വിദ്യാലയങ്ങളിൽ ആരോഗ്യകരമായ പഠനാന്തരീക്ഷം നിലനിർത്തുന്നതിൽ ശുചിത്വത്തിന് പ്രധാന പങ്കുണ്ടെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി.

വിദ്യാലയങ്ങളിൽ ആരോഗ്യകരമായ പഠനാന്തരീക്ഷം നിലനിർത്തുന്നതിൽ ശുചിത്വത്തിന് പ്രധാന പങ്കുണ്ടെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. പകർച്ചവ്യാധിക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങളിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെയും ആരോഗ്യ അസംബ്ലിയുടെയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൃത്തിയുള്ള സ്‌കൂൾ ക്യാമ്പസ് മികച്ച ആരോഗ്യശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ശുചിത്വം പാലിക്കുന്നത് വിദ്യാർത്ഥികളിൽ അച്ചടക്കവും ഉത്തരവാദിത്തബോധവും പരിസ്ഥിതിബോധവും വളർത്തും. ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ വിദ്യാർത്ഥികളിൽ ഉടമസ്ഥതാബോധം, പരിസ്ഥിതിയോടുള്ള ആദരവ്, സംഘടനാ മികവ്, ശുചിത്വ ശീലങ്ങൾ എന്നിവ വികസിക്കും. വൃത്തിയായി പരിപാലിക്കപ്പെടുന്ന ക്യാമ്പസുകൾ മികവും പ്രൊഫഷണലിസവും പ്രതിഫലിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ശുചിത്വം ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ ശീലമാകണമെന്നും ഇതിലൂടെ ഒരു തലമുറ തന്നെ ശുചിത്വ സംസ്‌കാരത്തിന്റെ പതാകവാഹകരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാമ്പസുകൾ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമാണ് ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം പദ്ധതി. ഇത് ഒരു ദിവസത്തെ പദ്ധതിയല്ലെന്നും വർഷം മുഴുവൻ നീണ്ട് നിൽക്കുമെന്നും മന്ത്രി അറിയിച്ചു. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിനുള്ള സാഹചര്യം സ്‌കൂൾ ക്യമ്പസുകളിലൊരുക്കണം. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ക്ഷേമത്തിന് ശുചിത്വം പ്രധാനമാണെന്നും വൃത്തിയുള്ളതും ശുചിത്വമുള്ളതുമായ അന്തരീക്ഷം സമ്മർദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും മനോവീര്യവും വർധിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ശുചീകരണയജ്ഞം സമൂഹമാകെ ഏറ്റെടുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. 
പനി പടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാലയങ്ങളിൽ ശുചീകരണയജ്ഞവും ആരോഗ്യ അസംബ്ലിയും സംഘടിപ്പിച്ചത്. ശനിയാഴ്ച എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. 
വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനായിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജമീല ശ്രീധർ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റീന കെ.എസ്, പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഷാനവാസ്.എസ്, സ്‌കൂൾ പ്രിൻസിപ്പാൾ ബിന്ദു ശിവദാസ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.