തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തിലും സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരമില്ല. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യപകര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ, ഉച്ചഭക്ഷണം നല്‍കാനായി സ്വന്തം കൈയില്‍ നിന്നും പണം മുടക്കി കടക്കെണിയിലായിരിക്കുകയാണ് പ്രധാനാധ്യാപകര്‍.
വിദ്യാഭ്യാസ മന്ത്രി മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്ക് നിവേദനം നൽകിയിട്ടും, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് നല്‍കേണ്ട തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഉച്ചഭക്ഷണത്തിനായി സര്‍ക്കാര്‍ നല്കുന്ന തുക വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് ഈ ആഴ്ച പരിഗണിച്ചേക്കും.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് നല്‍കേണ്ട തുക 2016 ലാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. ഉച്ചഭക്ഷണവിതരണത്തിന്‍റെ മുഴുവന്‍ ചുമതലയും പ്രധാനാധ്യാപകർക്കും. 150 കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഒരു കുട്ടിക്ക് എട്ടു രൂപയാണ് അനുവദിച്ചിരിക്കുന്നത്. 500 കുട്ടികള്‍ പഠിക്കുന്ന സ്കൂളിലാണെങ്കില്‍ ഒരു കുട്ടിക്ക് ഏഴു രൂപ. അതിനു മുകളില്‍ കുട്ടികളുണ്ടെങ്കില്‍ ആറു രൂപയും. ഈ തുക കൊണ്ട് ഉച്ചഭക്ഷണം മാത്രമല്ല ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയും നല്‍കണം. വില വര്‍ധന രൂക്ഷമായ സാഹചര്യത്തില്‍ ഇതെങ്ങനെ സാധ്യമാകുമെന്നാണ് പ്രധാനാധ്യാപകര്‍ ചോദിക്കുന്നത്. പ്രധാനാധ്യാപകര്‍ ചോദിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ചില സ്കൂളുകള്‍ മുട്ടയും പാലും വിതരണം ചെയ്യുന്നത് നിര്‍ത്തിയിട്ടുണ്ട്. ഉച്ചഭക്ഷണ വിതരണത്തിന്‍റെ ചുമതലയില്‍ നിന്നും മാറ്റണമെന്ന ആവശ്യവും പ്രധാനാധ്യാപകര്‍ ഉയർത്തുന്നു. അക്കാദിക് കാര്യങ്ങള്‍ക്ക് സമയം കിട്ടുന്നില്ലെന്നാണ് ആക്ഷേപം.