ആലപ്പുഴ: കായംകുളം എംഎസ്എം കോളേജിൽ എംകോം പ്രവേശനത്തിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ച സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഒളിവിൽ. നിഖിലിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിലിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നിഖിലിന്‍റെ ഒളിത്താവളം കണ്ടെത്താല്‍ വ്യാപക പരിശോധന നടക്കുകയാണ്. നിഖിലിന്‍റെ അടുത്ത സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കായംകുളം സ്റ്റേഷനിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്യൽ. തിങ്കളാഴ്ച ആർഷോയെ കാണാൻ നിഖിലിനൊപ്പം തിരുവനന്തപുരത്തേക്ക് പോയ ഡിവൈഎഫ്ഐ നേതാവിനെയും പൊലീസ് ചോദ്യം ചെയ്തു. പുലർച്ചെ വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ കൊണ്ടുപോയത്. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് നിഖിൽ ഒളിവിൽ പോയത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച തിരുവനന്തപുരത്താണ് നിഖിലിന്‍റെ ഫോണിന്‍റെ അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്.അതേസമയം, നിഖിൽ തോമസിന്‍റെ വ്യാജ സർട്ടിഫിക്കറ്റിൽ കലിംഗ സർവകലാശാല റായ്പുർ പൊലീസിൽ പരാതി നൽകില്ല. കേരള പൊലീസ് അന്വേഷണം മതിയെന്നാണ് തീരുമാനം. അഭിഭാഷകരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. തട്ടിപ്പ് നടന്നതും നിഖിൽ ഉള്ളതും കേരളത്തിലായതിനാല്‍ കേരള പൊലീസിനറെ അന്വേഷണമാണ് ഉചിതമെന്നും കലിംഗ സർവകലാശാല അറിയിച്ചു. പൊലീസ് കൊണ്ടുവന്നത് സർവകലാശാല സർട്ടിഫിക്കറ്റിൻ്റെ മാതൃകയിലുള്ളതാണ്. സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചത് ആരെന്ന് കണ്ടെത്തണമെന്നും അന്വേഷണം പൂർത്തിയായാൽ ഉടൻ യുജിസിക്ക് റിപ്പോർട്ട് നൽകുമെന്നും കലിംഗ രജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞു.