എത്ര ശ്രമിച്ചിട്ടും മധുരക്കൊതി തീരുന്നില്ലേ? ‍‍ഡോക്ടർ പറയുന്നത് കേൾക്കൂ

കേക്ക്, ജിലേബി, ലഡ്ഡു, ഐസ്ക്രീം ഇങ്ങനെ ഏത് ഭക്ഷണങ്ങൾ കണ്ടാലും കഴിക്കാൻ തോന്നുന്നവരാണ് നമ്മളിൽ അധികം പേരും.അതായത് മധുര ഭക്ഷണങ്ങളോട് ചിലർക്ക് അമിത താൽപര്യം പ്രകടിപ്പിക്കുന്നതായി കാണാം.വിശപ്പില്ലാത്ത സമയമാണെങ്കിലും ചിലപ്പോൾ മധുരത്തോട് താൽപര്യം തോന്നും.

ചിലർക്കിത് പാരമ്പര്യമായി ഉണ്ടാകുന്ന അവസ്ഥയാകും. ഭക്ഷണം കഴിഞ്ഞാൽ മധുരം കഴിച്ചേ തീരൂ എന്നുള്ളവരുണ്ടായിരിക്കും. മധുരത്തോടുള്ള ആസക്തി എങ്ങനെ കുറയ്ക്കാമെന്നതിനെ സംബന്ധിച്ച് തിരുവനന്തപുരം പേട്ടയിലെ ഹോമിയോപതിക് ഫിസിഷ്യൻ & ക്ലിനിക്കൽ ന്യൂട്രിഷനീസ്റ്റ് ഡോ. രാജേഷ് കുമാർ എൻ.എസ് പറയുന്നു.

‘മധുരത്തോടുള്ള ആസക്തി ഉണ്ടാകാനായി പ്രധാനമായി മൂന്ന് കാരണങ്ങളുണ്ട്. ഒന്നാമതായി പഞ്ചസാര ശരീരത്തിലെക്കെത്തുന്ന സമയത്ത് തലച്ചോറിലേക്ക് സന്തോഷം നൽകുന്ന സെറോടോണിൻ (serotonin) എന്ന ഹോർമോണിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു. അതായത്, മധുരം കഴിക്കുന്ന സമയത്ത് നമ്മുടെ തലച്ചോറിൽ സന്തോഷത്തിന്റെ സെറോടോണിൻ ഹോർമോൺ ഉണ്ടാവുകയും കൂടുതൽ സന്തോഷത്തിലാവുകയും ചെയ്യുന്നു. പലപ്പോഴും അമിതമായി ടെൻഷൻ ഉള്ള സമയത്ത് അല്ലെങ്കിൽ മാനസിക പിരിമുറുക്കം അനുഭവപ്പെടുന്ന സമയത്തും ദേഷ്യമുള്ള സമയത്തൊക്കെ തന്നെ ഇതെല്ലാം കുറയ്ക്കുന്നതിന് വേണ്ടിയിട്ട് മധുരം കഴിക്കണമെന്ന തോന്നൽ ഉണ്ടാകാം. രണ്ടാമാത്തെ കാരണം, പലർക്കും വിശന്നിരിക്കുന്ന സമയത്ത് മറ്റ് ഭക്ഷണങ്ങളൊന്നും കിട്ടിയില്ലെങ്കിൽ കിട്ടുന്ന മധുരമുള്ള ഭക്ഷണം അമിതമായി കഴിക്കാനുള്ള തോന്നൽ ഉണ്ടാക്കാം. മൂന്നാമത്തെ കാരണം, നമ്മുടെ കുടലിൽ ജീവിക്കുന്ന അപകടകാരികളായിട്ടുള്ള ബാക്ടീരിയകളുടെ അളവ് വർദ്ധിച്ചാലും മധുരം അമിതമായി കഴിക്കാൻ തോന്നാം. അപകടകരമായ ബാക്ടീരികൾ വളർന്ന് കഴിഞ്ഞാൽ വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാം…’ – ഡോ.രാജേഷ് പറയുന്നു.

‘മധുരത്തോട് അമിത ആസക്തിയുള്ള ആളുകളിൽ ഒരു ദിവസം നേരിട്ട പഞ്ചസാരയായിട്ടോ അല്ലാതെയോ ശരീരത്തിലെത്തുന്ന പഞ്ചസാരയുടെ അളവ് എന്ന് പറയുന്നത് 17 ടീസ്പൂൺ ആണെന്നാണ് പഠനങ്ങൾ പറയുന്നത്. അത് കൊണ്ട് തന്നെ ഒരാൾ 17 സ്പൂൺ പഞ്ചസാര എന്നുള്ള അഞ്ച് സ്പൂണായി നിയന്ത്രിച്ച് നിർത്തിയാൽ തന്നെ പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം തുടങ്ങിയ രോ​ഗങ്ങൾ അകറ്റാനാകും… ‘- ഡോ.രാജേഷ് പറ‌ഞ്ഞു.