കർണാടകയിലെ പാൽ ബ്രാൻഡായ നന്ദിനി കേരളത്തിലും വിൽപന വ്യാപകമാകുന്നു.

കർണാടകയിലെ പാൽ ബ്രാൻഡായ നന്ദിനി കേരളത്തിലും വിൽപന വ്യാപകമാകുന്നു. മിൽമയേക്കാൾ ഏഴ് രൂപയോളം കുറച്ചാണ് നന്ദിനി പാലും പാലുൽപന്നങ്ങളും കേരളത്തിൽ വിൽക്കുന്നത്. സംസ്ഥാനത്ത് ചെറിയ ഔട്ട്ലെറ്റുകളിൽ നന്ദിനി പാൽ എത്തിത്തുടങ്ങിയതോടെ വിൽപനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മിൽമ. കര്‍ണാടക കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ പാലും പാലുല്‍പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്.

കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് അതിർത്തി കടന്നുള്ള പാൽ വിൽപന നന്ദിനി വർദ്ധിപ്പിച്ചത്. കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തും തലനാടും നന്ദിനി പുതിയ ഔട്ട്‌ലറ്റുകള്‍ തുറന്നിട്ടുണ്ട്. മില്‍മയുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെയാണ് നന്ദിനി ഔട്ട്‌ലറ്റുകള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നത്.

നേരത്തെ രാജ്യത്തെ പാൽവിപണന രംഗത്തെ ഒന്നാമൻമാരായ അമുലിനെ കർണാടകത്തിൽനിന്ന് നന്ദിനി തുരത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദിനി കൂടുതൽ സംസ്ഥാനങ്ങളിൽ ഔട്ട്ലെറ്റുൾ തുറക്കുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും നന്ദിനി ഔട്ട്‌ലറ്റുകള്‍ തുറന്നിട്ടുണ്ട്. എന്നാൽ നന്ദിനിയുടെ കടന്നുവരവ് തമിഴ്നാടിനെ വലിയ രീതിയിൽ ബാധിച്ചിട്ടില്ല.