മദ്യം നിർമ്മിക്കുന്നതിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ഇഎൻഎ) സംഭരണം നിലവിലെ 20 ലക്ഷം ലീറ്ററിൽനിന്ന് 35 ലക്ഷം ലീറ്ററാക്കി ഉയർത്താൻ അനുമതി തേടി ജവാൻ റമ്മിന്‍റെ ഉത്പാദകരായ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് ലിമിറ്റഡ് സർക്കാരിനു കത്തു നൽകി. സർക്കാർ അനുമതി ലഭിച്ചാൽ പ്രതിദിനം 15,000 കേയ്സ് മദ്യം ഉത്പാദിപ്പിക്കാൻ കഴിയും.മൂന്നു മാസത്തിനകം ജവാന്റെ അര ലീറ്ററും ജവാൻ പ്രീമിയവും പുറത്തിറക്കാൻ ആലോചിക്കുന്നതായി കമ്പനി അധികൃതർ പറഞ്ഞു. ഒരു ലീറ്റർ കുപ്പിയാണ് ഇപ്പോൾ വിപണിയിലുള്ളത്. പുതുതായി ആരംഭിച്ച രണ്ടു ലൈനുകളിലേക്ക് ബ്ലൻഡിങ് ലൈനുകൾ കൂട്ടിച്ചേർക്കുന്ന ജോലി ബുധനാഴ്ച പൂർത്തിയാകും. 1.5 ലക്ഷം കെയ്സ് ജവാൻ റമ്മാണ് പ്രതിമാസം വിൽക്കുന്നത്.