സംസ്ഥാനത്ത് വീണ്ടും പനി മരണം; ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു, അതീവ ജാഗ്രത വേണമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാക്കി വീണ്ടും പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടക്കൽ സ്വദേശി അഖില (32) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു മരണം. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് എലിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പനി കേസുകളിൽ വർധവ് ഉണ്ടാകുമെന്ന് മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. ഡെങ്കി പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. കൊവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നും വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. കേസുകള്‍ വര്‍ധിക്കുന്നതിലല്ല, മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതാണ്. മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.