‘ഞാന്‍ അജ്ഞാതനായി തന്നെയിരിക്കട്ടെ’; വിഷു ബമ്പര്‍ വിജയി സമ്മാനത്തുക വാങ്ങി മടങ്ങി; പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യം

വിഷു ബമ്പര്‍ വിജയിയെ തിരിച്ചറിഞ്ഞു. കോഴിക്കോട് സ്വദേശിയാണ് ബമ്പര്‍ നേടിയത്. ഇദ്ദേഹം സമ്മാനത്തുക കൈപ്പറ്റി. പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം ലോട്ടറി വകുപ്പിന് കത്തു നല്‍കി സാഹചര്യത്തില്‍ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. 12 കോടി രൂപയുടെ ഒന്നാം സമ്മാനമാണ് ഇദ്ദേഹം നേടിയത്. ഈ തുകയുടെ 10 ശതമാനം ഏജന്‍സി കമ്മിഷനായും 30 ശതമാനം നികുതി ഇനത്തിലും പോയ ശേഷം ബാക്കിയുള്ള 7.58 കോടി രൂപയാണ് ഇദ്ദേഹം കൈപ്പറ്റിയിരിക്കുന്നത്.VE 475588 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ലോട്ടറിയടിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒന്നാം സമ്മാനം നേടിയയാള്‍ സമ്മാനത്തുക വാങ്ങാന്‍ എത്താത്തത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ മാസം 24നായിരുന്നു ലോട്ടറിയുടെ ഫലപ്രഖ്യാപനം.