കൊട്ടാരക്കരയില്‍ തെരുവുനായ ആക്രമണം; നിരവധി പേര്‍ക്ക് പരുക്ക്; കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലുമാകാതെ ഭീതിയില്‍ നാട്ടുകാര്‍

കൊട്ടാരക്കര എഴുകോണില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റു. രാത്രി 8.30 ഓടെയാണ് നായയുടെ ആക്രമണമുണ്ടായത്. സഹകരണബാങ്കിന് സമീപം തട്ടുകടയില്‍ ചായകുടിക്കുകയായിരുന്ന എഴുകോണ്‍ സ്വദേശി ആദിത്യനെ പിന്നില്‍ നിന്നും കടിച്ച് നായ പരിഭ്രാതി സൃഷ്ടിച്ചു. ഇതിന് ശേഷം അവിടെ തന്നെ നിന്ന നിഷാന്ത്,ജയകുമാര്‍ എന്നിവരുടെ നേരേ തിരിഞ്ഞ നായ ഇരുവരേയും കടിച്ചു.റോഡില്‍ നിന്നവരെ കടിച്ചശേഷം അവിടെ നിന്നും രക്ഷപെട്ട നായ തൊട്ടടുത്ത വീട്ട് മുറ്റത്ത് നിന്ന വീട്ടമ്മ ശാന്തയേയും ആക്രമിച്ചു. ഇവരുടെ വലതുകൈയ്ക്കാണ് നായയുടെ കടിയേറ്റത്. പട്ടിയുടെ കടിയേറ്റ നാല് പേരാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. കടിയേറ്റ മറ്റ് ചിലരെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളേയും കടിച്ചതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്. എഴുകോണ്‍ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ തെരുവ് നായയുടെ ഭീഷണി ഗുരുതരമാണെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളെ സ്‌കൂളില്‍ പോലും വിടാന്‍ പറ്റാത്ത അവസ്ഥയാണ്.കൊല്ലത്ത് രണ്ടിടങ്ങളിലാണ് ഇന്ന് തെരുവുനായ ആക്രമണം ഉണ്ടായത്. കൊട്ടാരക്കര എഴുകോണില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കുന്നത്തൂർ കാരാളിമുക്കിൽ യുവാവിനെ തെരുവ് നായ ഓടിച്ചു.
കാറിന് മുകളിൽ ചാടിക്കറിയാണ് യുവാവ് രക്ഷപ്പെട്ടത്. കാസർഗോഡ് ബേക്കലിൽ അറുപത്തഞ്ചുകാരിയായ വയോധികയാണ്‌ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ദേഹമാസകലം പരുക്കേറ്റ പുതിയകടപ്പുറത്തെ ഭാരതി കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.