ജീവനാംശ തുക ചോദിച്ച ഭാര്യയെ പരിഹസിക്കാന്‍ ചാക്കുകളില്‍ നാണയവുമായി ഭര്‍ത്താവ്, ചുട്ട നടപടിയുമായി കോടതി

ജയ്പൂര്‍: ജീവനാംശം തേടി ഭര്‍ത്താവിനെതിരെ കോടതയിലെത്തിയ ഭാര്യയെ പരിഹസിക്കാനുള്ള ഭര്‍ത്താവിന്‍റെ ശ്രമത്തിന് ചുട്ടമറുപടിയുമായി കോടതി. രാജസ്ഥാനിലെ ജയ്പൂർ അഡീഷണൽ ജില്ലാ കോടതിയിലാണ് വിചിത്ര സംഭവം. പതിന്നൊന്ന് മാസം ജീവനാംശമായി നല്‍കേണ്ട തുക നല്‍കാതെ വന്നതോടെയാണ് ജയ്പൂര്‍ സ്വദേശിനി സീമ കോടതിയിലെത്തിയത്. ഭര്‍ത്താവ് ദശരഥ കുമാവതിനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 17നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.ഇതോടെയാണ് ഇയാളുടെ വീട്ടുകാര്‍ നഷ്ടപരിഹാരത്തുക ഏഴ് ചാക്കുകളില്‍ നാണയ രൂപത്തില്‍ കോടതിയില്‍ എത്തിച്ചത്. വിവാഹ മോചന ഹര്‍ജി പരിഗണിക്കുന്ന സമയത്ത് മാസം തോറും സീമയ്ക്ക് 5000 രൂപ നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. നഷ്ടപരിഹാര തുക ആവശ്യപ്പെടുന്ന യുവതിയെ പരിഹസിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ചില്ലറയുമായി ദശരഥന്‍റെ വീട്ടുകാര്‍ എത്തിയത്. എന്നാല്‍ കോടതിയുടെ നടപടി അക്ഷരാര്‍ത്ഥത്തില്‍ യുവാവിന് പണിയായി എന്നു മാത്രം.
ഭാര്യക്കുള്ള ജീവനാംശം ഒരു രൂപയുടേയും രണ്ട് രൂപയുടേയും നാണയങ്ങളായി നൽകാൻ കോടതി അനുവാദം നൽകി . അമ്പത്തി അയ്യായിരം രൂപ എണ്ണിത്തിട്ടപ്പെടുത്തി നൽകാനും ഭർത്താവിനോട് കോടതി നിർദേശിച്ചു. മാത്രമല്ല ഇത്രയും തുക യുവാവ് തനിയെ ഈ പണം എണ്ണിത്തിട്ടപ്പെടുത്തണമെന്നും ആയിരം രൂപ വീതമുള്ള പാക്കറ്റുകളിലാക്കി നല്‍കണമെന്നും കോടതി വ്യക്തമാക്കി.യുവാവ് തന്നെ എണ്ണിത്തിട്ടപ്പെടുത്തി പണം കൈമാറുന്നത് വരെ നാണയങ്ങള്‍ കോടതിയുടെ കസ്റ്റഡിയില്‍ തുടരുമെന്നും കോടതി വ്യക്തമാക്കി. അടുത്ത ഹിയറിംഗ് തിയതിയായ ജൂണ്‍ 26ന് മുന്‍പ് പണം നല്‍കിയിരിക്കണമെന്നും കോടതി വ്യക്തമാക്കിയതോടെ യുവാവ് വെട്ടിലായി. നാണയം നിയമപരമായി ഉപയോഗത്തിലുള്ളതാണെന്നും അത് സ്വീകരിക്കുന്നതിന് തടസം പാടില്ലെന്നുമായിരുന്നു യുവാവിന്‍റെ വീട്ടുകാര്‍ സീമയുടെ അഭിഭാഷകനോട് വിശദമാക്കിയത്.