യുപിഐ ഇടപാടുകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ സർവസാധാരണമാണ്. നാട്ടിൻപുറത്തും നഗരപ്രദേശങ്ങളിലുമുള്ള മിക്ക ആളുകളും പ്രായഭേദമന്യേ യുപിഐ ഇടപാടുകൾ നടത്തുന്നുണ്ട്. മിക്ക യുപിഐ സേവനങ്ങളും ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനാൽ ചെറിയ സാധനങ്ങൾ വാങ്ങുന്നതിന് മുതൽ വലിയ ഇടപാടുകൾക്ക് വരെ യുപിഐയെ ആശ്രയിക്കുന്നവരുണ്ട്. എന്നാൽ ഇപ്പോഴിതാ ഓരോ ദിവസവും ഇടപാടുകൾ നടത്തുന്നതിനുള്ള പരിധി നിശ്ചയിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ യുപിഐ സേവനദാതാക്കൾ.
ഗൂഗിൾ പേ (GPay), ഫോൺ പേ (PhonePe), ആമസോൺ പേ (Amazon Pay), പേടിഎം (Paytm) തുടങ്ങിയ എല്ലാ കമ്പനികളും ഇടപാടുകൾ നടത്തുന്നതിനുള്ള പരിധി നിശ്ചയിച്ചിട്ടുണ്ട്. പരമാവധി അയക്കാവുന്ന പണവും, ഒരു തവണ അയക്കാവുന്ന പണവും, മണിക്കൂറിൽ അയക്കാവുന്ന പണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. രാജ്യത്തെ കോടിക്കണക്കിന് യുപിഐ ഉപയോക്താക്കളെ ബാധിക്കുന്നതാണ് കമ്പനികളുടെ ഈ പുതിയ തീരുമാനം. എൻപിസിഐ നിന്ന് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി.
_ഓരോ ദിവസവും എത്ര ഇടപാട് നടത്താം?_
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇപ്പോൾ നിങ്ങൾക്ക് യുപിഐ വഴി പ്രതിദിനം ഒരു ലക്ഷം രൂപ വരെ മാത്രമേ ഇടപാട് നടത്താൻ കഴിയൂ. അതേസമയം, ചില ചെറുകിട ബാങ്കുകൾ ഈ പരിധി 25,000 വരെ നിശ്ചയിച്ചിട്ടുണ്ട്. ഏത് ആപ്പ് വഴിയാണ് നിങ്ങൾക്ക് ദിവസവും എത്ര ഇടപാട് നടത്താനാകുന്നതെന്ന് നോക്കാം.
*ആമസോൺ പേ*
ആമസോൺ പേ യുപിഐ വഴിയുള്ള പേയ്‌മെന്റിന്റെ പരമാവധി പരിധി 1,00,000 രൂപയായി നിശ്ചയിച്ചു. ആമസോൺ പേ യുപിഐയിൽ രജിസ്റ്റർ ചെയ്ത ശേഷം, ആദ്യ 24 മണിക്കൂറിനുള്ളിൽ ഉപയോക്താവിന് 5000 രൂപ വരെ മാത്രമേ ഇടപാട് നടത്താൻ കഴിയൂ. അതേസമയം, ബാങ്കിന്റെ അടിസ്ഥാനത്തിൽ എല്ലാ ദിവസവും നടത്താവുന്ന ഇടപാടുകളുടെ എണ്ണം 20 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
*പേടിഎം.*
ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യാൻ പേടിഎം നിങ്ങളെ അനുവദിക്കുന്നു. ഒരു വ്യക്തിക്ക് യുപിഐ വഴി മണിക്കൂറിൽ 20,000 രൂപ വരെ പേടിഎം ഇടപാടുകൾ നടത്താം. ഒരു മണിക്കൂറിൽ പരമാവധി അഞ്ച് ഇടപാടുകളും ഒരു ദിവസം പരമാവധി 20 ഇടപാടുകളും എന്ന പരിധിയും പേടിഎം മുന്നോട്ട് വെച്ചിട്ടുണ്ട്.
*ഫോൺപേ*
ഫോൺപേ പ്രതിദിന യുപിഐ ഇടപാട് പരിധി 1,00,000 രൂപയായി നിശ്ചയിച്ചു. കൂടാതെ, ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒരു വ്യക്തിക്ക് ഫോൺപേ യുപിഐ വഴി പ്രതിദിനം പരമാവധി 10 അല്ലെങ്കിൽ 20 ഇടപാടുകൾ നടത്താനാകും.
*ഗൂഗിൾ പേ*
ഗൂഗിൾ പേ അല്ലെങ്കിൽ ജി പേ എല്ലാ യുപിഐ ആപ്പുകളിലും ബാങ്ക് അക്കൗണ്ടുകളിലുമായി മൊത്തം 10 ഇടപാടുകളുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഒരു ദിവസം 10 ഇടപാടുകൾ മാത്രമേ ചെയ്യാൻ കഴിയൂ. ഇങ്ങനെ പ്രതിദിനം ഒരു ലക്ഷം രൂപ വരെ ഇടപാടുകൾ നടത്താനാകും.
ഗൂഗിൾ പേ, ഫോൺ പേ എന്നിവയിൽ മണിക്കൂർ പരിധി നിശ്ചയിച്ചിട്ടില്ല.