അവനവഞ്ചേരി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ കാറ് ഇടിച്ച് തലക്ക് പരിക്ക്.

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന അനുശ്രീ എന്ന വിദ്യാർത്ഥിനിയെയാണ് അമിത വേഗതയിലെത്തിയ ഹ്യുണ്ടായി കാർ ഇടിച്ചു തെറിപ്പിച്ചത്. ഇടക്കോട് പള്ളിക്ക് എതിർവശത്തെ വീട്ടിലെ ദീപയുടെ മകളാണ് 11 വയസുള്ള അനുശ്രീ. ഇന്ന് വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങവെ നാലരയോടെ അവനവഞ്ചേരി ജംഗ്ഷനിൽ എത്തി സീബ്രാ ലൈൻ മുറിച്ചു കടക്കുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ കാറിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. തലക്ക് പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ഉടനടി വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചു. കുട്ടിക്ക് വിദഗ്ധ ചികിൽസ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് അടിയന്തിരമായി നഗരസഭ ആംബുലൻസിൽ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്ന വ്യക്തിയും കുട്ടിയോടൊപ്പം ആശുപത്രിയിലുണ്ട്.