തിരുവനന്തപുരം: കഠിനംകുളത്തും തുമ്പയിലും ശക്തമായ തിരമാലയിൽ പെട്ട് വള്ളങ്ങൾ മറിഞ്ഞു. മത്സ്യബന്ധത്തിന് പോയ 12 തൊഴിലാളികളാണ് രണ്ട് അപകടങ്ങളിലുമായി മരണക്കയത്തെ നേരിട്ടത്. ഇവരിൽ 11 പേരും നീന്തിക്കയറി. എന്നാൽ ഒരാളെ കാണാതായിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്നാണ് തുമ്പ തീരത്ത് നിന്ന് ലഭിക്കുന്ന വിവരം.കഠിനംകുളം മരിയനാട് തീരത്താണ് അപകടം നടന്നത്. മത്സ്യബന്ധന വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. വള്ളത്തിൽ 8 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അതിൽ മൂന്നു പേർക്ക് സാരമായ പരിക്കേറ്റു. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിയനാട് സ്വദേശി മൗലിയാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് രാവിലെ ആറുമണിയോടെ മറിഞ്ഞത്.തിരുവനന്തപുരം തുമ്പയിലും രാവിലെയാണ് വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്. തുമ്പ സ്വദേശി മത്സ്യത്തൊഴിലാളിയായ ഫ്രാൻസിസ് അൽഫോൺസിനെയാണ് കാണാതായത്. 65 വയസുള്ള ഫ്രാൻസിസിനായി തിരച്ചിൽ തുടരുകയാണ്. നാല് പേരാണ് അപകടം നടക്കുമ്പോൾ വള്ളത്തിലുണ്ടായത്. ഇവരിൽ ഫ്രാൻസിസ് ഒഴികെ മറ്റ് നാല് പേർക്കും നീന്തി കരയിലേക്ക് എത്താൻ സാധിച്ചു.