പാരിപ്പള്ളി :എറണാകുളം ജില്ലയിലെ രാമമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ.പി ജോർജ് (54) ദേശിയ പാതയിൽ പാരിപ്പള്ളിയിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്നലെ രാത്രി 10.45 നായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി കോഴിക്കോട് ഫാസ്റ്റുമായി രാമമംഗലം പഞ്ചായത്തിന്റെ വാഹനം കൂട്ടിയിടിച്ചത്. ഇതോടൊപ്പം തന്നെ ബസിനു പിറകെ വന്ന നാഷണൽ പെർമിറ്റ് ലോറിയും ബസിന് പിൻ ഭാഗത്തേക്ക് ഇടിച്ചുകയറി. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇ.പി ജോർജ് മരിച്ചു. പഞ്ചായത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു. പ്രസിഡന്റിനൊപ്പം സഞ്ചരിച്ചിരുന്ന പഞ്ചായത്ത് ജീവനക്കാരായ സുരാജ്, ഷൈമോൻ, ശ്രീരാജ് എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.ബാലേറോ ഇടിയുടെ ആഘാതത്തിൽ മൂന്ന് തവണ മറിഞ്ഞു. വാഹനത്തിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. കെ എസ് ആർ ടി സി ബസ് ആറ്റിങ്ങൽ മുതൽ അമിത വേഗത്തിൽ ആയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പാരിപ്പള്ളി ഗവ.ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം രാമമംഗലത്ത് എത്തിക്കും.