*കൊച്ചിയില്‍ മത്സരയോട്ടത്തിനിടെ അപകടം; കാര്‍ കത്തിനശിച്ചു*

കൊച്ചി: മത്സരയോട്ടത്തിനിടെ അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായി കത്തി നശിച്ചു. പനമ്പള്ളി നഗര്‍ പാലത്തിന് സമീപമായിരുന്നു അപകടം. അമിത വേഗതയിലായിരുന്ന തൊടുപുഴ സ്വദേശി അബ്ദുള്ളയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. പനമ്പള്ളി പാലത്തിന് സമീപം വളവ് തിരിയുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിലിടിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നു. അബ്ദുള്ളയും സുഹൃത്തും ഉടന്‍ കാറിന് പുറത്തിറങ്ങിയതോടെ അപകടം ഒഴിവായി. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. 

വൈറ്റില മുതല്‍ തേവക്കല്‍ സ്വദേശി ഷഹീറിന്റെ കാറും അബ്ദുള്ളയുടെ കാറും തമ്മിൽ മത്സര ഓട്ടത്തിലായിരുന്നു. ഇരുവരും മത്സരിച്ച് വാഹനമോടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. അപകടകരമായ വിധത്തില്‍ വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.