കേന്ദ്രം നല്‍കുന്ന റേഷന്‍ വിതരണം ചെയ്യുമ്പോള്‍ പ്രത്യേക ബില്‍ വേണം,റേഷന്‍ മുടങ്ങുന്നത് പുതിയ പരിഷ്കാരം മൂലം

തിരുവനന്തപുരം. റേഷന്‍ വിതരണത്തിന് പുതിയ നിബന്ധന ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് കേന്ദ്രം നല്‍കുന്ന റേഷന്‍ വിതരണം ചെയ്യുമ്പോള്‍ പ്രത്യേക ബില്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ജൂണ്‍ 10നകം ഇതു നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതനുസരിച്ച് സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും റേഷന്‍ വിതരണം മുടങ്ങി.

കേന്ദ്രം നല്‍കുന്ന റേഷന്‍ വിതരണം ചെയ്യുന്നവര്‍ക്ക് റേഷന്‍ കടകളില്‍ നിന്നും പ്രത്യേക ബില്‍ നല്‍കണമെന്നാണ് സംസ്ഥാനത്തിന് നല്‍കിയ നിര്‍ദ്ദേശം. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് പ്രത്യേക ബില്‍ നല്‍കേണ്ടത്. ഇവര്‍ക്കുള്ള റേഷന്‍ വിതരണത്തിന്റെ പൂര്‍ണ ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നീക്കം. ഇരവര്‍ക്ക് നല്‍കുന്ന റേഷന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണെന്ന് വ്യക്തമാക്കാനാണ് പ്രത്യേക ബില്‍ നല്‍കുന്നത്. എന്നാല്‍ വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ബില്ലാകും നല്‍കുക. ഇതോടെ റേഷന്‍ കടകള്‍ രണ്ടു തരത്തിലുള്ള ബില്ലിംഗ് രീതിയിലേക്ക് മാറും. ജൂണ്‍ 10നകം ഇതു നടപ്പാക്കണമെന്നാണ് കേന്ദ്രം ന ല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

ഇതനുസരിച്ച് ബില്ലിംഗില്‍ മാറ്റം വരുത്താന്‍ സംസ്ഥാനം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനോട് നിര്‍ദ്ദേശിച്ചു. ഇപ്രകാരമുള്ള മാറ്റം സോഫ്റ്റ്‌വെയറില്‍ വരുത്താന്‍ തുടങ്ങിയതോടെ റേഷന്‍ വിതരണം മുടങ്ങി. പലയിടത്തും റേഷന്‍ വാങ്ങാനാകാതെ കാര്‍ഡ് ഉടമകള്‍ തിരിച്ചുപോയി. റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കിയാലുള്ള അറിയിപ്പിന് ശേഷം ഇ പോസ് മെഷീന്‍ നിശ്ചലമാകും. ഇന്നലെ മുതലാണ് റേഷന്‍ വിതരണം തടസപ്പെട്ടത്. ഇതേ തുടര്‍ന്ന് പലയിടത്തും റേഷന്‍ വിതരണം നിര്‍ത്തിവച്ചു.