പുനലൂർ ∙ കഴിഞ്ഞ മാസം രാത്രി 27ന് രാത്രിയിലും 28ന് പുലർച്ചെയുമായി കക്കോട്ട് ഉണ്ടായ അനിഷ്ട സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പുനലൂർ നഗരസഭാ കക്കോട് വാർഡ് കൗൺസിലറായ സിപിഎമ്മിലെ അരവിന്ദാക്ഷനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. ഈ കേസിൽ മറ്റ് പ്രതികളായ സജികുമാർ, സജിൻ എന്നിവരെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു.ഇവർ മൂന്ന് പേർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു.
സിപിഎം പ്രവർത്തകർ വീടു കയറി നടത്തിയ ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ബിജെപി നേതാവ് കക്കോട് സന്തോഷ് ഭവനിൽ എസ്.സുമേഷ് പിന്നീട് ആശുപത്രിയിൽ കൊല്ലപ്പെടുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൽമുട്ടിന്റെ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിൽ തുടരുന്ന അരവിന്ദാക്ഷനെ പുനലൂർ എസ്എച്ച്ഓ ടി.രാജേഷ് കുമാർ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുനലൂർ രണ്ടാം ക്ലാസ് മജിസ്ട്രേട്ട് ലിൻഡ ഫ്ലെക്ച്വർ അരവിന്ദാക്ഷനെ റിമാൻഡ് ചെയ്തു. പ്രതി ആശുപത്രിയിലായതിനാൽ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്ന നടപടി ഇന്നോ നാളെയോ ഉണ്ടാകും.
കക്കോട് പബ്ലിക് ലൈബ്രറി വാർഷികം നടക്കുന്ന സമയത്ത് അരവിന്ദാക്ഷൻ അവിടെയുണ്ടായിരുന്ന ബിജു എന്ന ആളുമായി വാക്കുതർക്കം ഉണ്ടാവുകയും ബിജു അരവിന്ദാക്ഷനെ മർദിക്കുകയും ചെയ്തു. പിന്നീട് ഇതിനെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് ബിജെപി നേതാവായ സുമേഷിനു വീട്ടിൽ വച്ച് വെട്ടും കുത്തുമേൽക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം 3ന് വൈകിട്ടാണ് സുമേഷ് മരിച്ചത്. .
സുമേഷ് നിലവിൽ ബിജെപി പുനലൂർ ഈസ്റ്റ് ഏരിയ വൈസ് പ്രസിഡണ്ടും പുനലൂർ നഗരസഭയിലെ എൻഡിഎ സ്ഥാനാർത്ഥിയും ആയിരുന്നു. അതിനിടെ സിപിഎം കൗൺസിലർ അരവിന്ദാക്ഷനാണ് തന്നെ കുത്തിയതെന്ന സുമേഷ് മരണമൊഴി നൽകിയിട്ടുണ്ട്.
.