നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പനിബാധിച്ച് ഒന്നര വയസുകാരി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലെത്തിയ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കഴിഞ്ഞ നാല് ദിവസമായി പനി ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.നെടുമങ്ങാട് ചേമ്പുവിള വടക്കുംകര പുത്തന്‍വീട്ടില്‍ സുജിത്-സുകന്യ ദമ്പതികളുടെ ഒന്നര വയസുള്ള മകള്‍ ആര്‍ച്ച ആണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി. ഡോക്ടര്‍മാര്‍ ദിവസേന പരിശോധ നടത്തി വീട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ കുട്ടിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മരുന്ന് നല്‍കുകയും ആവിപിടിക്കുകയും ചെയ്തു.

പതിനൊന്ന് മണിയോടെ കുട്ടി മരിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുകളും നാട്ടുകാരും ആരോപിച്ചു. ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചുകൂടി. പിന്നാലെ നെടുമങ്ങാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.