മടവൂര്‍ റേഡിയോ ജോക്കി കൊലക്കേസിലെ ഒന്നാം സാക്ഷി കൂറു മാറി

വെള്ളല്ലൂര്‍ സ്വദേശി കുട്ടനാണ് കൂറു മാറിയത്. പൊലീസ് പ്രേരണ കൊണ്ടാണ് അന്ന് സാക്ഷിമൊഴി പറഞ്ഞതെന്ന് കഴിഞ്ഞ ദിവസം സെഷന്‍സ് കോടതി വിചാരണയ്ക്കിടെ കുട്ടന്‍ പറഞ്ഞു.വിചാരണയുടെ അവസാന നാളുകളിലുള്ള മൊഴിമാറ്റത്തിന് നിയമസാധുത ഇല്ലെന്നാണ് വിലയിരുത്തല്‍. ജയിലില്‍ ഉള്‍പ്പെടെ മജിസ്‌ട്രേട്ട് സാന്നിദ്ധ്യത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ സാക്ഷിയാണ് കുട്ടന്‍. '2018 മാര്‍ച്ച് 27ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മടവൂര്‍ പടിഞ്ഞാറ്റേല ആശാഭവനില്‍ രാജേഷ് (36) മടവൂര്‍ ജംഗ്ഷനിലുള്ള തന്റെ റെക്കാഡിംഗ് സ്റ്റുഡിയോയില്‍ വച്ച് കൊല്ലപ്പെടുന്നത്. 

കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ സത്താറിന്റെ മുന്‍ ഭാര്യയും നൃത്താദ്ധ്യാപികയുമായ യുവതിയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിലേക്കു നയിച്ചത്.തന്റെ വിശ്വസ്തനായ അലിബായ് എന്ന മുഹമ്മദ് സാലിഹിനെ ഉപയോഗിച്ച് സത്താര്‍ രാജേഷിനെ വകവരുത്തുകയായിരുന്നു എന്നാണ് കേസ്. സംഭവത്തില്‍ നേരിട്ട് ഇടപെട്ടവരും പ്രതികളെ സഹായിച്ചവരുമായി മൂന്നു സ്ത്രീകളുള്‍പ്പെടെ പതിനൊന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. രാജേഷിനൊപ്പം വെള്ളല്ലൂര്‍ സ്വദേശിയായ കുട്ടനുമുണ്ടായിരുന്നു. 

കൈക്കു വെട്ടേറ്റ ഇയാള്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. കുട്ടന്റെ മൊഴി മാത്രമായിരുന്നു പൊലീസിന്റെ പിടിവള്ളി.നാലാം ദിവസം അന്വേഷണസംഘം അക്രമികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി. ഏപ്രില്‍ അഞ്ചിന് പ്രതികള്‍ക്ക് സഹായം ചെയ്ത കൊല്ലം ശക്തികുളങ്ങര കുരീപ്പുഴ ചേരിയില്‍ ബി.സനുവിനെ (33) അറസ്റ്റു ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റ് പ്രതികളെയും അവരെ സഹായിച്ചവരെയുമുള്‍പ്പെടെ പിടികൂടി. 

കൃത്യമായ ആസൂത്രണത്തോടെ ഖത്തറില്‍ നിന്ന് നാട്ടിലെത്തി കൊലപാതകം നടത്തി മടങ്ങിപ്പോയ മുഹമ്മദ് സാലിഹിനെ ഏപ്രില്‍ 10ന് നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്തു. സത്താറിന്റെ നിര്‍ദേശപ്രകാരം മുഹമ്മദ് സാലിഹ്, അപ്പുണ്ണി, തന്‍സീര്‍ എന്നിവരാണ് രാജേഷിനെ കൊലപ്പെടുത്തിയത്.അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ ഇപ്പോഴും ജയിലിലാണ്. കൊവിഡും ജഡ്ജിമാരുടെ സ്ഥലംമാറ്റവും കാരണം വിചാരണ നീണ്ടു പോവുകയായിരുന്നു.