തിരുവനന്തപുരം: സംസ്ഥാനത്ത് 138 ഇടങ്ങളില്‍ ഡെങ്കിപ്പനി ഹോട്‌സ്‌പോടുകള്‍ നിര്‍ണയിച്ച് ആരോഗ്യ വകുപ്പ്. ഡെങ്കിപ്പനി രോഗബാധ കൂടുതലുള്ളതും ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യവും കൂടുതലുള്ളതുമായ മേഖലകളാണ് ഡെങ്കിപ്പനി ബാധിത മേഖലകള്‍ അഥവാ ഹോട്‌സ്‌പോടുകളായി നിര്‍ണയിച്ചിട്ടുള്ളത്. കൂടുതല്‍ ഡെങ്കി രോഗ ബാധതരുള്ള കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ഹോട്‌സ്‌പോടുകളുള്ളത്. ഇരു ജില്ലകളിലും ഇരുപത് വീതം ഹോട്‌സ്‌പോടുകളാണുള്ളത്.കോഴിക്കോട് കൂരാച്ചുണ്ട്, മുക്കം, കൊടുവള്ളി, പേരാമ്പ്ര ഉള്‍പ്പെടയുള്ള പ്രദേശങ്ങളാണ് ഹോട്‌സ്‌പോട്ടകളായി തരം തിരിച്ചിട്ടുള്ളത്. കൊല്ലത്ത് അഞ്ചല്‍, കരവാളൂര്‍, തെന്മല, പുനലൂര്‍, കൊട്ടാരക്കര പ്രദേശങ്ങളും ഹോട്‌സ്‌പോടുകളാണ്. ഹോട്‌സ്‌പോടായി നിര്‍ണയിച്ച പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രതക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ ഒമ്പത് ഹോട്‌സ്‌പോടുകളാണുള്ളത്. കൊച്ചി കോര്‍പറേഷന്‍ പ്രദേശം ഹോട്‌സ്‌പോടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലപ്പുറം ടൗണും എടവണയും കരുവാരക്കുണ്ടും ഉള്‍പ്പടെ മലപ്പുറത്ത് പത്ത് പ്രദേശങ്ങള്‍ ഡെങ്കിപ്പനി ബാധിത മേഖലകളുണ്ട്.