നീറ്റ് യു ജി പരീക്ഷാഫലം പ്രഖ്യാപിച്ചു; കേരളത്തിൽ നിന്നും ഒന്നാമതെത്തി കോഴിക്കോട് സ്വദേശിനി ആര്യ

ദേശിയ തലത്തിൽ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷ ഫലം പുറത്തു വന്നു. ഒന്നാം റാങ്ക് രണ്ടു പേര് ചേർന്ന് പങ്കിട്ടു, തമിഴ്നാട്, ആന്ധ്രപ്രദേശ് സ്വദേശികളാണ് 99.99% സ്‌കോറോടെ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. 20 ലക്ഷത്തിലധികം പേര് പങ്കെടുത്ത പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിരിക്കുന്നത് തമിഴ്‌നാട്ടിൽ നിന്നും പ്രബഞ്ചനും ആന്ധ്ര പ്രദേശിൽ നിന്നുമുള്ള ബോറ വരുൺ ചക്രവർത്തിയുമാണ്. ഉത്തരപ്രദേശിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം ഉള്ളത്.

കേരളത്തിൽ ഒന്നാമത് എത്തിയത് 23 ആം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി ആർ എസ് ആര്യയാണ്. പെൺകുട്ടികളുടെ റാങ്കിൽ മൂന്നാം സ്ഥാനവും ആര്യ സ്വന്തമാക്കി. 711 മാർക്ക് നേടിയാണ് ആര്യ ഈ മികച്ച വിജയം കരസ്ഥമാക്കിയത്. പോലീസ് ഉദ്യോഗസ്ഥനായ രമേശ് ബാബുവിന്റെയും ഷൈമയുടെയും മകളാണ് ആര്യ. പ്ലസ് ടു വിനു ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി പാല ബ്രില്യന്റ് കോച്ചിങ് സെന്ററില്‍ പരിശീലനം നടത്തിവരികയായിരുന്നു. മികച്ച സ്കോർ പ്രതീക്ഷിച്ചിരുന്നു എന്നും കേരളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആര്യ മാധ്യമങ്ങളോട് പറഞ്ഞു