*"ശിവഗിരിയോടുള്ള ദേശീയപാത അധികാരികളുടെ അവഗണനയ്ക്കെതിരെ സമരം ശക്തമാക്കും"*-- *അഡ്വ. വി. ജോയി. എം. എൽ. എ*

തിരുവനന്തപുരം : ചരിത്രപ്രസിദ്ധവും ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രവുമായ ശിവഗിരിയിലേക്കും ലോകത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വർക്കലയിലേക്കുമുള്ള പ്രധാനപാത കെട്ടിയടക്കാനുള്ള ദേശീയപാത അധികാരികളുടെ നീക്കം അപലപനീയമാണെന്നും, പാരിപ്പള്ളി മുക്കടയിൽ അടിപ്പാത സാധ്യമാകുന്നത് വരെ ശക്തമായ ജനകീയ സമരവുമായി മുന്നോട്ടുപോകുമെന്നും സി.പി.ഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ. വി ജോയി എം.എൽ.എ അഭിപ്രായപ്പെട്ടു. പാരിപ്പള്ളി - വർക്കല- ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പേട്ട പാൽക്കുളങ്ങരയിലുള്ള ദേശീയപാത അതോറിറ്റിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
      നാടിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പ്രാധാന്യത്തെ അവഗണിച്ചു കൊണ്ടുള്ള ദേശീയപാത നിർമ്മാണത്തിനെതിരെ ശക്തമായ ജനകീയ ചെറുത്തുനിൽപ്പ് നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
        ദേശീയപാത നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാൻ ജനങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകും, എന്നാൽ ജനങ്ങളെയാകെ ദുരിതത്തിലാക്കുന്ന വികസന പ്രവർത്തനങ്ങളോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

        പാരിപ്പള്ളി - വർക്കല - ശിവഗിരി റോഡ് സംരക്ഷണ സമിതി ചെയർമാൻ വി. മണിലാൽ അധ്യക്ഷത വഹിച്ചു. അഡ്വ. എസ്.ആർ അനിൽകുമാർ, പാരിപ്പള്ളി വിനോദ്, ശരണ്യ സുരേഷ്, ശ്രീകുമാർ പാരിപ്പള്ളി, കെ.എസ് രാജീവ്, ഷോണി ജി.ചിറവിള, വൈ. ഷാജി എന്നിവർ സംസാരിച്ചു.
     ആർ. ജയചന്ദ്രൻ, പ്രദീപ് പാളയംകുന്ന്, ക്യാപ്റ്റൻ സതീഷ്, ഹരിലാൽ ചാവർകോട്, ചിത്രലേഖ, അനിൽ ഗോവിന്ദ്, എൻ. സതീശൻ എന്നിവർ മാർച്ചിനും ധർണ്ണ യ്ക്കും നേതൃത്വം നൽകി.