വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ പരാതികൾ അറിയാനും സ്വാശ്രയസ്ഥാപനങ്ങളടക്കം എല്ലാ കോളേജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും പ്രത്യേക സെൽ തുടങ്ങാൻ സർക്കാർ ഉത്തരവ്. ഒരുമാസത്തിനകം തന്നെ സെൽ രൂപികരിക്കണം എന്നാണ് ഉത്തരവിൽ പറയുന്നത്. വിദ്യാർഥി, അധ്യാപകർ, പി.ടി.എ എന്നിവർ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിക്കേണ്ടത്. സമിതിയിലേക്കുള്ള വിദ്യാർഥികളെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനൊപ്പം തന്നെ തിരഞ്ഞെടുക്കും. ഇതിനായി നിയമഭേദഗതി വരും.നിയമം ലംഘിച്ചാൽ കോളേജുകളുടെ അഫിലിയേഷൻ റദ്ദാക്കും. സഹായധനം പിൻവലിക്കൽ, കോഴ്‌സുകൾ വിലക്കൽ തുടങ്ങിയ നടപടികളാണ് കോളേജിന് നേരെ സ്വീകരിക്കുക. ‘വിദ്യാർഥികളുടെ അവകാശപത്രിക’ ഉടൻ പുറത്തിറക്കും. സെൽ അംഗങ്ങളുടെ പേരും നമ്പറും സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മേൽനോട്ടത്തിന് സർവകലാശാലകളിൽ പ്രത്യേക ഉദ്യോഗസ്ഥനുണ്ടാവും.സ്വാശ്രയ കോളേജുകളിൽ കൗൺസലിങ് സേവനം വിദ്യാർഥികളുടെ അവകാശമാക്കും. വിദ്യാർഥികളെ ഭീഷണിപ്പെടുത്താനും നിലയ്ക്കുനിർത്താനുമുള്ള മാർഗമായി ഇന്റേണൽ മാർക്ക് ഉപയോഗിക്കരുത്. അതിനു കൃത്യമായി മാനദണ്ഡമുണ്ടാക്കാൻ സർവകലാശാലകളോട് ആവശ്യപ്പെടും. ഇവയെല്ലാം ഉറപ്പുവരുത്തുകയും ഇതിനെതിരെ എന്തെങ്കിലും ലംഘനം ഉണ്ടായാൽ സെല്ലിൽ പരാതി നൽകാം.
പ്രവേശനമാനദണ്ഡങ്ങളുടെ ലംഘനം, രേഖകളും സർട്ടിഫിക്കറ്റും തടഞ്ഞുവെക്കൽ, അധികഫീസ്, അടിസ്ഥാനസൗകര്യങ്ങളുടെ കുറവ്, പരീക്ഷാപരാതികൾ, ജാതി-ലിംഗ-മത-സാമൂഹിക-ഭിന്നശേഷി വിവേചനം, അധ്യാപകർ, സഹപാഠികൾ, ജീവനക്കാർ എന്നിവരിൽനിന്നുള്ള മാനസിക-ശാരീരികപീഡനം, ഏതെങ്കിലുംതരത്തിലുള്ള ഇരവത്കരണം എന്നിവയ്ക്കെതിരെ പരാതിപ്പെടാം. നിയമമനുസരിച്ചുള്ള ലഭിക്കേണ്ട ക്ലാസും ട്യൂട്ടോറിയലും ഇല്ലെങ്കിലും പരാതിപ്പെടാം.