പനി, തലവേദന, കണ്ണിനു പുറകിൽ വേദന, ശക്തിയായ പേശി വേദന, ശരീരത്തിൽ ചുവന്ന പാടുകൾ തുടങ്ങിയവ ഡെങ്കിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങളാണ്. പനിയുള്ളപ്പോൾ ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക. ഡെങ്കിപ്പനി ഉള്ള ഒരാളെ കടിക്കുന്ന കൊതുക് അതിൻറെ ജീവിതകാലം മുഴുവൻ ഇടുന്ന മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന കൊതുകുകളും രോഗവാഹകരായിരിക്കും. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുക. ലക്ഷണങ്ങൾ പറഞ്ഞ് മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്നു വാങ്ങുന്നത് പോലെയുള്ള സ്വയം ചികിത്സ ഒരു കാരണവശാലും ചെയ്യരുത്. തുടർച്ചയായ ചർദ്ദി, വയറുവേദന കറുത്ത മലം ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാവുക, രക്തസമ്മർദ്ദം താഴുക, ശ്വാസംമുട്ട് തുടങ്ങിയവ അപായ സൂചനകൾ ആണ്.
പ്രായമായവർ കുഞ്ഞുങ്ങൾ മറ്റു രോഗങ്ങൾക്ക് ചികിത്സ എടുക്കുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.
*വീടുകളിലെ ഉറവിട നശീകരണം വീഴ്ചയില്ലാതെ നടത്തുക*
എല്ലാ ഞായറാഴ്ചകളിലും അരമണിക്കൂർ സമയം കുടുംബാംഗങ്ങൾ ഒത്തുചേർന്ന് വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കാൻ ഇടയുള്ള സാഹചര്യങ്ങൾ കണ്ടെത്തി ഉറവിട നശീകരണം മുടക്കമി ല്ലാതെ നടത്തുക. രോഗം പരത്തുന്ന കൊതുകുകൾക്ക് 500 മീറ്റർ വരെ ചുറ്റളവിൽ പറന്നു സഞ്ചരിച്ച് എത്താൻ കഴിയും. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലെയും പരിസരത്തുള്ള വീടുകളിലെയും പ്രദേശങ്ങളിലെയും ഉറവിട നശീകരണം ഊർജിതമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ആഴ്ച തോറും മുട്ടകൾ വിരിഞ്ഞ് കൊതുകുകൾ പെരുകാൻ ഇടയുള്ളതിനാൽ എല്ലാ ആഴ്ചയിലും ഡ്രൈഡേ കൃത്യമായി നടത്തേണ്ടതാണ്.