സ്വര്‍ണക്കടയിലെത്തിയ സ്ത്രീ സിസിടിവിക്കുമുന്നില്‍ നിന്ന് അതിവിദഗ്ധമായി രണ്ട് മാല മോഷ്ടിച്ചു

മലപ്പുറം.എന്തൊക്കെ സുരക്ഷ ഏര്‍പ്പെടുത്തിയാലും മോഷണം ശീലിച്ചവര്‍ ഇതിനെയൊക്കെ മറികടക്കുമെന്നാണ് അനുഭവം. മലപ്പുറം ചെമ്മാട്ടെ സ്വര്‍ണക്കടയിലെത്തിയ സ്ത്രീ നടത്തിയ മോഷണം ഇത്തരത്തിലാണ്. സ്വര്‍ണക്കടയില്‍ എത്തി മൂന്ന് പവന്റെ മാലകള്‍ കവര്‍ന്ന് ആണ് യുവതി മടങ്ങിയത്.

സ്വര്‍ണം വാങ്ങാന്‍ എന്ന വ്യാജേന എത്തിയ യുവതി സെയില്‍സ് മാന്‍ മാറിയ തക്കത്തിന് മാല കൈക്കലാക്കുകയായിരുന്നു. സംഭവത്തില്‍ കടയുടമ പൊലീസില്‍ പരാതി നല്‍കി.

വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. നിരവധി മാലകളുടെ മോഡലുകള്‍ സെയില്‍സ്മാന്‍ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇത്തരത്തില്‍ മാലകള്‍ എടുക്കാന്‍ സെയില്‍സ്മാന്‍ മാറിയ തക്കത്തിന് രണ്ട് സ്വര്‍ണമാലകള്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് കയ്യില്‍ കരുതിയ ബാഗിലേക്ക് സ്വര്‍ണമാല മാറ്റി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിവിദഗ്ധമായാണ് ഇവര്‍ മാലകള്‍ ബാഗിലാക്കുന്നത്. സിസിടിവി ഉണ്ടെന്നത് പരിഗണിച്ചതേയില്ല.

മോഷണത്തിന് ശേഷം സ്വര്‍ണം വാങ്ങാതെ യുവതി ജ്വല്ലറിയില്‍ നിന്നു മടങ്ങുകയായിരുന്നു. യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വര്‍ണമാലകള്‍ കാണാനില്ലെന്നു അറിയുന്നത്. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവതിയാണു മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജ്വല്ലറി ഉടമകള്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി.