വാഹനാപകടത്തില്‍ തല കഴുത്തില്‍ നിന്ന് വേര്‍പെട്ടു; ശസ്ത്രക്രിയയിലൂടെ കൂട്ടിയോജിപ്പിച്ച് ഡോക്ടര്‍മാര്‍; 12കാരന് പുതുജീവന്‍

ഇസ്രായേലിലെ ഡോക്ടര്‍മാര്‍ 12വയസുകാരന് പുതുജീവിതം നല്‍കി. സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ കാര്‍ ഇടിച്ച് തല വേര്‍പെട്ടുപോയ 12വയസുകാരന് അസാധാരണവും സങ്കീര്‍ണ്ണവുമായ ശസ്ത്രക്രിയ നടത്തിയാണ് പുതുജീവിതം നല്‍കിയത്. സൈക്കിളോടിക്കവേയാണ് സുലൈമാന്‍ ഹസന്‍ എന്ന കൗമാരക്കാരന്റെ തലയോട്ടി പൂര്‍ണമായും നട്ടെല്ലിന്റെ ടോപ് വെര്‍ട്ടിബ്രയില്‍ നിന്നും വേര്‍പെട്ടുപോയത്.ആന്തരിക ശിരച്ഛേദമാണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലയോട്ടി നട്ടെല്ലിന്റെ മുകളിലെ കശേരുക്കളില്‍ നിന്ന് വേര്‍പെട്ടു പോവുകയായിരുന്നു. ബൈലാറ്ററല്‍ അറ്റ്‌ലാന്റോ ആന്‍സിപിറ്റല്‍ ജോയിന്റ് ഡിസ്‌ലോക്കേഷന്‍ എന്ന അവസ്ഥയാണിത്.


50 ശതമാനം മാത്രം രക്ഷപ്പെടാന്‍ സാധ്യതയുള്ള ഹസന് പുതുജീവിതം ലഭിച്ചത് വെറുമൊരു അദ്ഭുതമല്ലെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടത്തിനു ശേഷം ഹസാദാ മെഡിക്കല്‍ സെന്ററിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളോ പരസഹായമാവശ്യമുള്ള അവസ്ഥയോ ഹസനില്ല എന്നതും മെഡിക്കല്‍ രംഗത്തിനു വലിയ അഭിമാനമാവുകയാണ്. ഡോക്ടര്‍ ഒഹദ് ഈനവും ടീമുമാണ് ഹസന് പുതുജീവനേകിയത്.