സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റ നടന്‍ പൃഥ്വിരാജിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് പരിക്കേറ്റത്. മറയൂരില്‍ വച്ച് ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് പരിക്കേറ്റത്. ഇന്നലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ജയന്‍ നമ്പ്യാര്‍ ആണ്. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നേരത്തെ സച്ചിയുടെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ സച്ചിയുടെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സഹസംവിധായകനായിരുന്നു ജയന്‍ നമ്പ്യാര്‍ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ത്രില്ലര്‍ ചിത്രത്തില്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമായാണ് പൃഥ്വി എത്തുന്നത്. വ്യത്യസ്ത ഗെറ്റപ്പിലാണ് പൃഥ്വിരാജ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അരവിന്ദ് കശ്യപ് ആണ് ചിത്രത്തിന്റ ഛായാഗ്രഹണം. രാജ്യമൊട്ടാകെ പ്രേക്ഷകരുടെ ഇഷ്‍ടം സ്വന്തമാക്കിയ 'കാന്താര'യുടെ ഛായാഗ്രാഹകനാണ് അരവിന്ദ് കശ്യപ്. ഉർവ്വശി തിയേറ്റേഴ്‍സിന്‍റെ ബാനറിൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായ സന്ദീപ് സേനൻ ആണ് നിര്‍മ്മാണം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായ 'ഭാസ്‌കരന്‍ മാഷാ'യി കോട്ടയം രമേഷ് എത്തുന്നു. പൃഥ്വിരാജിന്റെ നായികയായി പ്രിയംവദ അഭിനയിക്കുന്ന ചിത്രത്തില്‍ അനു മോഹൻ, രാജശ്രീ നായർ, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങൾ എത്തുന്നുണ്ട്. 2022 സെപ്റ്റംബര്‍ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം.