അഴിമതി കേസിൽ ഇഡി കസ്റ്റഡിയിലുള്ള മന്ത്രി സെന്തിൽ ബാലാജിയെ തമിഴ്നാട് ഗവർണർ ആർ.എൻ.രവി പുറത്താക്കി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി ചര്‍ച്ച നടത്താതെയാണ് ഗവര്‍ണര്‍ അസാധാരണ നീക്കം നടത്തിയത്. ഇതോടെ തമിഴ്നാട്ടിൽ ഗവർണറും സർക്കാരും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നത കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചന.കോഴക്കേസും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള ആരോപണങ്ങൾ നേരിടുന്നയാൾ മന്ത്രിസഭയിൽ തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കുമെന്നും തമിഴ്നാട് രാജ്ഭവന്റെ പത്രക്കുറിപ്പിൽ പറയുന്നു. നിലവിൽ വകുപ്പില്ലാ മന്ത്രിയായി തമിഴ്നാട് മന്ത്രിസഭയിൽ തുടരുകയായിരുന്നു സെന്തിൽ ബാലാജി.
സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂലൈ 12 വരെ നീട്ടിയിരുന്നു. വിഡിയോ കോൺഫറൻസ് വഴിയാണു ആശുപത്രിയിൽ കഴിയുന്ന സെന്തിൽ ബാലാജിയെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിക്ക് മുന്നിൽ ഇന്നലെ ഹാജരാക്കിയത്. മന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ജഡ്ജി കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. ജൂൺ 13 നാണു സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.