കടകംപള്ളി വില്ലേജ് ഓഫീസിന് പുതിയ മുഖം; മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങി.

കടകംപള്ളി മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറ്റിയ കടകംപള്ളി വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍. എ നിര്‍വഹിച്ചു. കേരളത്തിലെ മാതൃക വില്ലേജ് ഓഫീസായി കടകംപള്ളി വില്ലേജ് ഓഫീസിനെ മാറ്റിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്ലാന്‍ ഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപ ചെലവഴിച്ചാണ് മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മള്‍ട്ടി നാഷണല്‍ കമ്പനികളുടെ മാതൃകയില്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് പൂര്‍ത്തികരിച്ചത് നിര്‍മിതി കേന്ദ്രമാണ്. വില്ലേജ് ഓഫീസിന് പുറമെ താലൂക്ക് സപ്ലൈ ഓഫീസും, മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആന്‍ഡ് എംപ്ലോയബിലിറ്റി സെന്ററും മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കടകംപള്ളി സ്മാര്‍ട്ട് വില്ലേജ് ഓഫീസിലേക്ക് എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, സ്‌കാനര്‍, പ്രിന്റര്‍ തുടങ്ങിയവയും വാങ്ങിയിരുന്നു.

ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. എഡിഎം അനില്‍ ജോസ് ജെ, തഹസില്‍ദാര്‍ ഷാജു എം എസ്, വില്ലേജ് ഓഫീസര്‍ കുമാര്‍ കെ, വകുപ്പുതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

 #ഒരുമയോടെtvm #orumayodetvm