തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത്, ബസ് സ്റ്റോപ്പിൽ നിർത്തിയ കെഎസ്ആർടിസി ബസ്സിലേക്ക് കാർ ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 6.30നാണ് അപകടം നടന്നത്. കാർ ഡ്രെെവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.തിരുവനന്തപുരം ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസ് മാമം ബസ് സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിനിടെ കാർ ബസിന് പിറകിൽ ഇടിച്ചുകയറുകയായിരുന്നു. ബസിൽ കയറാനിരുന്ന രണ്ട് യാത്രക്കാരെ ഇടിച്ചതിന് ശേഷമാണ് കാർ ബസിൽ ഇടിച്ചുകയറിയത്. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രെെവർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ആറ്റിങ്ങൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഏറെ പരിശ്രമിച്ചതിന് ശേഷമാണ് ഡ്രെെവറെ പുറത്തെടുത്തത്.