പെട്രോളിന്റേയും ഡീസലിന്റേയും വില എണ്ണ വിതരണ കമ്പനികള്‍ കുറച്ചേക്കും. കമ്പനികള്‍ അവരുടെ നഷ്ടം ഏറെക്കുറെ നികത്തുകയും സാധാരണ നിലയിലേക്ക് അടുക്കുകയും ചെയ്തതോടെയാണ് പെട്രോള്‍, ഡീസല്‍ വില കുറക്കാനൊരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.
ത്രൈമാസ പാദങ്ങളില്‍ എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. നിലവിലെ സാഹചര്യത്തില്‍ നഷ്ടം തിരിച്ചുപിടിക്കല്‍ നടപടി എണ്ണ കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞപ്പോഴും നഷ്ടം നികത്താനെന്ന പേരിലാണ് എണ്ണ കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാതിരുന്നത്
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ ചില രാജ്യങ്ങളും എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അത് എണ്ണ വിതരത്തെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.ജൂലായ് മുതല്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു