ശുദ്ധജല ക്ഷാമം രൂക്ഷമായി നേരിടുന്ന കുട്ടനാടിന് ആശ്വാസമായി നടന്‍ മോഹന്‍ലാലിന്‍റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനും ഇ.വൈ.ജി.ഡി.എസും ചേർന്ന് ജലശുദ്ധീകരണ പ്ലാന്‍റ് സ്ഥാപിച്ചു. എടത്വ ഒന്നാംവാർഡിലെ 300 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. പരിസ്ഥിതി ദിനത്തിൽ വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ മേജർ രവിയാണ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്.പ്രതിമാസം ഒൻപത് ലക്ഷം ലിറ്റർ കുടിവെള്ളം നൽകാൻ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിച്ചിരിക്കുന്നത്. ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്ന ഇലക്ട്രോണിക് കാർഡ് ഉപയോഗിച്ച് ഓരോ കുടുംബത്തിനും ആവശ്യമായ ശുദ്ധജലം പ്ലാന്റിൽ നിന്നും സൗജന്യമായി എടുക്കാം. പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റ് പ്രകൃതി സൗഹാർദ്ദമായാണ് നിർമിച്ചിരിക്കുന്നത്.
കുട്ടനാട്ടിലെ ജലത്തിൽ കണ്ടുവരുന്ന ആരോഗ്യത്തിന് ഹാനികരമായ ഇരുമ്പ്, കാൽസ്യം, ക്ലോറൈഡ് എന്നിവ നീക്കം ചെയ്യുന്നതും കോളി ഫോം, ഇ കോളി തുടങ്ങി രോഗകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കാൻ കഴിവുള്ളതുമാണ് പ്ലാന്റ്. ഗുണഭോക്താക്കൾക്കുള്ള ഇലക്ട്രോണിക് കാർഡിന്റെ വിതരണവും നടന്നു.