വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍; അവസാന ഘട്ട ജോലികള്‍ പുരോഗമിക്കുന്നു

സെപ്റ്റംബറില്‍ ആദ്യ കപ്പല്‍ അടുക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഇനി ശേഷിക്കുന്ന പ്രധാന ജോലികള്‍ ബെര്‍ത്ത്, ബാക്ക് യാഡ് എന്നിവ സംബന്ധിച്ചുള്ളതു മാത്രം. രണ്ടു മാസത്തിനുള്ളില്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ കൂടുതല്‍ തൊഴിലാളികളെയും സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തിയാണ് ജോലികള്‍ പുരോഗമിക്കുന്നതെന്ന് അദാനി വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതര്‍ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 300 മീറ്റര്‍ നീളമുള്ള ബെര്‍ത്ത് ആണ് സജ്ജമാവുകയെന്ന് അധികൃതര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ബെര്‍ത്ത് ചട്ടക്കൂടിനു മുകളില്‍ സ്ലാബ് സ്ഥാപിച്ചുറപ്പിക്കുന്ന ജോലിയാണ് പുരോഗമിക്കുന്നത്.

ഇതു പകുതിയിലേറെ പൂര്‍ത്തിയായി. ഈ ജോലി കൂടുതല്‍ സുഗമവും സൗകര്യപ്രദവുമായി നിര്‍വഹിക്കുന്നതിന് ഇതിനു മുകളില്‍ സജ്ജമാക്കിയിരുന്ന ലോഡ് ഔട്ട് സംവിധാനം പൊളിച്ചു നീക്കിത്തുടങ്ങി. സ്ലാബിനു മുകളില്‍ നിശ്ചിത കനത്തില്‍ കോണ്‍ക്രീറ്റ് സ്ഥാപിക്കുന്നതോടെ ബെര്‍ത്ത് സംബന്ധിയായ പ്രധാന ജോലി പൂര്‍ത്തിയാവും.

ബെര്‍ത്തിനു മുന്നിലാണ് കപ്പല്‍ അടുക്കുന്നത്. ബെര്‍ത്തും കപ്പലും തമ്മില്‍ കൂട്ടിയിടിക്കാതിരിക്കാന്‍ ഫെന്‍ഡേഴ്‌സ് എന്നറിയുന്ന സാങ്കേതിക സംവിധാനമടക്കമുള്ളവയും സ്ഥാപിക്കും. ബെര്‍ത്തിനു തൊട്ടു പിന്നിലായി സജ്ജമാകുന്ന ബാക്ക് അപ് യാഡ് ആണ് ശേഷിക്കുന്ന നിര്‍മിതിയിലെ രണ്ടാമത്തേത്. ഈയിടെ ഡ്രജിങ്ങിലൂടെ രൂപപ്പെട്ട ഈ ഭാഗത്തെ തറ ഉറപ്പാക്കാനുള്ള ജോലികളാണ് പുരോഗമിക്കുന്നത്. ഇതു പൂര്‍ത്തിയായാല്‍ മുകളില്‍ ഇന്റര്‍ലോക്ക് പാകി യാഡ് സജ്ജമാക്കും. കണ്ടെയ്‌നറുകള്‍ ഉള്‍പ്പെടെയുള്ള കയറ്റിറക്കു സാധനങ്ങള്‍ ഈ ഭാഗത്താണ് സജ്ജീകരിക്കുക. തുറമുഖത്ത് യഥേഷ്ടം ഇന്ധന ലഭ്യതയ്ക്ക് ഐഒസിയുടെ പമ്പ് നിര്‍മാണവും സമീപത്ത് പുരോഗതിയിലാണ്.

തുറമുഖത്തെത്തുന്ന കണ്ടെയ്‌നര്‍ വാഹികളായ ട്രെയിലറുകള്‍, മറ്റു യന്ത്ര സംവിധാനങ്ങള്‍ എന്നിവക്കുള്ള ഇന്ധന ലഭ്യതക്കായാണ് പമ്പ്. സെപ്റ്റംബറില്‍ ആദ്യം എത്തുന്ന കപ്പലില്‍ 8 ഷോര്‍ട് ഷിപ് ക്രെയിനുകളില്‍ ആദ്യത്തെ 3 എണ്ണം കൊണ്ടുവരുമെന്നു അധികൃതര്‍ പറഞ്ഞു. ഇതു കൂടാതെ 24 യാഡ് ക്രെയിനുകളും ഇവിടേക്ക് എത്താന്‍ സജ്ജമാണ്. കപ്പല്‍ അടുക്കാന്‍ വേണ്ട നീളത്തിലുള്ള പുലിമുട്ടു നിലവില്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.