അംബാനിയുടെ ജിയോ സിനിമയെ പൂട്ടാന്‍ ഡിസ്നി+ഹോട്സ്റ്റാര്‍; ഏഷ്യാ കപ്പും ഏകദിന ലോകകപ്പും ഇനി സൗജന്യമായി കാണാം

മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍ സൗജന്യമായി സംപ്രേഷണം ചെയ്ത് ആരാധകരെ നേടിയ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ സിനിമക്കെതിരെ പിടിച്ചു നില്‍ക്കാന്‍ പുതിയ തന്ത്രവുമായി ഡിസ്നി+ ഹോട്സ്റ്റാര്‍. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പും ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും ഹോട്‌സ്റ്റാറിലൂടെ സൗജന്യമായി സംപ്രേഷണം ചെയ്യാന്‍ ഡിസ്നി തീരുമാനിച്ചു.

കഴിഞ്ഞ സീസണിലാണ് ഐപിഎല്ലിന്‍റെ ഡിജിറ്റല്‍ സംപ്രേഷണവകാശം ഹോട്സ്റ്റാറില്‍ നിന്ന് ജിയോ സിനിമ റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കിയത്. ആദ്യമായിട്ടായിരുന്നു ഡിജിറ്റല്‍, ടിവി സംപ്രേഷണവകാശം ബിസിസിഐ വെവ്വേറെ ആയി വിറ്റത്. ടെലിവിഷന്‍ സംപ്രേഷണവകാശം ഡിസ്നിയുടെ ഉടമസ്ഥതതയിലുള്ള സ്റ്റാര്‍ സ്പോര്‍ട്സ് നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ഐപിഎല്‍ എച്ച് ഡി ക്വാളിറ്റിയില്‍ സൗജന്യമാി സംപ്രേഷണം ചെയ്ത ജിയോ സിനിമ ആരാധകരെ നേടിയതോടെയാണ് ഡിസ്നി അപകടം മണത്തത്.3.04 ബില്യണ്‍ ഡോളറിനാണ് ഐസിസി ടൂര്‍ണമെന്‍റുകളുടെ ഡിജിറ്റല്‍, ടെലിവിഷന്‍ സംപ്രേഷണവകാശം ഡിസ്നി സ്വന്തമാക്കിയിട്ടുള്ളത്. ഈ വര്‍ഷം നടക്കുന്ന പ്രധാന ഐസിസി ടൂര്‍ണമെന്‍റ് തന്നെ സൗജന്യമായി പ്രേക്ഷകരിലെത്തിച്ച് ആരാധകരെ തിരിച്ചുപിടിക്കാനാണ് ഡിസ്നി ഇപ്പോള്‍ ശ്രമിക്കുന്നത്. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഡിസ്നി+ ഹോട്‌സ്റ്റാറിലൂടെ ഏഷ്യാ കപ്പും ഏകദിന ലോകകപ്പും സൗജന്യമായി കാണാനാകുക. ലോകകപ്പും ഏഷ്യാ കപ്പും മൊബൈല്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമാക്കിയതോടെ ക്രിക്കറ്റ് കൂടുതല്‍ ജനകീയമാകുമെന്ന് ഡിസ്നി+ ഹോട്സ്റ്റാര്‍ തലവന്‍ സജിത് ശിവാനന്ദന്‍ പറഞ്ഞു.ഐപിഎല്‍ ജിയോ സിനിമയിലൂടെ സൗജന്യമായി സംപ്രേഷണം ചെയ്തപ്പോള്‍ റെക്കോര്‍ഡ് കാഴ്ചക്കാരാണുണ്ടായത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാര്‍ ഇത്തവണ ജിയോ സിനിമയിലൂടെ മത്സരം കണ്ടു. ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ഫൈനല്‍ കാണാന്‍ ഒരുസമയം രണ്ടരക്കോടിയിലിധികം ആളുകള്‍ ജിയോ സിനിമയിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഫുട്ബോള്‍ ലോകകപ്പും ജിയോ സിനിമ ഇന്ത്യയില്‍ സൗജന്യമായാണ് സംപ്രേഷണം ചെയ്തത്.