ദേ... കേരള സർക്കാരിന്‍റെ പുതിയ ഉത്തരവ്, മാലിന്യം വലിച്ചെറിയുന്നവർ കുടുങ്ങുമെന്ന് ഉറപ്പ്; കാശ് നാട്ടുകാർക്ക്!

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കുടുക്കാൻ കേരള സർക്കാരിന്‍റെ പുതിയ നീക്കം. പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കിക്കൊണ്ട് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനാണ് സർക്കാർ പദ്ധതി. മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങള്‍ നല്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് സർക്കാരിന്‍റെ നീക്കം. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയും ചെയ്തു. നിയമലംഘനം അറിയിക്കുന്ന വ്യക്തികള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി 2,500 രൂപ വരെയോ അല്ലെങ്കില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴയുടെ 25 ശതമാനമോ ആണ് പാരിതോഷികമായി ലഭിക്കുക.പൊതു ഇടങ്ങള്‍, സ്വകാര്യ സ്ഥലങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ തെളിവ് സഹിതം പൊതുജനങ്ങള്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അറിയിക്കാമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍റെ ഉത്തരവില്‍ പറയുന്നു. മാലിന്യമുക്ത കേരളം ലക്ഷ്യമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന 'മാലിന്യമുക്തം നവകേരളം' കാമ്പയിനിന്‍റെ ഭാഗമായാണ് പാരിതോഷികം നല്കുന്നത്. മാലിന്യം നിക്ഷേപിച്ച സ്ഥലം, സമയം, ഫോട്ടോ അല്ലെങ്കില്‍ വീഡിയോ ക്ലിപ്പ് എന്നിവയുള്‍പ്പെടെയുള്ള തെളിവുകളാണ് നല്കേണ്ടത്. ഇതിനായി ഒരു വാട്ട്സ്ആപ്പ് നമ്പറും ഇ-മെയില്‍ ഐഡിയും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതിന് സാക്ഷിയാകുന്നവര്‍ നിയമലംഘനം നടത്തുന്നവരേയോ അവരുടെ വാഹനങ്ങളേയോ തിരിച്ചറിയാന്‍ സഹായിക്കുന്ന തെളിവുകളുമായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയെ സമീപിക്കണം. ഇത്തരത്തില്‍ പരാതി കിട്ടിയാല്‍ ഏഴു ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിയമലംഘനം അറിയിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കുറ്റകൃത്യത്തെക്കുറിച്ച് വിവരങ്ങള്‍ നല്കുന്ന വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 30 ദിവസത്തിനുള്ളില്‍ പാരിതോഷിക തുകയെത്തും. മാലിന്യം വലിച്ചറിയുന്നതിനെതിരെയും നിയമ ലംഘനങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പാരിതോഷികം നല്കുന്നത് സംബന്ധിച്ചും ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ വ്യാപകമാക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ എല്‍എസ് ജിഐ കളുടെ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്താമെന്ന് സംസ്ഥാന പോലീസ് മേധാവി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അനധികൃതമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും കണ്ടുകെട്ടാനും എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിന് സാധിക്കും. അതുമായി ബന്ധപ്പെട്ട വ്യക്തികളെ ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനും നിയമനടപടി സ്വീകരിക്കാനും പോലീസിന്‍റെ സഹായത്തോടെ സാധിക്കുമെന്നും പഴയ ഉത്തരവില്‍ പറയുന്നു.

'മാലിന്യമുക്തം നവകേരളം' കാമ്പയിനിന്‍റെ ആദ്യഘട്ടം 2023 മാര്‍ച്ച് 13 മുതല്‍ 2023 ജൂണ്‍ 5 വരെ നടന്നു. കേരളത്തെ വൃത്തിയായും മാലിന്യമുക്തമായും നിലനിര്‍ത്താന്‍ ആരംഭിച്ച ദ്രുതകര്‍മ പദ്ധതിയുടെ ആദ്യഘട്ട ലക്ഷ്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ജൂണ്‍ 5 ന് ലോക പരിസ്ഥിതി ദിനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സംസ്ഥാനത്തുടനീളം ഹരിത സഭകള്‍ (ഹരിത അസംബ്ലികള്‍) സംഘടിപ്പിച്ചു. 2024-ഓടെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ഘട്ടങ്ങളിലായി 'മാലിന്യമുക്തം നവകേരളം' കാമ്പയിന്‍ നടത്തുന്നത്. കാമ്പയിനിന്‍റെ രണ്ടാം ഘട്ടം 2023 ഒക്ടോബര്‍ 31 ന് സമാപിക്കും.