എം.സി റോഡിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരുക്ക്. കേരള ഖാദി പ്രചാര സഭ സoസ്ഥാന പ്രസിഡന്റ് തിരുവനന്തപുരം പേട്ട ഐശ്വര്യ ലെയ്നിൽ കൊച്ചപ്പുറം തങ്കപ്പൻ (70), പേട്ട സ്വദേശി അജിത് (56) തിരുവനന്തപുരം മെഡിക്കൽ കോളജ് സ്വദേശി പ്രദീപ് (55) എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ ഏഴോടെ കിളിവയൽ ജംക്‌ഷന് സമീപമായിരുന്നു അപകടം.തിരുവനന്തപുരം ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു കാറിലുള്ളവർ. നിയന്ത്രണം വിട്ട കാർ റോഡിന് വലതു വശത്തെ വീടിന്റെ മതിലിനും വൈദ്യുതി തൂണിനും ഇടയിലേക്ക് ഇടിച്ചു കയറി. പിൻ സീറ്റിൽ യാത്ര ചെയ്തിരുന്ന ആളിനെ അരമണിക്കൂർ നേരത്തെ പരിശ്രമത്തിൽ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു. അടൂർ ജനറൽ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ഇവർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടി.