അടുക്കള വാതിൽ പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് മോഷ്ടിച്ചത് പണവും സ്വർണവും അടക്കം അടിച്ചു മാറ്റിയത് രണ്ടു ലക്ഷത്തി പതിനായിരം രൂപയുടെ സാധനങ്ങൾ;

 മുറ്റത്തിരുന്ന സ്കൂട്ടറും മോഷിടിച്ച് കറങ്ങിയത് അഞ്ചോളം ജില്ലകളിൽ.

 പിന്തുടർന്ന് പോലീസും ;

 ഒടുവിൽ പിടികൂടിയത് പാലോട് നിന്നും .

 പിടിയിലായത് ആറ്റിങ്ങൽ സ്വദേശി കണ്ണപ്പൻ 
എന്ന രതീഷ് .
മോഷണം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് 
ഒരു വീട്ടിലെ സാധനങ്ങൾ ഒന്നടങ്കം മോഷ്ടിച്ചു കറങ്ങിയത് വിവിധ ജില്ലകളിൽ. 
സിസിടിവി ദൃശ്യങ്ങൾ നോക്കി പിന്തുടർന്ന പൊലീസ് ഒടുവിൽ തിരുവനന്തപുരം പാലോട്
 നിന്ന് മോഷണ മുതലായ സ്‌കൂട്ടർ സഹിതം പ്രതിയെ പൊക്കി.


ആറ്റിങ്ങൽ കിഴുവലം കാക്കാട്ടുകോണം ചാരുവിള വീട്ടിൽ കണ്ണപ്പൻ 
എന്നുവിളിക്കുന്ന രതീഷാ(35)ണ്, സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന 
കീഴ്‌വായ്‌പ്പൂർ പൊലീസിന്റെ വലയിൽ കുടുങ്ങിയത്. 

കുന്നന്താനം പാമല വടശ്ശേരിൽ വീട്ടിൽ ശരത് പെരുമാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന പാമല ഈട്ടിക്കൽ
 പുത്തൻ പുരയിൽ വീട്ടുമുറ്റത്ത് നിന്നാണ് ഇയാൾ സ്‌കൂട്ടർ മോഷ്ടിച്ചത്. 
കഴിഞ്ഞമാസം 13 ന് രാത്രി എട്ടിനും പിറ്റേന്ന് രാവിലെ 6.45 നുമിടയിലുമാണ് 
മോഷണം നടത്തിയത്. വീടിന്റെ അടുക്കളവാതിൽ തകർത്ത് ഉള്ളിൽ കയറി അലമാരയിൽ 
സൂക്ഷിച്ച 28000 രൂപയും 112000 വിലവരുന്ന 20.50 ഗ്രാം സ്വർണാഭരണങ്ങളും 
മോഷ്ടിച്ചു. എന്നിട്ടാണ് സ്‌കൂട്ടർ മോഷ്ടിച്ച് അതിൽ കടന്നത്.
സ്‌കൂട്ടറിന് 70000 രൂപ വില വരും. ആകെ 210000 രൂപയുടെ നഷ്ടമുള്ളതായി 
കാണിച്ച് ശരത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 14 ന് കേസ് രജിസ്റ്റർ ചെയ്ത 
കീഴ്‌വായ്‌പ്പൂർ പൊലീസ്, ശാസ്ത്രീയ അന്വേഷണസംഘത്തിന്റെയും വിരലടയാള 
വിദഗ്ദ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ തെളിവുകൾ ശേഖരിച്ച് 
അന്വേഷണം ശക്തമാക്കുകയായിരുന്നു. തുടർന്ന്, പ്രതിക്കായി തെരച്ചിൽ 
ഊർജിതമാക്കി. മോഷ്ടിച്ച് സ്‌കൂട്ടറിൽ ഇയാൾ നേരെ കോട്ടയത്തേക്കാണ് കടന്നത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണ സംഘം മോഷ്ടാവിന്റെ പിന്നാലെ 
കൂടി. ഏറ്റുമാനൂർ, കുമാരനല്ലൂർ എന്നിവിടങ്ങൾ സഞ്ചരിച്ച മോഷ്ടാവ് കൊല്ലം 
ജില്ലയിലെ പത്തനാപുരം, അഞ്ചൽ, കുളത്തൂപ്പുഴ പ്രദേശങ്ങൾ താണ്ടി യാത്ര 
തുടർന്നു, ക്ഷമയോടെയും ആവേശത്തോടെയും പൊലീസും പിന്നാലെ കൂടി. ഒടുവിൽ 
ബുധനാഴ്ച ചിതറയിലും പരിസരങ്ങളിലും കള്ളൻ സ്‌കൂട്ടറുമായി കറങ്ങുന്നതായി 
വ്യക്തമായി. വൈകിട്ട് 4.30 ന് അവിടെയെത്തിയ അന്വേഷണ സംഘം തിരുവനന്തപുരം 
പാലോട് മോഷ്ടാവ് ഉണ്ടെന്ന് മനസ്സിലാക്കി.
തുടർന്ന് പാലോട് കാത്തു നിന്നപ്പോൾ വാഹനം മടത്തറ ഭാഗത്തേക്ക് 
ഓടിച്ചുവരുന്നതായി കണ്ടെത്തി. പിന്തുടർന്ന പൊലീസ് സംഘം മുന്നിൽ കയറി ഇയാളെ 
തടഞ്ഞു നിർത്തുകയായിരുന്നു. പതറിപ്പോയ കള്ളൻ പൊലീസിന്റെ 
ചോദ്യങ്ങൾക്കുമുന്നിൽ ഉഴറി. മറുപടികൾ എല്ലാം പരസ്പരവിരുദ്ധമായിരുന്നു. 
വാഹനത്തിന്റെ രേഖകൾ ഒന്നും കൈയിലില്ല എന്ന മറുപടിയിൽ പിടിച്ചു കയറി 
ചോദ്യങ്ങളിലൂടെ പൊലീസ് കുഴക്കിയപ്പോൾ കള്ളൻ സത്യം തുറന്നുപറയാൻ 
നിർബന്ധിതനായി.
 മൂന്നാഴ്‌ച്ച മുമ്പ് രാത്രി തിരുവല്ലയ്ക്കും 
മല്ലപ്പള്ളിക്കുമിടയിലെ ഒരു വീട്ടിൽ നിന്നും മോഷ്ടിച്ചതാണെന്ന വിവരം പ്രതി 
കൃത്യമായി പൊലീസിനോട് വെളിപ്പെടുത്തി. അവിടെവച്ചുതന്നെ വൈകിട്ട് 5.15 ന് 
അറസ്റ്റ് ചെയ്തു. സ്‌കൂട്ടർ പിടിച്ചെടുത്ത് ചിതറ പൊലീസ് സ്റ്റേഷനിൽ 
സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ കീഴ്‌വായ്‌പ്പൂർ സ്റ്റേഷനിലെത്തിച്ച് 
വിശദമായി ചോദ്യം ചെയ്യുകയും കുറ്റസമ്മതമൊഴി രേഖപ്പെടുത്തുകയും ചെയ്തു. 
വിരലടയാളമെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി.
2021 ൽ ഏനാത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസ് ഉൾപ്പെടെ നിരവധി 
മോഷണം, കവർച്ച കേസുകളിൽ പ്രതിയാണ് രതീഷ്. തിരുവനന്തപുരം ജില്ലയിലെ വിവിധ 
സ്റ്റേഷനുകളിലാണ് മറ്റ് കേസുകൾ ഉള്ളത്. ഇതിൽ ദേഹോപദ്രവമേൽപ്പിക്കൽ, 
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, മനപ്പൂർവമല്ലാത്ത നരഹത്യാശ്രമം, 
പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരായ അതിക്രമം, ലഹളയുണ്ടാക്കൽ, 
വധശ്രമം, മാരകായുധമുപയോഗിക്കൽ, സ്ഫോടകവസ്തുക്കൾ ഉപയോഗിക്കൽ തുടങ്ങിയ 
കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.