എം.എസ് ധോണിയുടെ ആസ്തി 1000 കോടി കടന്നു

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു ഇതിഹാസമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും അദ്ദേഹത്തിന് ആരാധകരിൽ നിന്ന് ലഭിക്കുന്ന സ്നേഹവും പിന്തുണയും ചെറുതല്ല. കളിക്കളത്തിനകത്തും പുറത്തും മികച്ച നേട്ടങ്ങൾ കൈവരിച്ച അപൂർവം താരങ്ങളിലൊരാളാണ് ധോണി. ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കളിക്കാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ധോണിയുടെ ആസ്തി 1000 കോടി കടന്നതായി റിപ്പോർട്ട്.1040 കോടി രൂപയാണ് എം.എസ് ധോണിയുടെ ആസ്തി. വ്യാപാര നിക്ഷേപക കമ്പനിയായ ‘സ്റ്റോക്ക് ഗ്രോ’ ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. സ്റ്റോക്ക് ഗ്രോ പുറത്തുവിട്ട കണക്കുകൾ പ്രകാരം, നിലവിൽ ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് 12 കോടി രൂപയാണ് ധോണിക്ക് ലഭിക്കുന്നത്. കൂടാതെ ഒരു ബ്രാൻഡ് പ്രൊമോട്ട് ചെയ്യുന്നതിന് 4 മുതൽ 6 കോടി രൂപ വരെ ഈടാക്കുന്നു. സോഷ്യൽ മീഡിയ വഴി ധോണി സമ്പാദിക്കുന്നത് രണ്ട് കോടി രൂപയാണ്. മൂന്ന് ബ്രാൻഡുകളുടെ ഉടമയായ ധോണി റിയൽ എസ്റ്റേറ്റിലും നിക്ഷേപം നടത്തിയിട്ടുണ്ട്.ധോണിക്ക് റാഞ്ചിയിൽ ഒരു ഫാം ഹൗസ് ഉണ്ട് എന്നത് മറക്കരുത്. ബൈക്ക് പ്രേമിയായ ധോണിക്ക് ഇരുചക്രവാഹനങ്ങളുടെ വൻ ശേഖരം തന്നെയുണ്ടെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തിന് നിരവധി കാറുകളും ഉണ്ട്. അതേസമയം ആസ്തിയില്‍ ധോണിക്ക് മുന്നിലാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സ്റ്റോക്ക് ഗ്രോയുടെ കണക്കനുസരിച്ച് 1,050 കോടിയാണ് കോലിയുടെ ആസ്തി. ധോനിയേക്കാള്‍ 10 കോടി കൂടുതല്‍.