തിരുവനന്തപുരത്തിനും തൃശ്ശൂരിനുമൊപ്പം എ ക്ലാസ് പരിവേഷമുള്ള ബിജെപി മണ്ഡലമാണ് ആറ്റിങ്ങൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടരലക്ഷത്തോളം വോട്ട് നേടി ബിജെപി മികച്ച പ്രകടനം കാഴ്ചവച്ച മണ്ഡലത്തിൽ അന്ന് സ്ഥാനാർത്ഥിയായത് ശോഭ സുരേന്ദ്രൻ ആയിരുന്നു. ഈഴവ വോട്ടുകൾക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശോഭയെ മാറ്റി വി മുരളീധരൻ മത്സരിക്കാനുള്ള കളം ഒരുങ്ങിക്കഴിഞ്ഞു. മോദി സർക്കാരിൻറെ ഒമ്പതാം വാർഷികത്തിൻറെ ഭാഗമായുള്ള ഗൃഹസമ്പർക്ക പരിപാടികളോടെ മണ്ഡലത്തിൽ ഓടിനടക്കുകയാണ് വി മുരളീധരൻ.
അതേസമയം, മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയ അടൂർ പ്രകാശ് രണ്ടാമൂഴം ആദ്യം ആഗ്രഹിച്ചിരുന്നില്ല. കോന്നിവഴി നിയമസഭയായിരുന്നു ഇഷ്ടം. പക്ഷേ സിറ്റിംഗ് എംപിമാർ വീണ്ടുമിറങ്ങണമെന്ന ലീഡേഴ്സ് മീറ്റ് തീരുമാനം വന്നതോടെ പ്രകാശ് വീണ്ടും ആറ്റിങ്ങലിലിറങ്ങാനാണ് സാധ്യത. പ്രകാശിനെക്കാൾ മറ്റൊരു മികച്ച സ്ഥാനാർത്ഥി കോൺഗ്രസ് ലിസ്റ്റിലില്ല. കൈവിട്ട കുത്തക മണ്ഡലം തിരിച്ചുപിടിക്കൽ സിപിഎമ്മിന് അത്യാവശ്യം. പക്ഷേ ആരെയിറക്കുമെന്നതാണ് പ്രശ്നം. മുമ്പ് പരിഗണനയിലുണ്ടായിരുന്ന എ എ റഹീം രാജ്യസഭാ അംഗമായി. പിന്നെ തുറുപ്പുചീട്ട് വി ജോയി ആണ്. വർക്കല എംഎൽഎക്ക് പുറമെ ഇപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായി. ഇനി ലോക്സഭാ സീറ്റ് കൂടി ജോയിക്ക് നൽകുമോ എന്നതാണ് അറിയേണ്ടത്. അറ്റകൈക്ക് വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിനെയും പരിഗണിക്കും.