2 മിനിറ്റ്, 13 കാറുകൾ കൈയ്യിലൂടെ കയറ്റിയിറക്കി, ശ്വാസം പിടിച്ച് നാട്ടുകാർ; റെക്കോർഡ് നേട്ടത്തിനൊരുങ്ങി യുവാവ്

തിരുവനന്തപുരം: നിരനിരയായി നിർത്തിയിട്ട കാറുകള്‍, മുന്നിൽ ആത്മവിശ്വാസത്തോടെ ഒരു യുവാവ്. പിന്നെ നടന്ന കാഴ്ച ശ്വാസം പിടിച്ച് അമ്പരപ്പോടെയാണ് കാരക്കോണത്തെ നാട്ടുകാർ നോക്കി കണ്ടത്. രണ്ട് മിനിറ്റിനുള്ളില്‍ പതിമൂന്ന് കാറുകള്‍ കൈയ്യിലൂടെ കയറ്റിയിറക്കി ആ യുവാവ്. ഇന്ത്യന്‍ ബുക്ക്‌സ് ഓഫ് റെക്കോർഡ് കൈപ്പിടിയിലൊതുക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് കാരക്കോണം സ്വദേശി രഞ്ജിത്ത്. നൂറുകണക്കിന് പേര്‍ നോക്കി നില്‍ക്കെ ഗ്രൗണ്ടില്‍ നടത്തിയ സാഹസികതയ്ക്ക് ഒടുവിൽ നിറഞ്ഞ കൈയ്യടി. രഞ്ജിത്തിന്റെ കയ്യിലൂടെ കാറുകള്‍ കയറിയിങ്ങുന്ന കാഴ്ച കണ്ട് കാണികളാകെ അമ്പരന്നു. ഇരുപത് വര്‍ഷത്തെ നിരന്തര പരിശീലനത്തിലൂടെയാണ് രജ്ഞിത്ത് റെക്കോർഡ് മോഹം പൂവണിയിക്കാനുള്ള ലക്ഷ്യത്തോടെ ഈ ശേഷി നേടിയെടുത്തത്. മുപ്പത് വര്‍ഷത്തോളം കരാട്ടെ അഭ്യസിച്ചും പരീശിലകനായും കായിക ക്ഷമതയിൽ മികവ് തെളിയിച്ച രഞ്ജിത്തിന് നൂറുക്കണക്കിന് ശിഷ്യഗണങ്ങളുണ്ട്. വിവിധ വേദികളിൽ അതിശയിപ്പിക്കുന്ന നിരവധി അഭ്യാസ പ്രകടനങ്ങളിലൂടെ പരിസര പ്രദേശങ്ങളിൽ പ്രശസ്തനാണ് രഞ്ജിത്ത്.20 ഗ്രാനൈറ്റ് പീസുകള്‍ കൈകൊണ്ടുടച്ചും മുട്ടുകൈയ്യില്‍ തേങ്ങ പൊതിച്ചും അതിവേഗം കറങ്ങിക്കൊണ്ടിരിക്കുന്ന സീലിങ് ഫാന്‍ പിടിച്ചു നിർത്തിയും ടേബിൾ ഫാൻ നാക്കുകൊണ്ടും വിരലുകള്‍ കൊണ്ടും പിടിച്ച് നിര്‍ത്തുന്നതുള്‍പ്പെടെ ഞെട്ടിപ്പിക്കുന്ന നിരവധി അഭ്യാസ പ്രകടനങ്ങളിലൂടെ രജ്ഞിത്ത് നേരത്തെ ജനശ്രദ്ധ നേടിയിരുന്നു. കരാട്ടെയെയും മറ്റു അഭ്യാസ പ്രകടനങ്ങളെയും ജീവന് തുല്യം സ്‌നേഹിക്കുന്ന രഞ്ജിത്ത് സൗജന്യമായും നിരവധി പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഓട്ടേറെ വ്യത്യസ്ഥമായ അഭ്യാസ പ്രകടനം നടത്തി കരട്ടെ ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് പുതിയൊരു റെക്കോർഡ് കൂടി കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് രഞ്ജിത്ത്.