കോട്ടയം എരുമേലി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം; പ്രദേശത്ത് ആശങ്ക

കോട്ടയം എരുമേലി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ. ഇന്ന് പുലർച്ചെ നാലരക്ക് ശേഷമാണ് ഭൂമിക്കടിയിൽ നിന്നും രണ്ടു തവണ ഉഗ്രമായ ശബ്‍ദം ഉയർന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഉഗ്രമായ ശബ്ദമാണെന്നും ഭൂമികുലുക്കത്തിന് സമാനമായ തോന്നിയെന്നും പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ തിങ്കളഴ്ച വൈകുന്നേരം ഇതിന് സമാനമായ രീതിയിൽ രണ്ടു തവണ ഭൂമിക്കടിയിൽ നിന്നും ശബ്ദം ഉയർന്നിരുന്നു. തുടർന്ന്, വിഷയം സംസ്ഥാന ജിയോളജി വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തി. തൊട്ടടുത്ത ദിവസം പ്രദേശത്ത് വകുപ്പ് പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു. ആശങ്ക വേണ്ടെന്നും ഇനി ഇങ്ങനെയുള്ള ശബ്ദം ആവർത്തില്ലെന്നും അവർ ഉറപ്പു നൽകിയിരുന്നു.പ്രദേശത്ത് സെന്റർ ഫോർ എർത്ത് സയൻസിന്റെ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞെങ്കിലും വാഗ്‌ദാനം പാലിച്ചിട്ടില്ല. ഇതിനിടെ, ഇന്ന് വീണ്ടും ശബ്ദം കേട്ടത് ആളുകളെ പരിഭ്രാന്തിയിലാക്കി. വിഷയത്തിൽ നാട്ടുകാരുടെ ആശങ്ക അകറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. എരുമേലി വിമാനത്താവളത്തിനുള്ള നിർദിഷ്ട സ്ഥലത്തിന് കേവലം ഒരു കിലോമീറ്റർ മാത്രം അകലെയാണ് ചേനപ്പാടി എന്നും ആശങ്ക ഉണ്ടാക്കുന്നുണ്ട്.