തിരുവനന്തപുരം എസ്എംവി സ്‌കൂളില്‍ ഇനിമുതൽ പെണ്‍കുട്ടികളും പഠിക്കും. എസ്എംവി സ്‌കൂളില്‍ ഇന്ന് നാല് വിദ്യാര്‍ത്ഥിനികളാണ് എത്തിയത്. സ്‌കൂളിലെത്തിയ പെണ്‍കുട്ടികളെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഐഡി കാര്‍ഡ് നല്‍കി സ്വീകരിച്ചു. 1834ല്‍ സ്‌കൂള്‍ സ്ഥാപിതമായതിന് ശേഷം 190 വര്‍ഷം പിന്നിട്ടപ്പോഴാണ് ഇവിടെ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത്.മിക്‌സഡ് ആക്കിയതിന്റെ പ്രഖ്യാപനവും പെണ്‍കുട്ടികള്‍ക്കുള്ള പ്രവേശനോത്സവവും നടന്നു. പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ഒരു വര്‍ഷത്തോളം നീണ്ട നടപടിക്രമങ്ങള്‍ക്കു ശേഷമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് എസ്എംവിയില്‍ പെണ്‍കുട്ടികളെയും പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയത്. 5 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കുകയായിരുന്നു.