ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു

സംസ്ഥാന പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിലവിലെ പോലീസ് മേധാവി അനില്‍ കാന്ത് പുതിയ മേധാവിക്ക് അധികാരദണ്ഡ് കൈമാറി. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.

വൈകിട്ട് അഞ്ചു മണിയോടെ പോലീസ് ആസ്ഥാനത്തെത്തിയ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. 

സ്ഥാനമൊഴിയുന്ന ഡി.ജി.പി അനില്‍ കാന്ത് പുതിയ മേധാവിയെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ചുമതലകള്‍ ഔദ്യോഗികമായി കൈമാറിയ ശേഷം ഡി.ജി.പി അനില്‍കാന്ത് സഹപ്രവര്‍ത്തകരോട് യാത്രപറഞ്ഞു. ആചാരപരമായ രീതിയില്‍ ഡി.ജി.പിയുടെ വാഹനം കയര്‍ കെട്ടിവലിച്ച് ഗേറ്റില്‍ എത്തിച്ചാണ് പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ യാത്രയാക്കിയത്.  

#keralapolice