ബോധപൂര്‍വം എ.ഐ. ക്യാമറ തകര്‍ത്ത സംഭവം: ഒരാള്‍ അറസ്‌റ്റില്‍ , കാര്‍ പിന്നോട്ടെടുത്തു പോസ്‌റ്റിലിടിച്ചു,

വടക്കഞ്ചേരി: വാഹനമിടിപ്പിച്ച്‌ എ.ഐ. ക്യാമറ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍. പുതുക്കോട്‌ മൈത്താക്കല്‍ വീട്ടില്‍ മുഹമ്മദിനെ(22)യാണ്‌ വടക്കഞ്ചേരി പോലീസ്‌ അറസ്‌റ്റ്‌ ചെയ്തിരിക്കുന്നത്.

വ്യാഴാഴ്‌ച രാത്രി 11 മണിയോടെ ആയക്കാട്‌ മന്ദിനു സമീപം സ്‌ഥാപിച്ച ക്യാമറയാണു വാഹനമിടിപ്പിച്ചു തകര്‍ത്തത്‌. വാഹനം ഓടിച്ചിരുന്നത്‌ മുഹമ്മദാണെന്നു പോലീസ്‌ പറഞ്ഞു. ഇയാള്‍ സഞ്ചരിച്ച വാഹനവും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും ഇനിയും പിടികൂടാനുണ്ട്‌. ഇതിനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ആയക്കാട്ടെ ഒരു കച്ചവട സ്‌ഥാപനത്തിലെ ജീവനക്കാരനാണ്‌ മുഹമ്മദ്‌. വടക്കഞ്ചേരി ഭാഗത്തേക്ക്‌ സുഹൃത്തുക്കളോടൊപ്പം ഇയാള്‍ ഇന്നോവ കാറില്‍ വരുമ്പോഴാണു സംഭവം. ക്യാമറ സ്‌ഥാപിച്ച പോസ്‌റ്റ്‌ പിന്നിട്ട്‌ 60 മീറ്ററോളം മുന്നോട്ടു പോയശേഷം വാഹനം പുറകോട്ടെടുത്ത്‌ ഇടിപ്പിക്കുകയായിരുന്നു. ക്യാമറ തകര്‍ക്കണമെന്ന ഉദ്ദേശത്തോടെ തന്നെ ബോധപൂര്‍വം ചെയ്‌ത പ്രവൃത്തിയാണിതെന്ന്‌ സിസി.ടി.വി. ദ്യശ്യങ്ങളില്‍നിന്നു വ്യക്‌തമായി.

 സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രി 9.58 നാണ്‌ ഒടുവിലത്തെ നിയമലംഘനം ഈ ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്‌. അപകടമുണ്ടായത്‌ 11 മണിയോടെയാണ്‌. സംഭവസ്‌ഥലത്തുനിന്നു കിട്ടിയ ചില്ലുകഷണങ്ങള്‍ ചേര്‍ത്തുവച്ചപ്പോള്‍ പുറകുവശത്ത്‌ സിദ്ധാര്‍ഥ്‌ എന്നെഴുതിയ ഇന്നോവയാണ്‌ അപകടം ഉണ്ടാക്കിയതെന്നു പോലീസ്‌ കണ്ടെത്തി. തുടര്‍ന്ന്‌ സമീപത്തെ സിസി.ടി.വി. ക്യാമറകള്‍ പരിശോധിച്ച്‌ ഇത്തരത്തില്‍ പേരെഴുതിയ ഇന്നോവ കടന്നുപോയിട്ടുണ്ടോ എന്നു നോക്കിയതാണ്‌ പ്രതിയിലേക്കെത്താന്‍ സഹായമായത്‌. പേര്‌ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്നലെ ഉച്ചയോടെ മുഹമ്മദിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കുന്നതാണ്.