയും മോണോ ആക്റ്റും,കഥാ പ്രസംഗവും ഒക്കെ ഈ മിടുക്കിക്ക് വഴങ്ങും. ഉഴമലയ്ക്കൽ ഹയർസെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ അനിഷ്മയെ സ്ക്കൂളിലെ കായിക അദ്ധ്യാപകൻ സഞ്ജയ് കുമാർ ആണ് കഴിവുകൾ തിരിച്ചറിഞ്ഞ് ഖോ ഖോ മത്സര ഇനത്തിൽ പ്രോൽസാഹനം നൽകിയതും വിമൻസ് കോളേജിൽ പ്രവേശനം നേടാൻ നിര്‍ദ്ദേശിച്ചതും. 2020 ൽ ഉത്തർപ്രദേശിൽ വച്ചു നടന്ന സ്ക്കൂൾ ഗെയിംസ് 17 വയസിനു താഴെയുള്ള കേരള ഗേൾസ് ടീം ക്യാപ്റ്റൻ ആയിരുന്നു അനിഷ്മ.തുടർന്ന് കേരള ഒളിമ്പിക്സ്, 2023 ൽ ബാംഗ്ലൂർ വച്ച് നടന്ന ഇന്റർ കൊളീജിയറ്റ് സൗത്ത് സോൺ മീറ്റ്, പഞ്ചാബിൽ വച്ച് നടന്ന ഓൾ ഇന്ത്യാ ഇന്റർ കൊളീജിയറ്റ് മീറ്റ് എന്നീ മൽസരങ്ങളിൽ കേരള ടീം അംഗമായിരുന്നു അനിഷ്മ. അമ്മ ഷൈനി,സഹോദരി അക്ഷയ എസ് അനിൽ എന്നിവരും, സ്കൂൾ കോളേജ് അധ്യാപകരും, ബന്ധുക്കളും സുഹൃത്തുക്കളും എല്ലാ പ്രോത്സാഹനവും നൽകുന്നുണ്ട് എന്ന് അനിഷ്മ പ്രതികരിക്കുന്നു.